പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്ക് പൊതുവേദികളിൽ മറുപടി സുധാകരനെതിരേ ഗ്രൂപ്പുകൾ
തിരുവനന്തപുരം
കെ.പി.സി.സി യോഗത്തിൽ നടക്കുന്ന വിമർശനങ്ങൾക്ക് വാർത്താസമ്മേളനങ്ങളിലടക്കം പൊതുവേദികളിൽ മറുപടി നൽകുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ശൈലി അംഗീകരിക്കാനാവില്ലന്ന് എ, ഐ ഗ്രൂപ്പുകൾ. നേത്യത്വത്തിന്റെ ഏകാധിപത്യ ശൈലിയുടെ ഉദാഹരണമാണ് അധ്യക്ഷൻ്റെ ഇത്തരം നടപടികളെന്ന് കുറ്റപ്പെടുത്തുന്ന ഗ്രൂപ്പ് നേതാക്കൾക്ക് ഇക്കാര്യത്തിൽ കടുത്ത അത്യപ്തിയുണ്ട്.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനഃസംഘടന നിർത്തിവയ്ക്കണമെന്നായിരുന്നു കെ.പി.സി.സി വിശാല നേതൃയോഗത്തിലെ എ,ഐ ഗ്രൂപ്പുകളുടെ വിമർശനം. യൂനിറ്റ് കമ്മിറ്റികൾ സുധാകരൻ അനുകൂലികൾ കൈയടക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. വിമർശനങ്ങൾക്ക് സുധാകരനും യോഗത്തിൽ മറുപടി നൽകി. പക്ഷേ യോഗത്തിൽ വിമർശനമുന്നയിച്ചവരെ വാർത്താസമ്മേളനത്തിൽ സുധാകരൻ രൂക്ഷമായി കുറ്റപ്പെടുത്തിയതാണ് പുതിയ വിവാദം. വിമർശകർക്ക് ജനപിന്തുണയില്ലെന്നതടക്കമുള്ള പരസ്യനിലപാടിലാണ് മുതിർന്ന നേതാക്കൾക്കടക്കം അമർഷം. പാർട്ടിക്കുള്ളിൽ പോലും ആരോഗ്യകരമായ ചർച്ച വേണ്ടെന്ന നിലപാട് നേതൃത്വം പിന്തുടരുന്ന ഏകാധിപത്യശൈലിയുടെ തുടർച്ചയാണെന്നാണ് വിമർശനം. മാത്രമല്ല നേതൃയോഗത്തിൽ പുനഃസംഘടനയുടെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കട്ടെ എന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷൻ പിന്നീട് നിലപാട് മാറ്റി ഹൈക്കമാൻഡിൻെറ അംഗീകാരമുണ്ടെന്നും പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചത് ശരിയായില്ലെന്നും നേതാക്കൾ പറയുന്നു. ഈ അവസ്ഥയിൽ സുധാകരന് ശക്തമായി തന്നെ മറുപടി നൽകണമെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."