കൊവിഡ് പുതിയ വകഭേദം; വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ ആര്‍ക്കെങ്കിലും കൊവിഡ് ബാധിച്ചാല്‍ അവരുടെ സാമ്പിളുകള്‍ വിശദപരിശോധനക്ക് വിധേയമാക്കണം. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുന്നതിലും ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ റിപ്പോര്‍ട്ടനുസരിച്ച് ബോട്സ്വാന(3), ദക്ഷിണാഫ്രിക്ക(6), ഹോങ്കോങ്(1) എന്നിങ്ങനെ ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായി പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."