പിടയുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രാണവായു പകര്‍ന്നതാണ് ഈ മനുഷ്യന്‍ ചെയ്ത കുറ്റം!
ലക്‌നൗ: ഡോ.കഫീല്‍ ഖാനെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിരിച്ചുവിട്ടിരിക്കുന്നു. ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിലെ പീഡിയാട്രീഷനായിരുന്നു കഫീല്‍ ഖാന്‍. നിയമ പോരാട്ടങ്ങള്‍ തുടരുന്നതിനിടയിലാണ് പിരിച്ചുവിടല്‍ നടപടി.
കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച ദിനം
2017ലാണ് ഗൊരഖ്പുര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 63 കുഞ്ഞുങ്ങള്‍ മരിച്ചത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനെ ഇതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.
എന്നാല്‍, 2019 സെപ്റ്റംബറില്‍ കഫീല്‍ ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഫീല്‍ ഖാന്‍ നടത്തിയ ശ്രമങ്ങളെ പ്രകീര്‍ത്തിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. സ്വന്തം കൈയില്‍ നിന്നുവരെ പണം ചെലവിട്ട് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് കഫീല്‍ ഖാനും നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തിനു മേല്‍ അന്വേഷണം
എന്നാല്‍, 2019 ഒക്ടോബറില്‍ കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ കമീഷന് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നുമായിരുന്നു ആരോപണം.
ഇതിനെ എതിര്‍ത്ത് കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജിയില്‍ അലഹബാദ് ഹൈകോടതിയിലെ ജസ്റ്റിസ് യശ്വന്ത് വര്‍മ ജൂലൈ 29ന് വാദം കേട്ടിരുന്നു. 2020 ഫെബ്രുവരി 24നാണ് കഫീല്‍ ഖാനെതിരെ പുനരന്വേഷണം ആരംഭിച്ചത്. 2019 ഏപ്രില്‍ 15ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ 11 മാസം വൈകിയാണ് പുനരന്വേഷണമെന്ന് കഫീല്‍ ഖാന്‍ കോടതിയെ ധരിപ്പിച്ചു. താന്‍ ഒഴികെ, അന്ന് സസ്‌പെന്‍ഡ് ചെയ്ത മുഴുവന്‍ പേരെയും സര്‍വിസില്‍ തിരിച്ചെടുത്തു.
തുടരന്വേഷണം പ്രഖ്യാപിക്കുന്നതിലെ കാലതാമസം അച്ചടക്ക സമിതി വിശദീകരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നാല് വര്‍ഷത്തിലേറെയായി സസ്‌പെന്‍ഷന്‍ തുടരുന്നത് വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. കഫീല്‍ ഖാനെതിരായ തുടരന്വേഷണം പിന്‍വലിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."