ജിഷ വധം: പൊലിസിന്റെ വീഴ്ച വിജിലന്‍സ് അന്വേഷിക്കുന്നു
മലപ്പുറം: പ്രമാദമായ ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലിസിന് സംഭവിച്ച വീഴ്ചയില്‍ വിജിലന്‍സ് രഹസ്യാന്വേഷണം തുടങ്ങി. കേസന്വേഷിച്ച ആദ്യസംഘം കണ്ടെത്തിയ കാര്യങ്ങളും ഭരണമാറ്റത്തോടെ രൂപീകരിച്ച പ്രത്യേകസംഘം കണ്ടെത്തിയ കാര്യങ്ങളിലെ വൈരുധ്യവുമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
ഇരുസംഘങ്ങളും പരസ്പരവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന പരാതിയിലാണ് വിജിലന്‍സിന്റെ കൊച്ചി ടീം അന്വേഷണം തുടങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമായിരുന്നു. ജിഷയുടെ ശരീരത്തില്‍ നിരവധി കടിയേറ്റ പാടുകള്‍ ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതു വിശകലനം ചെയ്ത പൊലിസ് മുന്‍നിരയിലെ പല്ലുകള്‍ തമ്മില്‍ വിടവുള്ള ആളാണ് കൊലപാതകി എന്ന നിഗമനത്തിലെത്തി. ഇതിനെ ചുറ്റിപ്പറ്റി ആദ്യസംഘം അന്വേഷണം നടത്തുകയും നിരവധിപേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നെങ്കിലും പുതിയ അന്വേഷണസംഘം ഇത് കാര്യമായി പരിഗണിച്ചില്ല.
എന്നാല്‍ പിടിയിലായ അമീറിന്റെ പല്ലുകള്‍ തമ്മില്‍ വിടവില്ല. ജിഷയുടെ ശരീരത്തില്‍ കടിച്ചത് അമീറല്ലെന്ന നിഗമനത്തിലേക്കാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. അതേസമയം ഡി.എന്‍.എ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി അമീര്‍ ആണെന്ന് സ്ഥിരീകരിച്ചതിനാല്‍ ജിഷയുടെ ശരീരത്തിലെ കടിയുടെ പാടുകള്‍ എങ്ങിനെയുണ്ടായെന്നും ആരാണിത് ചെയ്തതെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതാണ് അന്വേഷണസംഘത്തേയും വിജിലന്‍സിനേയും കുഴക്കുന്നത്.
വിജിലന്‍സിലെ പ്രത്യേക അന്വേഷണസംഘം ജിഷയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലെത്തിയ സംഘം ഫോറന്‍സിക് വിദഗ്ധരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മദ്യം രക്തത്തില്‍ കണ്ടെത്തിയതും ദുരൂഹതയുണ്ടാക്കുന്നുണ്ട്. മൂക്കുംവായും പൊത്തിപ്പിടിച്ചതിനാലും കഴുത്തിലെ ജംഗുലാര്‍ വെയ്ന്‍ മുറിഞ്ഞതിനാലുമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴുത്തിലെ ഈ ഞരമ്പ് മുറിച്ചാല്‍ രണ്ടോ മൂന്നോ മിനിട്ടിനകം മരണം സംഭവിയ്ക്കുമെന്നിരിക്കേ, മരണസമയത്ത് വെള്ളം ചോദിച്ചപ്പോള്‍ മദ്യം നല്‍കിയിരിക്കാമെന്നും അങ്ങിനെയാണ് ശരീരത്തിനകത്ത് മദ്യം കണ്ടെത്തിയതെന്നുമുള്ള വാദവും ഏറെ ചര്‍ച്ചയായിരുന്നു. ജിഷയുടെ വധവുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ക്ക് വിജിലന്‍സ് തുമ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."