കേരളം ഇപ്പോഴും ഭ്രാന്താലയം തന്നെ !
ജാതിചിന്തകളും ജാതിവിവേചനവും തൊട്ടുകൂടായ്മയും കേരളത്തിൽനിന്ന് തുടച്ചുനീക്കിയെന്ന് വെറുതെ പറയുന്നതാണ്. മിശ്രവിവാഹങ്ങളോ പന്തിഭോജനമോ ക്ഷേത്രപ്രവേശന വിളംബരമോ ഒന്നുംതന്നെ കേരളീയ ബോധത്തിൽ അള്ളിപിടിച്ച് കിടക്കുന്ന ജാതിവിചാരങ്ങളെ അടർത്തിമാറ്റിയിട്ടില്ല. 1892ൽ കേരളം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ ഇവിടുത്തെ ജാതിവ്യവസ്ഥയും വർണവിവേചനവും കണ്ട് കേരളത്തെ ഭ്രാന്താലയത്തോട് ഉപമിച്ചത് അക്കാലത്ത് ഒട്ടും അതിശയോക്തിപരമായിരുന്നില്ല. 21ാം നൂറ്റാണ്ടിലും ജാതിചിന്തകളും അതിന്റെ ഉപോൽപന്നമായ വിവേചനവും തൊട്ടുകൂടായ്മയും സംസ്ഥാനത്ത് നിലനിൽക്കുന്നുവെന്നത് മൂടിവയ്ക്കാനാകാത്ത ഒരു യാഥാർഥ്യം തന്നെയാണ്. പ്രബുദ്ധരാണ് കേരളീയരെന്ന വാഴ്ത്തുപാട്ട് ഇടതടവില്ലാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജാതീയത നൃത്തമാടുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെ അതിർലംഘിക്കുവാനും ജാതിവ്യവസ്ഥയെ ഇല്ലാതാക്കാനും മിശ്രഭോജനംകൊണ്ട് സാധ്യമാകുമെന്ന് ഡോ. അംബേദ്കർ നേരത്തെ സൂചിപ്പിച്ചിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നും ഭക്ഷണകാര്യങ്ങളിൽ പോലും ജാതീയത നിലനിൽക്കുന്നുണ്ട്. ആ യാഥാർഥ്യത്തെ മറച്ചുപിടിക്കാനാവില്ല. സഹോദരൻ അയ്യപ്പനും അനുയായികളും ഇതു തുടച്ചുനീക്കാൻ വിശ്രമമില്ലാതെ പ്രവർത്തിച്ചവരായിരുന്നു.
ബംഗളൂരുവിൽ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ ഡോ. പൽപ്പു, മെഡിക്കൽ പരീക്ഷ പാസായ തനിക്ക് തിരുവിതാംകൂർ സർക്കാർ ജാതിയുടെ പേരിൽ ജോലി നിഷേധിച്ചെന്നും ഇംഗ്ലീഷ് റെസിഡന്റിന്റെ സഹായത്തോടെയാണ് മൈസൂർ മെഡിക്കൽ സർവിസിൽ ജോലി കിട്ടിയതെന്നും ധരിപ്പിച്ചപ്പോഴാണ് സ്വാമി വിവേകാനന്ദൻ സംസ്ഥാനം സന്ദർശിച്ചതും കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞതും. വർണവിവേചനത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരേ കേരളത്തിൽ പലവിധത്തിലുള്ള നവോത്ഥാന സംരംഭങ്ങളും പ്രസ്ഥാനങ്ങളും പുരോഗമനാത്മകമായ പ്രവർത്തനങ്ങളും നടന്നുവെങ്കിലും അതൊന്നും ഇവിടെ ആഴ്ന്നിറങ്ങിയ ജാതിബോധത്തെ പിഴുതെറിയാൻ ഉപകരിച്ചില്ലെന്നാണ് സംസ്ഥാനത്ത് സമീപകാലത്തുണ്ടായ പല സംഭവങ്ങളും എടുത്തുകാണിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്കായി സമർഥമായി ഉപയോഗിച്ചവരായിരുന്നു അന്നത്തെ നേതൃത്വം. ജാതീയതയ്ക്കെതിരേയുള്ള നിലപാടുകൾ പ്രഖ്യാപിച്ചുകൊണ്ടിരുന്ന പാർട്ടി, തുടർഭരണത്തിലേറിയ ഈ സന്ദർഭത്തിൽപോലും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ജാതിവിവേചനത്തിനെതിരേ ശക്തമായ നടപടികളെടുക്കുന്നില്ല.
മനുഷ്യരെല്ലാം ഒന്നാണെന്ന ശ്രീനാരായണ ഗുരുവിന്റെ സിദ്ധാന്തം സി.പി.എം മുന്നോട്ടുവയ്ക്കുന്ന വർഗരാഷ്ട്രീയ സിദ്ധാന്തത്തിനായി ബോധപൂർവം ഉപയോഗപ്പെടുത്തുകയായിരുന്നു. അതിനാലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈഴവരും ദലിതരും കൂട്ടത്തോടെ അഭയംകണ്ടെത്തിയത്. അല്ലാതെ കാറൽ മാർക്സിന്റെ മൂലധനം വായിച്ച് ഉത്ബുദ്ധരായിട്ടല്ല. ദലിതുകളുടെയും ഈഴവരുടെയും സ്വത്വബോധത്തെ ഉണരാൻ അനുവദിക്കാതെ വർഗരാഷ്ട്രീയ സിദ്ധാന്തത്തിൽ പാർട്ടിയുടെ സവർണ നേതൃത്വം പിന്നോക്ക വിഭാഗങ്ങളെ തന്ത്രപൂർവം തളച്ചിട്ടു. ഇതര സംസ്ഥാനങ്ങളിൽ ഈഴവർക്ക് തുല്യരായ ജാതി, മത വിഭാഗങ്ങളും ദലിതുകളും സ്വയം സംഘടിച്ച് ശക്തരായപ്പോഴും കേരളത്തിലെ ദലിതുകൾ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് സ്വത്വബോധത്തോടെ സംഘടിച്ച് ശക്തരാകാൻ കഴിയാതെപോയി. സി.പി.എമ്മിന്റെ വർഗരാഷ്ട്രീയ സിദ്ധാന്തത്തിൽ ആകൃഷ്ടരായ ദലിത് വിഭാഗങ്ങൾ അവരുടെ സ്വത്വബോധം അവരറിയാതെ അടിയറവ് വയ്ക്കുകയായിരുന്നു. ദലിതുകളും പിന്നോക്ക ജാതി വിഭാഗങ്ങളും ജാതീയമായി അനുഭവിച്ചുകൊണ്ടിരുന്ന പീഡനങ്ങളും ആകുലതകളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വർഗസിദ്ധാന്തത്തിൽ പൂഴ്ത്തിവച്ചതിനാലാണ് ഇന്നും സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളും ദലിതുകളും ജാതിവിവേചനം നേരിട്ടുകൊണ്ടിരിക്കുന്നത്. വർഗരാഷ്ട്രീയ സിദ്ധാന്തം പ്രയോഗത്തിൽ വരുത്താൻ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സർക്കാർ ഇതുവരെ താൽപര്യം കാണിച്ചിട്ടുമില്ല.
ജാതിവിവേചനത്തിനെതിരേ ഇടതു സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് മാത്രമല്ല, കണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയും ചെയ്യുന്നു. എം.ജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ ദീപ അനുഭവിച്ചു കൊണ്ടിരുന്ന ജാതിവിവേചനം അവർ പ്രത്യക്ഷസമരത്തിന് ഇറങ്ങിയപ്പോഴാണ് പൊതുസമൂഹം അറിഞ്ഞത്. അതുവരെ ഉന്നത വിദ്യാഭ്യാസം ലഭിച്ച ഗൈഡിന്റെ ജാതീയപീഡനം അനുഭവിച്ചു വരികയായിരുന്നില്ലേ ആ വിദ്യാർഥി. മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തപ്പോൾ മാത്രമാണ് വൈസ് ചാൻസലറും സർക്കാരും വിഷയത്തിൽ ഇടപെട്ടത്. തമിഴ്നാട്ടിൽ ജാതിയുടെ പേരിൽ ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽനിന്ന് ഇറക്കിവിട്ട യുവതിയെ അവരുടെ വീട്ടിലെത്തി സമാശ്വസിപ്പിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമയം കണ്ടെത്തി. ജാതി, മത ചിന്തകൾക്ക് അതീതമായി നിലകൊള്ളുന്നുവെന്ന് ഊറ്റംകൊള്ളുന്ന കേരളത്തിലെ ഇടതു സർക്കാരിലെ ഏതെങ്കിലുമൊരു മന്ത്രി എം.ജി സർവകലാശാലയുടെ ജാതിവിവേചനത്തിനെതിരേ നിരാഹാരസമരം നടത്തിയ ദീപയെ സന്ദർശിച്ച് സാന്ത്വനിപ്പിച്ചോ ?
മനുഷ്യസ്നേഹികളുടെ ഉള്ളംപൊള്ളിക്കുന്ന മറ്റൊരു സംഭവമാണ് പത്തനംതിട്ട ജില്ലയിലെ പഴവങ്ങാടി പഞ്ചായത്തിൽ എട്ട് ദലിത് കുടുംബങ്ങൾക്ക് സൗജന്യമായി കിട്ടിയ ഭൂമിയിൽ വീടുവയ്ക്കാൻ അനുവദിക്കാതെ മറ്റൊരു വിഭാഗം തടസം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ ശക്തമായ പ്രതിഷേധ സമരത്തിലേക്ക് നീങ്ങാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. തൊട്ടുകൂട്ടായ്മക്കെതിരേയും പട്ടികജാതിക്കാർക്കെതിരേയുള്ള അതിക്രമം തടയുന്നതിനും നിയമമുള്ള സംസ്ഥാനത്താണ് പച്ചയായ ജാതീയവിവേചനം നടക്കുന്നത്. പുറമ്പോക്കുകളിലും വാടക മുറികളിലും കഴിയുന്ന എട്ട് നിർധന കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ മൂന്നു സെൻ്റ് വീതം വട്ടാർകയത്ത് വല്യത്ത് വീട്ടിൽ വർഗീസ് എന്ന മനുഷ്യസ്നേഹി സൗജന്യമായി നൽകിയ ഭൂമിയിലാണ് വീടുവയ്ക്കാൻ അനുവദിക്കുകയില്ലെന്നുപറഞ്ഞ് ഒരുവിഭാഗം വീടുപണി തടസപ്പെടുത്തിയിരിക്കുന്നത്. ജാതീയാധിക്ഷേപവും വധഭീഷണിയും ദലിതുകൾക്കു നേരെ ഉയർത്തിയിട്ടും വഴി തടസപ്പെടുത്തിയിട്ടും പൊലിസ് നടപടികളൊന്നുമെടുത്തില്ല. എന്നാൽ, വീടുനിർമാണം തടസപ്പെടുത്താൻ മുന്നിട്ടിറങ്ങിയവരുടെ വ്യാജപരാതിയിൽ ദലിതുകൾക്കെതിരേ കേസെടുത്തതായും ആക്ഷേപമുണ്ട്.
പാലക്കാട് ജില്ലയിലെ ഗോവിന്ദപുരത്ത് ചക്ലിയർ എന്ന വിഭാഗം വർഷങ്ങളായി സവർണ വിഭാഗങ്ങളുടെ ജാതീയാധിക്ഷേപത്തിനും വിവേചനത്തിനും ഇരയായിക്കൊണ്ടിരിക്കുകയാണ്. ചക്ലിയർ വിഭാഗത്തെ സവർണർ അടുപ്പിക്കുന്നില്ല. ചെരിപ്പിടാതെ എട്ടടി ദൂരെ നിൽക്കണം. അവരുടെ കൃഷിസ്ഥലങ്ങളിലോ മറ്റു സ്ഥലങ്ങളിലോ ചക്ലിയർ വിഭാഗത്തിന് ജോലി കൊടുക്കുന്നില്ല. യോഗി ആദിത്യനാഥ് എന്ന സവർണൻ ഭരിക്കുന്ന യു.പിയിലല്ല ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാനവത്വമാണ് തങ്ങളുടെ മതമെന്നും സാഹോദര്യമാണ് തങ്ങളുടെ ജാതിയെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഇടതുസർക്കാർ ഭരിക്കുന്ന നാട്ടിലാണ് ഈ അനർഥങ്ങളെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."