ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തിരുവനന്തപുരത്ത് എത്തും; പ്രതിഷേധത്തിന് എസ്എഫ്ഐ, നാളെ മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചടങ്ങിൽ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തിരുവനന്തപുരത്ത് എത്തും; പ്രതിഷേധത്തിന് എസ്എഫ്ഐ, നാളെ മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചടങ്ങിൽ
തിരുവനന്തപുരം: ഡൽഹിയിലുള്ള കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. വിവിധ കാര്യങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ പോര് തുടരുന്നതിനിടെയാണ് ഗവർണർ വീണ്ടും തലസ്ഥാനത്ത് എത്തുന്നത്. നാളെ നടക്കുന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുക്കും, അതേസമയം ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐയുടെ അറിയിപ്പ്. ഗവർണർ തിരിച്ചെത്തുമ്പോൾ പ്രതിഷേധത്തിന് സാധ്യതയുണ്ട്.
കേരള സർവകലാശാല സിൻണ്ടിക്കേറ്റ് യോഗം ഇന്ന് ചേരും. സർവകലാശാല കവാടത്തിലെ ബാനറിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ഇന്നത്തെ യോഗം. ഇത് യോഗത്തിൽ ചർച്ചയാകും. ഗവർണർക്കെതിരായ ബാനർ നീക്കണമെന്നാണ് വിസിയുടെ ആവശ്യം. എന്നാൽ ബാനർ നീക്കാനാകില്ലെന്നും, ഇത് വിദ്യാർത്ഥികളുടെ അഭിപ്രായസ്വാതന്ത്ര്യമെന്നുമാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം.
അതേസമയം, നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ, മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് വേണ്ടി സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ആവശ്യമുന്നയിച്ചതോടെയാണ് വകുപ്പ് മാറ്റം ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നത്. ഗണേഷ് കുമാറിന് പുറമെ കടന്നപ്പള്ളി രാമചന്ദ്രനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."