ബിനീഷ് കോടിയേരിക്ക് ഇനി പുതിയമുഖം ; ഷോൺ ജോർജിനൊപ്പം അഭിഭാഷക രംഗത്തേക്ക്
സ്വന്തം ലേഖകൻ
കൊച്ചി
ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ജാമ്യത്തിലിറങ്ങിയ ബിനീഷ് കോടിയേരി അഭിഭാഷക വൃത്തിയിലേക്ക്. പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനും മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ എൻ. മോഹൻദാസിന്റെ മകൻ നിനു മോഹൻദാസിനുമൊപ്പമാണ് ബിനീഷിന്റെ പുതിയ സംരംഭം.
അഡ്വ. എസ്.പി അരവിന്ദാക്ഷൻ പിള്ളയുടെ ഓഫിസുമായി സഹകരിച്ചാണ് ഇവർ പ്രാക്ടീസ് നടത്തുക. ഞായറാഴ്ച ഓഫിസ് പ്രവർത്തനങ്ങൾക്ക് തുടക്കമാകും. മൂവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. കോടിയേരി ബാലകൃഷ്ണൻ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.
അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങാനിരിക്കേയാണ് ബിനീഷ് കേസിൽ അറസ്റ്റിലാകുന്നതും ജയിലിൽ പോകുന്നതും. അഭിഭാഷകവൃത്തിക്കൊപ്പം അഭിനയവും ഒപ്പം കൊണ്ടുപോകാനാണ് ബിനീഷിന്റെ തീരുമാനം. വക്കീൽ കുപ്പായമണിയുമ്പോഴും രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് ഷോൺ ജോർജ് പറഞ്ഞു.
തിരുവനന്തപുരം ലോ അക്കാദമിയിലെ സഹപാഠികളായ ബിനീഷും ഷോണും നിനുവും 2006ലാണ് എൻറോൾ ചെയ്യുന്നത്. ഷോൺ ജോർജ് രണ്ടു വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.
കള്ളപ്പണ ഇടപാടിൽ ജയിലിൽ കഴിഞ്ഞിരുന്ന ബിനീഷ് കോടിയേരി ഒരു വർഷത്തിനുശേഷം കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."