ഉദ്ദേശിച്ചത് പക്വതയില്ലാത്ത പെരുമാറ്റമെന്ന്; മേയര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു: കെ. മുരളീധരന്
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന് എം.പി. മേയര്‍ക്ക് മാനസികമായി വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് മുരളീധരന് പറഞ്ഞത്.
താന്‍ ഉദ്ദേശിച്ചത് പക്വതയില്ലാത്ത പെരുമാറ്റമെന്നാണ്. ആ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. അപക്വമായി പെരുമാറുന്ന മേയറുടെ നടപടികള്‍ക്കെതിരേ വിമര്‍ശനം തുടരുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
തന്റെ പ്രസ്താവന കൊണ്ട് സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഒരു മാനസിക പ്രയാസം ഉണ്ടാവാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ചൂണ്ടിക്കാട്ടിയ തെറ്റുകളില്‍ ഉറച്ചുനില്‍ക്കുന്നു. പക്ഷേ വ്യക്തിപരമായി മേയര്‍ക്ക് എതിരായി അധിക്ഷേപം ചൊരിഞ്ഞു എന്ന തോന്നലുണ്ടെങ്കില്‍ അതിലെനിക്ക് ഖേദമുണ്ട്. സൗന്ദര്യം ഉണ്ട് എന്ന് പറയുന്നതില്‍ അശ്ലീലം ഉണ്ടെന്ന് കരുതുന്നില്ല. ആനാവൂര്‍ നാഗപ്പനും ഡി.വൈ.എഫ്.ഐയും തനിക്ക് സര്‍ട്ടിഫിക്കേറ്റ് തരേണ്ട ആവശ്യമില്ല. ശരീരത്തിന്റെ സൗന്ദര്യം വാക്കുകളില്‍ ഇല്ല എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഖേദിക്കുന്നതില്‍ ഒരു അഭിമാന പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവാദ പരാമര്‍ശത്തില്‍ മുരളീധരനെതിരെ ആര്യ രാജേന്ദ്രന് പൊലിസില്‍ പരാതി നല്കി. മ്യൂസിയം പൊലിസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."