പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: നിബന്ധന സ്വാശ്രയസ്‌കൂളുകളില്‍ ചേര്‍ന്ന കുട്ടികള്‍ക്ക് തിരിച്ചടിയാവുന്നു
ടി. മുംതാസ്
കോഴിക്കോട്: അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ കഴിയില്ലെന്ന നിബന്ധന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്നു. ഫുള്‍സ് എപ്ലസ് നേടിയിട്ടും ഫസ്റ്റ് അലോട്ട്‌മെന്റിലും സെക്കന്റ് അലോട്ട്‌മെന്റിലും സെലക്ഷന്‍ ലഭിക്കാതെ വന്നതോടെ ഒരിടത്തും സീറ്റുകള്‍ കിട്ടാതായിപ്പോവുമോ എന്ന ഭയത്തില്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ചേര്‍ന്ന വിദ്യാര്‍ഥികളാണ് മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കാന്‍ കഴിയാതെ വെട്ടിലായത്.
ഇതോടെ ഉയര്‍ന്ന ഗ്രേഡ് വാങ്ങിയിട്ടും വന്‍തുക ഫീസ് നല്‍കി അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടിരിക്കുകയാണ് ഈ വിദ്യാര്‍ഥികള്‍.
മാത്രമല്ല സ്‌കൂള്‍ കോമ്പിനേഷനും ട്രാന്‍സ്ഫറും പരിഗണിക്കുന്നതിനു മുമ്പ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുന്നതും നിലവില്‍ സ്‌കൂളും ഓപ്ഷനും മാറാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് വെല്ലുവിളിയാവും. ഫുള്‍ എ പ്ലസ് നേടിയിട്ടും ഭൂരിഭാഗം കുട്ടികള്‍ക്കും ആഗ്രഹിച്ച ഗ്രൂപ്പില്‍ അഡ്മിഷന്‍ കിട്ടിയിട്ടില്ല. ഫസ്റ്റ് ഓപ്ഷനില്‍ ലഭിക്കാതെ അവസാന ഓപ്ഷനിലാണ് മിക്ക വിദ്യാര്‍ഥികള്‍ക്കും ലഭിച്ചിക്കുന്നത്. സപ്ലിമെന്ററി അലോട്ട്‌മെന്റിന് മുമ്പ് സ്‌കൂള്‍ കോമ്പിനേഷനും ടാന്‍സ്ഫറും പരിഗണിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്ന് അധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.
മൂന്നു വര്‍ഷം മുമ്പ് വരെ ഈ രീതിയിലായിരുന്നു പ്രേവേശനം നടന്നിരുന്നത്. പക്ഷേ നിലവിലെ പോസ്‌പെക്ടസ് അനുസരിച്ചു ഒഴിവുള്ള സീറ്റിലേക്ക് ഇതുവരെ അഡ്മിഷന്‍ കിട്ടാത്ത കുട്ടികളെയാണ് പരിഗണിക്കുക. അതോടെ ആ സീറ്റുകള്‍ നികത്തപ്പെടുകയും ആദ്യം അഡ്മിഷന്‍ നേടിപ്പോയി എന്ന കാരണത്താല്‍ താല്‍പര്യം കുറഞ്ഞ വിഷയത്തിലും സ്‌കൂളിലും പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാക്കപ്പെടുകയും ചെയ്യും.
മാത്രമല്ല അലോട്ട്‌മെന്റിലെ അശാസ്ത്രീയത സ്‌കൂള്‍ അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ വിനയാവുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള അശാസ്ത്രീയതകാരണമാണ് ഫുള്‍ പ്ലസ് വാങ്ങിയവരടക്കം നൂറുകണക്കിന് കുട്ടികള്‍ പുറത്തിരിക്കുമ്പോഴും സീറ്റ് ക്ഷാമം രൂക്ഷമായ മലബാര്‍ മേഖലയില്‍ അടക്കം പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടിക്കുന്നതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."