പ്രഹസനമാകുന്ന കാലാവസ്ഥാ ഉച്ചകോടികൾ
ഉറച്ച തീരുമാനങ്ങളൊന്നുമില്ലാതെ 16ാമത് യു.എൻ കാലാവസ്ഥാ ഉച്ചകോടി ഗ്ലാസ്‌ഗോയിൽ സമാപിച്ചിരിക്കുകയാണ്. വൻകിട രാഷ്ട്രങ്ങളുടെ നിഷേധാത്മക നിലപാടുകളാണ് ഇത്തവണയും ഉച്ചകോടിയെ പരാജയപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി ദുരന്തങ്ങൾ നേരിട്ട ദരിദ്രരാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ നൽകേണ്ട നഷ്ടപരിഹാരത്തിൽ തീരുമാനമാകാത്തതാണ് ഉച്ചകോടിയെ നിഷ്ഫലമാക്കിയതിൽ പ്രധാനം. അന്തരീക്ഷ മലിനീകരണം തടയാൻ ഓരോ രാജ്യവും പ്രഖ്യാപിച്ച ലക്ഷ്യം കൈവരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഉച്ചകോടിയിൽ തീരുമാനമുണ്ടായില്ല. രാജ്യങ്ങൾ ഇപ്പോഴും കൽക്കരിനിലയങ്ങൾ സ്ഥാപിച്ചു വരുന്നതിനാൽ കാലാവസ്ഥാവ്യതിയാനം തടയുമെന്നുപറയുന്നത് പൊള്ളയായ വാഗ്ദാനമാണ്. കൽക്കരി പോലുള്ള ഫോസിൽ ഇന്ധന വ്യവസായങ്ങൾക്ക് രാഷ്ട്രങ്ങൾ ഇപ്പോഴും ലക്ഷക്കണക്കിന് കോടി ഡോളർ സബ്‌സിഡി നൽകിവരുന്നതിനാൽ ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നതിന്റെ അളവ് കുറയ്ക്കുമെന്ന സമ്പന്നരാഷ്ട്രങ്ങളുടെ വാഗ്ദാനങ്ങൾ മേനിപറച്ചിലാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് പറഞ്ഞത് സമ്മേളനത്തിന്റെ പൊള്ളത്തരത്തെയാണ് എടുത്തുകാണിക്കുന്നത്. കൽക്കരി വ്യവസായങ്ങൾക്ക് സബ്‌സിഡി നൽകുന്നത് കുറയ്ക്കാനോ പുതുതായുള്ള എണ്ണ - പ്രകൃതിവാതക ഖനനം നിർത്തിവയ്ക്കാനോ തയാറാകാതെ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികൾ പ്രഹസനമായി മാത്രമേ കലാശിക്കൂ.
കരട് റിപ്പോർട്ട് മുമ്പോട്ടുവച്ച പ്രധാന കാര്യങ്ങളിലൊന്നും സമവായത്തിലെത്താൻ രാഷ്ട്രങ്ങൾക്ക് കഴിഞ്ഞില്ല. കാലാവസ്ഥാവ്യതിയാനം തടയാനുള്ള നിർണായക കാൽവയ്പ്പായിരിക്കും ഗ്ലാസ്ഗോ ഉച്ചകോടിയെന്ന് പ്രതീക്ഷിച്ചത് വെറുതെയായി. 2022ഓടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2070 എത്തുമ്പോഴേക്കും കാർബൺ പുറന്തള്ളൽ നെറ്റ് സീറോയിലെത്തിക്കുമെന്നാണ് ഇന്ത്യയുടെ വാഗ്ദാനം. കാർബൺഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതിൻ്റെയും അന്തരീക്ഷത്തിൽ നിന്ന് മാറ്റുന്നതിൻ്റെയും തോത് സമമാക്കുക എന്നതാണ് നെറ്റ് സീറോ കൊണ്ട് ഉദ്ദേശിക്കുന്നത്. 2050ഓടെ നെറ്റ് സീറോയിൽ എത്തിക്കണമെന്നാണ് കരട് പ്രമേയത്തിൽ പറയുന്നതെങ്കിലും ഇന്നത്തെ രീതിയിലാണ് മുമ്പോട്ടുപോകുന്നതെങ്കിൽ നടപ്പാവുന്ന കാര്യം പ്രയാസമാണ്. കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ദീർഘകാല പദ്ധതികൾ സമർപ്പിക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെടുമെന്നും കരടിൽ പറയുന്നുണ്ട്.
പാരിസ് ഉച്ചകോടിയിലും സമാനമായ തീരുമാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 150 വർഷം മുമ്പുണ്ടായിരുന്ന താപനില കൊണ്ടുവരണമെന്നായിരുന്നു അന്നെടുത്ത പ്രധാന തീരുമാനം. ആഗോള താപനില 2 ഡിഗ്രി സെൽഷ്യസിൽ എത്താതെ നോക്കണമെന്ന തീരുമാനവും അന്നുണ്ടായി. അത് ഇതുവരെ പാലിക്കപ്പെട്ടു. നെറ്റ് സീറോയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളൊന്നും വികസിതരാജ്യങ്ങൾ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. കരട് റിപ്പാർട്ടിൽ ഇതു സംബന്ധിച്ചെല്ലാം പറയുന്നുണ്ടെങ്കിലും ഗ്ലാസ്ഗോ ഉച്ചകോടിയിൽ കാർബൺഡയോക്സൈഡ് പുറന്തള്ളുന്നത് കുറച്ചുകൊണ്ടുവരുന്നതിനു തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. വ്യവസായവൽക്കരണത്തിന് മുമ്പുള്ള കാലത്തേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനു താഴെ നിർത്തണമെന്ന നിർദേശവും കരട് പ്രമേയത്തിൽ ഉണ്ടായിരുന്നു. 1.5 ഡിഗ്രിയിലോ അതിനു താഴെയോ ആഗോളതാപനിലയെ നിലനിർത്താൻ കഴിഞ്ഞാൽ മാത്രമേ ലോകത്തെ സമ്പൂർണ നാശത്തിൽ നിന്ന് രക്ഷിക്കാൻ കഴിയൂ.
1.5 ഡിഗ്രി സെൽഷ്യസിൽ കാർബൺ ബഹിർഗമനം നിലനിർത്തണമെങ്കിൽ അന്തരീക്ഷത്തിലേക്കു ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളൽ കുറയ്ക്കാൻ വേഗത്തിലും ആഴത്തിലുമുള്ള നടപടികളാണ് വേണ്ടത്. എന്നാൽ, എണ്ണ, പ്രകൃതിവാതകങ്ങളുടെ ഉത്പാദനവും കൽക്കരി വ്യവസായങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതും അത്തരം വ്യവസായങ്ങൾക്ക് ലോകരാഷ്ട്രങ്ങൾ സബ്‌സിഡി നൽകുന്നതും അവസാനിപ്പിക്കാതെ കരട് പ്രമേയത്തിലെ ആവശ്യങ്ങളൊന്നും യാഥാർഥ്യമാകാൻ പോകുന്നില്ല. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി വികസിത രാജ്യങ്ങൾ വാഗ്ദാനം ചെയ്ത 10,000 കോടി ഡോളർ ഇതുവരെ ദരിദ്രരാഷ്ട്രങ്ങൾക്ക് ലഭ്യമായിട്ടില്ല. ഇതൊക്കെ യാഥാർഥ്യങ്ങളായിരിക്കുമ്പോഴാണ് കരട് പ്രമേയങ്ങൾ കൊണ്ടെന്ത് പ്രയോജനമെന്ന ചിന്ത പരിസ്ഥിതി പ്രവർത്തകരിലും സാധാരണ ജനങ്ങളിലും ഉണ്ടാകുന്നത് .
200ഓളം രാജ്യങ്ങളിലെ നേതാക്കളും കാലാവസ്ഥാ വിദഗ്ധരും വ്യവസായമേഖലയിൽ നിന്നുള്ള പ്രമുഖരും അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തകരുമെല്ലാം ഒത്തുകൂടിയ സമ്മേളനം ഉറച്ച തീരുമാനമെടുക്കാതെ പിരിഞ്ഞത് ദൗർഭാഗ്യകരമാണ്. ഉച്ചകോടി നടന്നുവരുന്നതിനിടെ സ്വീഡീഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ തൻബർഗിന്റെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത വമ്പിച്ച പ്രതിഷേധ റാലിയാണ് നടന്നത്. ചെറുപ്പക്കാരായിരുന്നു റാലിയിൽ അധികവും പങ്കെടുത്തിരുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളുടെ തട്ടിപ്പാണ് കാലാവസ്ഥാ ഉച്ചകോടിയെന്ന് ഗ്രേറ്റ നേരത്തെതന്നെ കുറ്റപ്പെടുത്തിയിരുന്നു. മലിനീകരണം നടത്തിയ സമ്പന്നരാജ്യങ്ങൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതിനാലാണ് കാലാവസ്ഥാ ഉച്ചകോടികൾ പരിഹസിക്കപ്പെട്ടതുപോലെ ബിസിനസ് സമ്മേളനമായി മാറുന്നത്.
ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങൾ കാലാവസ്ഥാവ്യതിയാനത്തിന്റെ ദൂഷ്യങ്ങൾ അനുഭവിച്ചുവരികയാണ്. സമ്പന്ന രാജ്യങ്ങൾ നഷ്ടപരിഹാരം നൽകാതിരിക്കുന്നത് ഉച്ചകോടിയുടെ നിരർഥകതയെയാണ് വിളിച്ചുപറയുന്നത്. അടുത്തതവണ ഈജിപ്തിലാണ് കാലാവസ്ഥാ ഉച്ചകോടി. കഴിഞ്ഞ ഉച്ചകോടികൾ കൊണ്ടൊന്നും കാലാവസ്ഥാ വ്യതിയാനം പിടിച്ചുനിർത്താനുള്ള സാർഥകമായ ശ്രമങ്ങൾ വികസിതരാജ്യങ്ങളിൽ നിന്ന് ഉണ്ടായിട്ടില്ല. ആ നിലയ്ക്ക് അടുത്തതവണ ഈജിപ്തിൽ ചേരുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ നിന്ന് വലുതായിട്ടൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."