തെക്കൻ ജില്ലകളിൽ പേമാരി കനത്ത നാശനഷ്ടം
അടിയന്തര രക്ഷാപ്രവർത്തനത്തി
ന് സജ്ജരാകാൻ പൊലിസിന്
നിർദേശം നൽകി
ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം/കൊല്ലം /ആലപ്പുഴ
ശക്തമായ മഴയിൽ തെക്കൻ ജില്ലകളിൽ കനത്ത നാശനഷ്ടം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ രാത്രി വൈകിയും കനത്ത മഴ തുടരുകയാണ്. താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിരവധി വീടുകൾ തകർന്നു.
തിരുവനന്തപുരം- നാഗർകോവിൽ റൂട്ടിൽ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രണ്ട് ട്രെയിനുകൾ പൂർണമായും പത്തെണ്ണം ഭാഗികമായും റദ്ദാക്കി. നെയ്യാറ്റിൻകരയിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. വിഴിഞ്ഞത്ത് വീടുകൾക്കുമേൽ മണ്ണിടിഞ്ഞുവീണു.
വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിലാണ് നാശനഷ്ടങ്ങളുണ്ടായത്. തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മൂന്നിടത്താണ് മണ്ണിടിഞ്ഞുവീണത്. പാറശാലയിലും ഇരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിച്ചിലുണ്ടായത്.
നാഗർകോവിൽ-കന്യാകുമാരി റൂട്ടിൽ പാളത്തിൽ വെള്ളം കയറി. നാഗർകോവിൽ-കോട്ടയം പാസഞ്ചറും ചെന്നെ- എഗ് മോർ ഗുരുവായൂർ എക്സ്പ്രസുമാണ് പൂർണമായും റദ്ദാക്കിയത്. ഐലൻഡ് എക്സ്പ്രസും അനന്തപുരിയും അടക്കം 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.തുടർച്ചയായുള്ള കനത്ത മഴയും ഉരുൾപൊട്ടലും കൊല്ലത്തെ കിഴക്കൻമേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മേഖലയിലെ ആറുകളും തോടുകളുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. നിരവധി വീടുകളാണ് ഈ മേഖലയിൽ തകർന്നത്. പത്തനാപുരത്ത് നടുക്കുന്ന് കോശിഖാൻ പുരയിടത്തിൽ അബ്ദുൽ റഹിമിന്റെ വീട് മഴയിൽ നിലംപതിച്ചു. വീട്ടിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസങ്ങളിലായി ആര്യങ്കാവ് പഞ്ചായത്തിലെ പത്തിലധികം സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. ആലപ്പുഴ ജില്ലയിൽ അപ്പർ കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
അതേസമയം അടിയന്തര രക്ഷാപ്രവർത്തനത്തിന് സജ്ജരാകാൻ പൊലിസിന് നിർദേശം. സംസ്ഥാന പൊലിസ് മേധാവി അനിൽ കാന്താണ് നിർദേശം നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."