സിനിമാ ഷൂട്ടിങ് തടയരുത്: യൂത്ത് കോൺഗ്രസിനോട് കോൺഗ്രസ്
തിരുവനന്തപുരം
വഴിയിൽ തടസ്സം സൃഷ്ടിച്ചുള്ള സിനിമാ ഷൂട്ടിങ് തടയുമെന്ന യൂത്ത് കോൺഗ്രസ് തീരുമാനം തിരുത്തണമെന്ന് കോൺഗ്രസ്. ഇന്നലെ ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ യൂത്ത് കോൺഗ്രസിന്റെ നടപടിക്കെതിരേ രൂക്ഷവിമർശനമുയർന്ന സാഹചര്യത്തിൽ യുവജനവിഭാഗത്തോട് അത്തരം പ്രതിഷേധ മാർഗങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് നിർദേശം നൽകാൻ തീരുമാനമായി.
സിനിമ സർഗാത്മക പ്രവർത്തനമാണെന്നും ആ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ യോഗത്തിൽ പറഞ്ഞു. ഇന്ധനവില വർധനവിനെതിരേ എറണാകുളത്ത് കോൺഗ്രസ് സംഘടിപ്പിച്ച ധർണയ്ക്കിടെ നടൻ ജോജു ജോർജ് ഇടപെട്ട് നാടകീയ സംഭവങ്ങൾ സൃഷ്ടിച്ചതോടെയാണ് പൊതുവഴികൾ തടസ്സം സൃഷ്ടിച്ചുള്ള ഷൂട്ടിങ് തടയാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ ഷൂട്ടിങ്ങിനെതിരായ നീക്കങ്ങൾ സംഘടനയെ കൂടുതൽ ഒറ്റപ്പെടുത്താനിടയാക്കുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുതെന്ന് സുധാകരൻ അഭ്യർഥിക്കുകയും ചെയ്തു.
അതേസമയം, ഇന്ധന വിലവർധനവിനെതിരേ പ്രക്ഷോഭം തുടരാനും യോഗം തീരുമാനിച്ചു. സമരത്തിന്റെ അടുത്ത പടിയായി സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കും. മറ്റു ഭാഗങ്ങളിൽ ബ്ലോക്ക് തലം മുതൽ സമരം നടത്തും. 21, 22 തിയതികളിൽ കെ.പി.സി.സി ഭാരവാഹി ക്യാംപ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."