ഛത്തിസ്ഗഢിൽ സി.ആർ.പി.എഫ് ക്യാംപിൽ ജവാൻ 4 സഹപ്രവർത്തകരെ വെടിവച്ചുകൊന്നു
റായ്പൂർ
ഛത്തീസ്ഗഢിലെ സുകുമ ജില്ലയിൽ സി.ആർ.പി.എഫ് ക്യാംപിൽ ജവാൻ നാലു സഹപ്രവർത്തകരെ വെടിവച്ചു കൊന്നു. മൂന്നുപേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ലിംഗലാൽപള്ളി ഗ്രാമത്തിലെ 50 ബറ്റാലിയൻ ക്യാംപിലാണ് വെടിവയ്പുണ്ടായത്. രതീഷ് രഞ്ജൻ എന്ന കോൺസ്റ്റബിളാണ് സർവിസ് റൈഫിളായ എ.കെ 47 ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരേ വെടിയുതിർത്തതെന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ 3.30 നായിരുന്നു സംഭവം. പരുക്കേറ്റ ഏഴു ജവാന്മാരെയും തെലങ്കാനയിലെ ഭദ്രാചലം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർ ആശുപത്രിയിലെത്തും മുമ്പേ മരിച്ചു. പരുക്കേറ്റ രണ്ടുപേരെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലേക്ക് വ്യോമമാർഗം വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. ഒരാൾ ഭദ്രാചലത്തിലെ ആശുപത്രിയിൽ തുടരുകയാണ്. രാജീബ് മൊണ്ടാൽ, ദാൻജിബ്, രജ്മാനി കുമാർ യാദവ് എന്നീ മൂന്നുപേർ മരിച്ചതായി സി.ആർ.പി.എഫ് സ്ഥിരീകരിച്ചു. ഒരാളുടെ വിവരം പുറത്തുവന്നിട്ടില്ല. സംഭവത്തിനു പിന്നാലെ രതീഷിനെ അധികൃതർ പിടികൂടി. വിശദമായ അന്വേഷണം നടക്കുകയാണ്. ഇയാൾക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്നും ഇതാണ് മനോവിഭ്രാന്തിക്ക് ഇടയായതെന്നും സി.ആർ.പി.എഫ് പറഞ്ഞു. ലോക്കൽ പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. സി.ആർ.പി.എഫും വകുപ്പുതല അന്വേഷണം നടത്തുന്നുണ്ട്. 50 ബറ്റാലിയന്റെ ചുമതലയുള്ള സി.ആർ.പി.എഫ് ഡി.ഐ.ജിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."