അഞ്ചംഗ മലയാളി കുടുംബം മരിച്ച കാറപകടം; മരണം കവർന്നത് പുതിയ ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ
റിയാദ്: പുതിയ സ്ഥലത്തെ ജോലി ഏൽക്കാനുള്ള യാത്രക്കിടെയാണ് അഞ്ചംഗ കുടുംബത്തെ മരണം മാടിവിളിച്ചത്. കിഴക്കൻ സഊദിയിലെ ജുബൈലിൽ നിന്നും പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളും അപകടത്തിൽ മരിച്ചത്. ജുബൈലിലെ വര്ഷങ്ങളുടെ ജീവിതത്തിന് ശേഷമാണ് ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോയിരുന്നത്. ജിസാൻ, അസീർ, നജ്റാൻ മേഖലകളിലെ ഫീൽഡ് ഓഫീസറായി ഒരാഴ്ചക്ക് മുമ്പ് തന്നെ അദ്ദേഹം ജോലിയിൽ പ്രവേശിച്ചിരുന്നു.
മുഹമ്മദ് ജാബിർ പാണ്ടികശാലകണ്ടി (45), ഭാര്യ ഷബ്ന മുഹമ്മദ് ജാബിർ (36), ലൈബ മുഹമ്മദ് ജാബിർ (7) സഹ മുഹമ്മദ് ജാബിർ (5), ആൺകുട്ടിയായ ലുത്ഫി മുഹമ്മദ് ജാബിർ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ സ്വദേശി പൗരന്റെ ലാൻറ് ക്രൂയിസർ കാർ ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ജാബിറായിരുന്നു. അപകടത്തിൽ ഇവരുടെ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്. മൃതദേഹം ബിഷക്കടുത്ത് അൽ റൈൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് മാസങ്ങൾക്ക് മുമ്പ് മുഹമ്മദ് ജാബിർ അവധിക്ക് നാട്ടിലെത്തിയിരുന്നു. ഭാര്യയുടേയും ഇളയ മകളുടേയും താമസ വിസ മാത്രം നിലനിർത്തി മറ്റ് രണ്ട് കുട്ടികളേയും എക്സിറ്റടിച്ച് നേരത്തെ നാട്ടിലയച്ചിരുന്നു. ഇവർക്കുള്ള സന്ദർശക വിസയുമായാണ് ജാബിർ നാട്ടിലെത്തിയത്. ദുബൈയിൽ 14 ദിവസം ക്വാറന്‍റീൻ ഉൾപ്പെടെയുള്ള സംവിധാനമൊരുക്കിയാണ് ജാബിർ കുടുംബത്തെ തിരികെയെത്തിച്ചത്.
ജുബൈലിൽ നിന്നും പുതിയ താമസ സ്ഥലത്തേക്ക് മാറുന്നതിന്റെ മുന്നോടിയായി ആദ്യം വീട്ടുപകരണങ്ങൾ അയച്ചിരുന്നു. എന്നാൽ, വസ്തുക്കൾ അവിടെ എത്തിയിട്ടും കുടുംബം എത്താതിരുന്നതോടെ സുഹൃത്തുക്കൾ അന്വേഷണവുമായി രംഗത്തെത്തുകയായിരുന്നു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടാതായതോടെ കുടുംബത്തെ കാണാതായി വാർത്ത പരന്നു.
തുടർന്ന് കുടുംബത്തിന്റെ വിവരങ്ങൾ തേടി സോഷ്യൽ മീഡിയ വഴി അന്വേഷണം വ്യാപകമാക്കി. മലയാളി സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും അന്വേഷണത്തിനൊടുവിലാണ് അപകട വിവരം പുറത്തറിഞ്ഞത്.
അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. നോർക്കയുമായി ബന്ധപ്പെടുന്നുണ്ടെന്നും ജില്ലാ കലക്ടറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ബേപ്പൂരിലെ വീട്ടിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."