മുല്ലപ്പെരിയാറിലെ മരംമുറി സുപ്രിംകോടതിയിലുന്നയിച്ച് തമിഴ്‌നാട്
ന്യൂഡൽഹി
മുല്ലപ്പെരിയാറിലെ മരംമുറി സംബന്ധിച്ച വിഷയം സുപ്രിംകോടതിയിൽ ഉന്നയിച്ച് തമിഴ്‌നാട്. മരം മുറിക്കാൻ ഏഴ് വർഷങ്ങൾക്ക് ശേഷം നൽകിയ അനുമതി ഒറ്റ ദിവസം കൊണ്ട് കേരളം മരവിപ്പിച്ചുവെന്ന് തമിഴ്നാട് കുറ്റപ്പെടുത്തി. കേരളത്തിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണെന്ന് ആരോപിച്ച തമിഴ്‌നാട് ഇതു സംബന്ധിച്ച രേഖകളും കോടതിക്ക് കൈമാറി.
ഉത്തരവ് റദ്ദാക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് തങ്ങൾ അറിഞ്ഞത്. മേൽനോട്ട സമിതി യോഗത്തിലും സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും മരംമുറിക്കാൻ അനുമതി നൽകുമെന്നാണ് കേരളം പറഞ്ഞിരുന്നത്. അതനുസരിച്ച് ഉത്തരവിറക്കിയെങ്കിലും രാഷ്ട്രീയസമ്മർദങ്ങൾ കാരണം കേരള സർക്കാർ ഉത്തരവ് മരവിപ്പിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. അക്കാര്യത്തിൽ കൃത്യമായ ഒരു ആശവിനിമയം പോലും കേരളം നടത്തിയില്ലെന്നും തമിഴ്‌നാട് കുറ്റപ്പെടുത്തി.
അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കാൻ കേരളം നടപടി സ്വീകരിക്കുന്നില്ല. ബേബി ഡാം ബലപ്പെടുത്താനുള്ള ശ്രമങ്ങൾ കേരളം പലതവണ പരാജയപ്പെടുത്തി.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് റെയിൻഗേജ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേരളം 2015ൽ സമ്മതിച്ചെങ്കിലും 2020ൽ മാത്രമാണ് അത് സ്ഥാപിച്ചത്. പക്ഷേ അതിന്റെ വിവരങ്ങൾ പങ്കിട്ടിട്ടില്ലെന്നും തമിഴ്‌നാട് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."