കെ.എസ്.ആര്‍.ടി.സി ശമ്പള പരിഷ്‌കരണം: എം.ഡി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല,പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് യൂനിയന്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് എം.ഡി വിളിച്ചുചേര്‍ത്ത യോഗം പരാജയം. യോഗത്തില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്ന് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി യൂനിയനുകള്‍ അറിയിച്ചു.
പ്രതിപക്ഷ ട്രേഡ് യൂനിയനായ ടിഡിഎഫ് നവംബര്‍ 5 , 6 തിയതികളിലും എംപ്‌ളോയീസ് സംഘ് നവംബര്‍ 5 നും പണിമുടക്കും. ഭരാണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ധനമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ബുധനാഴ്ച ചര്‍ച്ച നടത്തും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്. ഒക്ടോബര്‍ മാസം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴും കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല. പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും മൂന്നുമാസത്തെ കുടിശികയുണ്ട്. ഇത് ലഭിക്കാതെ തുടര്‍ന്ന് പെന്‍ഷന്‍ നല്‍കാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
പത്തുവര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."