മാർപാപ്പ നിരീശ്വരവാദിയെന്ന് ആക്രോശിച്ച് ഓർത്തഡോക്‌സ് പുരോഹിതൻ
ഏതൻസ്
ഫ്രാൻസിസ് മാർപാപ്പയുടെ ഗ്രീസ് സന്ദർശനത്തിനിടെ അധിക്ഷേപവുമായി പുരോഹിതൻ. ഏതൻസിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പയ്‌ക്കെതിരേ ആക്രോശിച്ച് പാഞ്ഞടുത്ത പുരോഹിതൻ മതനിഷേധിയും നിരീശ്വരവാദിയുമാണ് പോപ്പെന്ന് ആക്രോശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഏതൻസിലെ ഓർത്തഡോക്‌സ് ആർച്ച് ബിഷപ്പിന്റെ അരമനയിലെത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഗ്രീക്ക് ഓർത്തഡോക്‌സ് സഭയിലെ ഒരു പുരോഹിതനാണ് മാർപാപ്പയ്ക്കുനേരെ ബഹളംവച്ച് പാഞ്ഞടുത്തത്. തുടർന്ന് പൊലിസ് ഇദ്ദേഹത്തെ പിടിച്ചുമാറ്റി. കറുത്ത ളാഹയും തൊപ്പിയും ധരിച്ചായിരുന്നു പുരോഹിതൻ എത്തിയത്.
ഫ്രാൻസിസ് മാർപാപ്പ മതനിഷേധിയാണെന്നും മാപ്പുപറയണമെന്നും സംഭവത്തിനുശേഷം വൈദികൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പോപ്പിനെ ഗ്രീസിൽ ആരും അംഗീകരിക്കുന്നില്ലെന്നും ഇദ്ദേഹം വിമർശിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.
1,200 വർഷമായി ഓർത്തഡോക്‌സ്-കത്തോലിക്കാ സഭകൾക്കിടയിലുള്ള രൂക്ഷമായ ഭിന്നതകളുടെയും ശത്രുതയുടെയും ഒടുവിലത്തെ ഉദാഹരണമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള സൈപ്രസിലെത്തിയപ്പോഴും മാർപാപ്പയ്‌ക്കെതിരേ പ്രതിഷേധമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."