സംസ്ഥാനം തെരുവുനായ്ക്കളുടെ പിടിയിൽ; നിസംഗതയോടെ സർക്കാർ
തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരികയാണ്. തെരുവുനായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസമാണ് യുവതിയെ നായ്ക്കൾ വളഞ്ഞിട്ട് കടിച്ചുകീറിയത്. ഓടിക്കാൻ എത്തിയ നാട്ടുകാർക്കെതിരേ നായ്ക്കൾ ശൗര്യത്തോടെ പാഞ്ഞടുത്തു വന്നത് ഉൾക്കിടിലത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല. മുറ്റത്ത് കളിക്കുന്ന കുട്ടികൾക്കു നേരെയും വീടിനകത്തുള്ളവർക്കു നേരെയും തെരുവുനായ്ക്കൾ പാഞ്ഞടുത്ത് കീറിപ്പൊളിക്കുകയാണ്. മലപ്പുറം ജില്ലയിലെ മങ്കടയിൽ പിതാവിന്റെ കൈയിലിരുന്ന കുഞ്ഞിനെ തെരുവുനായ ഓടി വന്ന് അക്രമിക്കാൻ തുനിഞ്ഞത് കഴിഞ്ഞ ദിവസമാണ്. കുഞ്ഞിനെ മാറ്റിപ്പിടിച്ചിട്ടും നായ വിട്ടില്ല. ബഹളം കേട്ട് അകത്ത് നിന്ന് ഭാര്യ ഓടിവന്നിട്ടും നായ വിട്ടുപോയില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ കുറ്റിപ്പുറം എടച്ചലത്ത് അറുപത്തിയഞ്ചുകാരൻ ശങ്കരൻ മരിച്ചിരുന്നു. പരുക്കേറ്റ് ഭാരതപ്പുഴയുടെ തീരത്ത് അവശനിലയിൽ കണ്ടെത്തിയ ഇയാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഇങ്ങനെ നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇതൊക്കെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കടിയേൽക്കുന്നവർ സർക്കാർ ആശുപത്രികളെ സമീപിക്കുമ്പോൾ പല ആശുപത്രികളിലും മതിയായ വാക്സിനുകൾ ഇല്ലാത്ത അവസ്ഥയും നിലവിലുണ്ട്. ഇതോടെ ഭീമമായ തുക മുടക്കി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരികയാണ്. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് കാഞ്ഞിരക്കുളത്ത് വീട്ടമ്മയെ കടിച്ചു കീറി കൊന്നതിനെ തുടർന്നു തെരുവുനായ്ക്കളെ കൊല്ലുമെന്നു സർക്കാർ പറഞ്ഞപ്പോൾ, അന്ന് കേന്ദ്ര ശിശുക്ഷേമ മന്ത്രിയായിരുന്ന മനേകാ ഗാന്ധി താക്കീത് നൽകും വിധമാണ് പ്രതികരിച്ചത്.
ഒരിടത്തുനിന്നും ഒരുപറ്റം തെരുവുനായ്ക്കളെ കൊന്നൊടുക്കിയാലും അടുത്ത ദിവസങ്ങളിലും അതേ സ്ഥലത്ത് അത്രയും തെരുവുനായ്ക്കൾ പിന്നെയും വന്നുകൂടുമെന്നും കാട്ടിൽ നിന്നും ഇറങ്ങിവന്ന് മനുഷ്യരോട് വളരെ ഇണങ്ങിജീവിക്കുകയും യജമാനൻമാർക്കു വേണ്ടി പ്രാണൻ കളയാൻ പോലും തയാറാകുന്ന നായ്ക്കൾ പക്ഷേ, അവരുടെ വന്യമൃഗ സ്വഭാവത്തിൽ നിന്ന് മോചിതരാകുന്നില്ലെന്നും കൂട്ടംകൂടിയാൽ അവരിൽ പഴയ വന്യജീവി സ്വഭാവം ഉണ്ടാവുകയും ഒറ്റയ്ക്ക് പോകുന്നവരെ ആക്രമിക്കുകയും ചെയ്യുന്നുവെന്ന് ഇതുസംബന്ധിച്ച് നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. ആളുകൾ ജോലിക്കും കുട്ടികൾ സ്കൂൾ, മദ്റസകളിലേക്കും പോകുമ്പോഴാണ് തെരുവുനായക്കളുടെ മാരകമായ ആക്രമണത്തിനു വിധേയരാകുന്നത്. പുറത്തേക്കിറങ്ങുന്ന സ്ത്രീകളെയും ഇവ ആക്രമിക്കുന്നു.
മനേകാ ഗാന്ധിയുടെ ഹരജിയെ തുടർന്ന് തെരുവുനായ്ക്കളെ കൊല്ലുന്നത് സുപ്രിം കോടതി വിലക്കിയിരിക്കുകയാണ്. പകരം നായ്ക്കളെ വന്ധ്യംകരണം നടത്തിയെങ്കിലും അതും വിജയം കണ്ടില്ല. പത്തു വർഷം തുടർച്ചയായി വന്ധ്യംകരണം നടത്തിയാലും തീരാത്ത അത്ര തെരുവുനായ്ക്കൾ പെറ്റുപെരുകിയിട്ടുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇവ കൂട്ടംകൂടി സഞ്ചരിക്കുന്നത് നിത്യകാഴ്ചയായിരിക്കുന്നു. പലചരക്ക് കടകൾക്കുള്ളിലും ഹോട്ടലുകളുടെ അടുക്കളകളിലും വരെ തെരുവുനായ്ക്കൾ മണത്ത് നോക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു.
മൃഗസ്നേഹികൾ നായ്ക്കളെ കൊല്ലരുതെന്നാണ് പറയുന്നത്. എന്നാൽ അവയുടെ സംരക്ഷണം ഏറ്റെടുക്കാൻ അവർ തയാറുമല്ല. സർക്കാരിനൊപ്പം ചേർന്നോ, സന്നദ്ധ സംഘടനകളുമായി സഹകരിച്ചോ മൃഗസ്നേഹികൾ തെരുവുനായ സംരക്ഷണം ഏറ്റെടുക്കേണ്ടതുണ്ട്. കേരള ഹൈക്കോടതി അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. വിധി പ്രകാരം അക്രമകാരിയെന്ന് തെളിയിക്കപ്പെട്ടതിനു ശേഷമേ കൊല്ലാൻ പാടുള്ളൂ. എന്നാൽ ഇതു പ്രാവർത്തികമാക്കാൻ പ്രയാസമാണ്. ഈയൊരവസ്ഥയിൽ തെരുവുനായ്ക്കളെ കൊല്ലരുതെന്ന സുപ്രിം കോടതി വിധി ഉയർത്തിക്കാട്ടി കൊല്ലുന്നത് വിലക്കിയിരിക്കുകയാണ് പൊലിസ്.
തെരുവുനായ്ക്കളുടെ പെരുകൽ തടയാൻ ഇപ്പോൾ ആശ്രയിക്കുന്നത് നിലവിലുള്ള ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) സിസ്റ്റത്തെയാണ്. നായയെ വന്ധ്യംകരണം നടത്തി മുറിവ് ഉണങ്ങുന്നതു വരെ പാർപ്പിച്ച് പിന്നീട് പിടിച്ച സ്ഥലത്തു തന്നെ കൊണ്ടുവിടുന്നതിനെയാണ് എ.ബി.സി പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ, ഇതും ഫലപ്രദമല്ല. നായകളുടെ ജനന നിയന്ത്രണം തടയുന്ന ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് നടന്നുവന്നിരുന്നത്. ഇതിനായി ഫണ്ട് വകയിരുത്തുകയും ചെയ്തിരുന്നു. കുടുംബശ്രീയായിരുന്നു കരാർ ഏറ്റെടുത്ത് പദ്ധതി മുമ്പോട്ട് കൊണ്ടുപോയിരുന്നത്.
അടുത്തിടെ, കേരള ഹൈക്കോടതി, ജന്തുക്ഷേമ ബോർഡിന്റെ അംഗീകാരമുള്ള ഏജൻസികൾ മാത്രമേ തെരുവുനായ്ക്കളെ പിടിക്കാവൂ എന്ന വിധി പ്രസ്താവിച്ചതോടെ കുടുംബശ്രീ ഒഴിവായി. കുടുംബശ്രീക്ക് ജന്തുക്ഷേമ ബോർഡിന്റെ അംഗീകാരമില്ലാത്തത് ന്യൂനതയായി. അംഗീകാരമുള്ള ഏജൻസികൾ സർക്കാരിനെ സമീപിച്ചുവെങ്കിലും ഇവർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സംവിധാനങ്ങൾ ഉപയോഗിക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേക ഉത്തരവ് ആവശ്യമായിരുന്നു. അത് അനുവദിച്ചു കിട്ടാൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് ഏജൻസികൾ കഴിഞ്ഞ മാസം 22ന് അപേക്ഷ നൽകിയതാണ്. ഇതുവരെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയോ, സർക്കാരോ ഈ അപേക്ഷകളിന്മേൽ നടപടികളൊന്നും എടുത്തിട്ടില്ല.
പുറമ്പോക്ക് സ്ഥലങ്ങൾ ഡോഗ് പാർക്കിനായി ഉപയോഗപ്പെടുത്തുക, വളർത്തുനായകളെ പ്രായമായാൽ പുറത്തേക്ക് തള്ളുന്ന നായ ഉടമകളുടെ പേരിൽ നടപടിയെടുക്കുക... ഇതൊക്കെ സർക്കാരിന് ചെയ്യാവുന്ന കാര്യങ്ങളാണ്. നായ്ക്കളെ വളർത്തുന്നതിനുള്ള പുതിയ വളർത്തു നയം കൊണ്ടുവരുമെന്നും വളർത്തു നായകൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തുമെന്നും കഴിഞ്ഞ ഇടതു മുന്നണി സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അതിന്റെ തുടർനടപടികളെക്കുറിച്ച് പിന്നെയൊന്നും കേട്ടില്ല. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം കൊടുത്തില്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ ശിക്ഷ നേരിടേണ്ടിവരുമെന്നാണ് സുപ്രിംകോടതി വിധി. എന്നാൽ സംസ്ഥാനത്ത് തെരുനായ്ക്കളാൽ ആക്രമിക്കപ്പെട്ട എത്ര പേർക്ക് നഷ്ടപരിഹാരം ലഭിച്ചു, അല്ലെങ്കിൽ എത്ര ഉത്തരവാദപ്പെട്ടവർ ശിക്ഷ ഏറ്റുവാങ്ങി എന്നതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. അതിനപ്പുറം ഈ ശല്യം ഇല്ലാതാക്കേണ്ടതിന്റെ മാർഗങ്ങളെക്കുറിച്ചാണ് ഗൗരവതരമായി വിചാരപ്പെടേണ്ടത്.
ജനങ്ങൾക്കുനേരെ തെരുവുപട്ടികൾ സംഘം ചേർന്ന് ആക്രമിക്കുന്നത് സംസ്ഥാനത്ത് നിത്യസംഭവമായി മാറിയതിനാൽ സർക്കാർ ഇതിൽ ഒരു തീരുമാനവുമെടുക്കാതെ ജനങ്ങളുടെ ജീവൻ തെരുവുപട്ടികൾക്ക് എറിഞ്ഞുകൊടുക്കുകയാണ്. സർക്കാരിന്റെ ഈ നിസംഗത അപലപനീയമാണ്. വിഷയത്തിലുള്ള സർക്കാരിന്റെ അലംഭാവം ജനങ്ങളുടെ സ്വൈര്യജീവിതത്തിനു നേരെയുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."