പൊലിസ് മര്‍ദനത്തില്‍ പരുക്കേറ്റ സുരേഷിനെ പന്ന്യന്‍ രവീന്ദ്രന്‍ സന്ദര്‍ശിച്ചു
കൊച്ചി: പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സുരേഷിനെ സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നരയോടെയാണ് എറണാകുളം ഇ.എസ്.ഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇടക്കൊച്ചി കേളമംഗലത്ത് ഹൗസില്‍ സുരേഷിനെ കാണാന്‍ പന്ന്യന്‍ എത്തിയത്.
പൊലിസ് ലോക്കപ്പ് മര്‍ദനമെന്നത് ഇടത് ജനാധിപത്യമുന്നണിയുടെ നയമല്ലെന്ന് പന്ന്യന്‍ പറഞ്ഞു. നിയമവിരുദ്ധമായ നടപടി സ്വീകരിക്കാന്‍ പൊലിസിന് അനുവാദമില്ല. കുറ്റം ചെയ്തവരെ ശിക്ഷിക്കേണ്ടത് കോടതിയാണ്. ഇക്കാര്യത്തില്‍ പൊലിസിന് വീഴ്ച പറ്റിയെന്നും പന്ന്യന്‍ പറഞ്ഞു. ലോക്കല്‍ മര്‍ദ്ദനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ ജില്ലാസെക്രട്ടറി പി രാജു പറഞ്ഞു. എത്ര ഉന്നത പൊലിസുകാരനായാലും ഇത്തരം പ്രാകൃത പൊലീസ് നടപടി അംഗീകരിക്കാനാവില്ല.
ദേശീയ കൗണ്‍സിലംഗം കമലാസദാനന്ദന്‍, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് ടി.സി സഞ്ജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐലന്റ് പോര്‍ട്ട് കേന്ദ്രീയ വിദ്യാലയത്തിലെ ബസ് ഡ്രൈവറായിരുന്ന സുരേഷിനെ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ പൊലിസ് പിടികൂടി മര്‍ദിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഒന്നരമാസത്തിലധികമായി സുരേഷ് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സുരേഷിനെ കാണാന്‍ വി.എസ് അച്യുതാനന്ദനും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."