ഗ്രാമീണ റോഡുകള്‍ തകര്‍ന്നു: പരാതിപ്പെട്ട് നാട്ടുകാര്‍ വലഞ്ഞു
ചങ്ങനാശേരി: ഗ്രാമീണ മേഖലയിലെ റോഡുകളിലേറെയും സഞ്ചാരയോഗ്യമല്ലാതായതോടെ നാട്ടുകാര്‍ ദുരിതത്തില്‍. ഒരു മഴപെയ്താല്‍ ഒലിച്ചുപോകുന്ന രീതിയിലുള്ള ടാറിങാണ് റോഡുകളുടെ തകര്‍ച്ചയ്ക്കു പ്രധാന കാരണം. കവിയൂര്‍ റോഡില്‍ ഐ.സി.ഒ ജങ്ഷനില്‍ ഉദയഗിരി ഹോസ്പിറ്റലിനു സമീപത്തെയും ചെമ്പുംതുരുത്ത് റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
പായിപ്പാട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡാണു ചെമ്പുംതുരുത്ത്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന് എന്നു ശാപമോക്ഷം ലഭിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇങ്ങനെ തകര്‍ന്നു കിടക്കുന്ന റോഡിലൂടെ നാട്ടുകാര്‍ യാത്ര തുടങ്ങിയിട്ടു വര്‍ഷങ്ങളേറെയായി. എങ്കിലും ഇവരുടെ ദുരവസ്ഥ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആത്മീയ കേന്ദ്രങ്ങളുമുള്ള മേഖലയില്‍ ആയിരത്തിലധികം കുടുംബങ്ങളാണു ജീവിക്കുന്നത്.
ഇവരുടെ എക ആശ്രയമായ ചെമ്പും തുരുത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞതുമൂലം കാല്‍നടയാത്ര പോലും ദുര്‍ഘടം ആയിരിക്കുകയാണ്. ഇതുവഴി ഇരുചക്ര വാഹനത്തിലും മറ്റും പോകണമെങ്കില്‍ സര്‍ക്കസ് പഠിക്കണമെന്നാണു നാട്ടുകാരുടെ ഭാഷ്യം. ഒരു കുഴിയില്‍ നിന്ന് മറ്റൊരു കുഴിയിലേക്കുള്ള യാത്രയാണു ചെമ്പുംതുരുത്ത് റോഡിലേത്. ടാറിങ് തകര്‍ന്നു കിടക്കുന്നതിനാല്‍ ഒരു മഴപെയ്താല്‍ റോഡ് മുഴുവന്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണെന്നു പ്രദേശവാസികള്‍ പറയുന്നു.ഈ ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.
കവിയൂര്‍ റോഡിലെ ഐ.സി.ഒ ജങ്ഷനു സമീപമുള്ള റോഡിന്റെ അവസ്ഥയും മറിച്ചല്ല. വീതിക്കുറവും റോഡിന്റെ തകര്‍ച്ചയും യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ജങ്ഷനു സമീപത്തായുള്ള ആശുപത്രികളിലും ബസ് സ്റ്റാന്‍ഡിലേക്കും വ്യാപാരശാലകളിലേക്കും ദിനം പ്രതി നൂറുകണക്കിനാളുകളാണ് എത്തുന്നത്. ദിവസവും അനേകമാളുകള്‍ സഞ്ചരിക്കുന്ന റോഡ് തകര്‍ന്നു കിടന്നിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. റോഡിലെ വീതിക്കുറവു കൂടാതെ മലിനജലം ഒഴുകിപ്പോവുന്നതിനു ഓട സൗകര്യവും ഇല്ല. മഴപെയ്താല്‍ പെയ്ത്തുവെള്ളം ഒഴുകിപ്പോവാതെ കെട്ടിക്കിടക്കുകയാണ്. റോഡ് തകര്‍ന്നുണ്ടായ കുഴികളില്‍ വെള്ളം കെട്ടിക്കിടനു കാല്‍നട, വാഹനയാത്രക്കാരുടെ ശരീരത്തിലേക്കു ചെളിവെള്ളം തെറിക്കുന്നതു നിത്യസംഭവമാണെന്ന് സമീപ വാസികള്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ ഗ്രാമീണ റോഡുകള്‍ അപകടക്കെണിയായി മാറുമ്പോഴും ശാസ്ത്രീയമായി ടാറിങ് നടത്താതെ നാട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ പാറപ്പൊടിയും കല്ലും മറ്റുമിട്ട് കുഴി നികത്തുന്ന രീതിയാണ് അധികൃതരുടേത്. മഴയില്ലാത്ത സമയങ്ങളില്‍ കുഴികളിലിടുന്ന പാറപ്പൊടി പറന്നു വ്യാപാര സ്ഥാപനങ്ങളിലേക്കും കൂടാതെ കാല്‍നടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും കണ്ണില്‍ വീണും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. സ്വകാര്യ ബസുകള്‍ ഈ റോഡിലൂടെ അമിത വേഗതയിലാണു പായുന്നതെന്നും ആക്ഷേപം ഉണ്ട്. അടിയന്തിരമായ ജങ്ഷന്റെ പരിതാപകരമായ അവസ്ഥയ്ക്കു പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധവുമായി റോഡിലിറങ്ങുമെന്നു നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."