HOME
DETAILS

അധിനിവേശകരുടെ മൃത്യുദണ്ഡ നിയമം പിൻവലിക്കുക

  
backup
December 07 2021 | 19:12 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b6%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b5%81%e0%b4%a6%e0%b4%a3%e0%b5%8d

ദാമോദർ പ്രസാദ്


നാഗാഭൂമിയിലെ പതിനഞ്ചു ഗ്രാമീണരുടെ ഏറ്റുമുട്ടൽ കൊലയ്ക്ക് കാരണം ഇന്റലിജൻസ് വീഴ്ചയാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പക്ഷേ ഈ വിശദീകരണം ഒരു പതിവ് പല്ലവിയാണ്. സംസ്ഥാന പൊലിസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ ഇന്ത്യൻ സായുധ സേനക്കെതിരേ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഗ്രാമീണരെ കൊന്നുവെന്ന് മാത്രമല്ല മൃതശരീരങ്ങളെ ടാർപോളിൻ ഉപയോഗിച്ചു മൂടാൻ ശ്രമിച്ചുവെന്നുമാണ്. നാഗാതീവ്രവാദികളാണെന്നുള്ള തെറ്റിദ്ധാരണയിലാണ് ഒരുകൂട്ടം തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തത് എന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷാ നൽകിയ വിശദീകരണം. വെടിവയ്പ് ഒരു കൈയബദ്ധമായി ഒടുങ്ങുന്ന വിധത്തിലേക്കാണ് കാര്യങ്ങൾ ചെന്നവസാനിക്കുമെന്ന് ന്യായമായും സംശയിക്കാവുന്നതിനുള്ള പ്രധാന കാരണം മൂൻകൂറായി തന്നെ കുറ്റവിമുക്തതയുടെ ഒരു സുരക്ഷ സൈനിക ഉദ്യോഗസ്ഥർക്കുള്ളതുകൊണ്ടാണ്. ഇത്തരത്തിലുള്ള ഇംപ്യുണിറ്റി (Impuntiy) സൈനിക വിഭാഗങ്ങളെ എല്ലാതരത്തിലും നിയമത്തിനതീതമാക്കുന്നു. ഒരു അന്വേഷണത്തിനും വിധേയപ്പെടേണ്ടതില്ല. ഇനി ഏതെങ്കിലും അന്വേഷണം നടന്നെന്നു തന്നെയിരിക്കട്ടെ അപൂർവസന്ദർഭങ്ങളിൽ മാത്രമേ ശിക്ഷാനടപടികളിലേക്ക് കടക്കാറുമുള്ളൂ.
യഥാർഥ പ്രശ്‌നം സായുധ സേനകൾക്ക് ആരോടും ഉത്തരം നൽകാൻ ബാധ്യതയില്ലാത്തവിധമുള്ള പരിരക്ഷ നൽകുന്ന ഭരണകൂടം നടപ്പാക്കിയിരിക്കുന്ന ആംഡ് ഫോഴ്‌സ് സ്‌പെഷൽ പവേഴ്‌സ് ആക്ട് ( AFSPA അഫ്‌സ്പാ) പോലുള്ള കരിനിയമങ്ങളാണ്. ഈ നിയമമനുസരിച്ചു കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഒരു സായുധ സേന ഉദ്യോഗസ്ഥനെയും പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുകയില്ല. പ്രശസ്ത പത്രപ്രവർത്തകൻ ജോസി ജോസഫ് 'നിശബ്ദ അട്ടിമറി'(Silent Coup) എന്ന പുസ്തകത്തിൽ സായുധ സേനകളും ഇന്റലിജൻസും ഭരണകൂടത്തിൽ ചെലുത്തുന്ന വമ്പിച്ച സ്വാധീനത്തെക്കുറിച്ചും എങ്ങനെ ഈ ശക്തികൾ ഭരണകൂടത്തിനുള്ളിലെ ഭരണകൂടമായി പ്രവർത്തിക്കുന്നു എന്നും വിശദീകരിക്കുന്നുണ്ട്. തീവ്രവാദികളെ നേരിടുകയെന്ന പേരിൽ ഒട്ടുമിക്കപ്പോഴും നിരപരാധികളായ പൗരന്മാരെ തന്നെയാണ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നത്. ഇങ്ങനെ സംഭവിക്കുന്നതിൽ സ്ഥിരമായി കണ്ടുവരുന്ന രീതിയെക്കുറിച്ചു ജോസി ജോസഫ് ഈ പുസ്തകത്തിൽ പറയുന്നുണ്ട്.


നാഗാഭൂമിയിൽ നടപ്പാക്കിയിരിക്കുന്ന അഫ്‌സ്പാ നിയമം പിൻവലിക്കുകയാണ് സമാധാനം പുനഃസ്ഥാപിക്കാൻ ഏറ്റവും ഉചിതമായ നടപടി. ബി.ജെ.പിയുടെ തന്നെ സഖ്യകക്ഷിയും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാംഗ്മ തന്നെ ആവശ്യപ്പെട്ടിരിക്കുന്നത് അഫ്‌സ്പ കരിനിയമം പിൻവലിക്കണമെന്നാണ്. അഫ്‌സ്പ നിയമമനുസരിച്ചു കേന്ദ്ര സർക്കാരിന് ഒരു സംസ്ഥാനത്തെയോ സംസ്ഥാനത്തിന്റെ ഒരു ഭാഗത്തെയോ ''പ്രശ്‌നബാധിത പ്രദേശമായി'' പ്രഖ്യാപിക്കാം. നിയമപ്രകാരം ആ പ്രദേശം പിന്നെ സായുധ സേനകളുടെ അധീനതയിലാണ്. സായുധസേന നിർബന്ധമായും അവിടുത്തെ സിവിൽ അധികാരത്തിനുമേൽ കനത്ത സ്വാധീനം ചെലുത്തുന്നു. പ്രശ്‌നബാധിത പ്രദേശം എന്ന പ്രഖ്യാപനത്തെ തുടർന്ന് സായുധസേനയ്ക്ക് പ്രാദേശിക പൊലിസ് സംവിധാനത്തെ മുൻകൂർ അറിയിക്കാതെ തന്നെ കരുതൽ അറസ്റ്റുകൾ നടത്താം, വാറന്റ് കൂടാതെ എവിടെയും പരിശോധിക്കാം, ആവശ്യമാണെന്ന് ബോധ്യമാണെങ്കിൽ കൊല്ലാം. അതേസമയം, സൈനിക വിഭാഗങ്ങൾക്ക് പ്രത്യേകമായ നിയമ പരിരക്ഷയുമുണ്ട്. 1958 ലെ നാഗാകലാപത്തെ നേരിടാനാണ് നെഹ്റുവിന്റെ കാലത്തു പാർലമെന്റ് ഈ കരിനിയമം നടപ്പാക്കിയത്. വടക്കുകിഴക്കൻ പ്രദേശങ്ങളിലെ മണിപ്പൂർ പോലുള്ള സംസ്ഥാനങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ പിന്നീട് കൊണ്ടുവരാനായി നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. 1983ൽ പഞ്ചാബിലും 1990ൽ കാശ്മിരിലും അഫ്‌സ്പ നിയമം ഭേദഗതികളോടെ നടപ്പാക്കി. കലാപ പ്രവർത്തനം തടയുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.


ആംഡ് ഫോഴ്‌സ് സ്‌പെഷൽ പവേഴ്‌സ് ആക്ടിന്റെ വംശാവലി ചെന്നെത്തുന്നത് പല കരിനിയമങ്ങളുടെ കാര്യമെന്ന് പോലെ ഇന്ത്യാവിരുദ്ധ ബ്രിട്ടീഷ് മർദന നിയമങ്ങളിലാണ്. ക്വിറ്റ് ഇന്ത്യ സമരത്തെ അമർച്ചചെയ്യാനാണ് ഈ കരിനിയമം ഓർഡിനൻസ് രൂപത്തിൽ 1942ൽ ആദ്യം അവതരിച്ചത്. അഫ്‌സ്പാ ബ്രിട്ടീഷ് അധിനിവേശശക്തികളുടെ മൃത്യുദണ്ഡ (Nacro Penal) നിയമമാണെന്ന തിരിച്ചറിവാണുണ്ടാക്കേണ്ടത്. മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യ രാജ്യത്തിന് അംഗീകരിക്കാനാവുന്നതല്ല ഈ കരിനിയമം. വ്യവസ്ഥാപിതമായ ഒരു പ്രക്രിയയുമില്ലാതെ എത്രയോ നിരപരാധികൾക്കുമേൽ കേന്ദ്ര സർക്കാരിനെതിരേ വിമത ശബ്ദമുയർത്തി എന്നൊരൊറ്റ കാരണത്തിന്റെ പേരിൽ കൊളോണിയൽ അവശിഷ്ടമായ രാജ്യദ്രോഹം ചുമത്തി ജയിലിൽ അടച്ച അതേ തലത്തിൽ അല്ലെങ്കിൽ അതിനേക്കാൾ കഠിനമായാണ് അഫ്‌സ്പാ നിയമം പ്രയോഗിക്കപ്പെടുന്നത്.
2004ൽ അസം റൈഫിൾസ് എന്ന അർധ സൈനിക വിഭാഗം തങ്കജം മനോരമയെ തട്ടിക്കൊണ്ടുപോയി ബാലത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരേ മണിപ്പൂരിൽ ഉയർന്ന വൻ പ്രതിഷേധത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് അഫ്‌സ്പാ പിൻവലിക്കുക എന്നതായിരുന്നു. പ്രതിഷേധത്തെ തണുപ്പിക്കാനായി അന്നത്തെ മൻമോഹൻ സിങ് സർക്കാർ അഫ്‌സ്പാ നിയമം പുനഃപരിശോധിക്കാൻ സുപ്രിംകോടതി ജഡ്ജിയായ ബി.പി ജീവൻ റെഡ്ഢിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു. 2005ൽ കമ്മിറ്റി സമർപ്പിച്ച നിർദേശം പ്രസ്തുത നിയമം പിൻവലിക്കുക എന്നതായിരുന്നു. സായുധ സേനയുടെ ഓപറേഷൻ നിലനിൽക്കുന്ന സ്ഥലങ്ങളിൽ പൗരന്മാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ കേൾക്കാനും സത്വരമായി നടപടികളെടുക്കാനും പരാതിപരിഹാര കമ്മിറ്റികൾ സ്ഥാപിക്കാനും ഈ കമ്മിറ്റി നിർദേശിക്കുകയുണ്ടായി. പക്ഷേ ഈ റിപ്പോർട്ടിനുമേൽ കുറച്ചുനാൾ അടയിരിക്കുകയും ഒടുവിൽ ദേശീയ സുരക്ഷയെക്കുറിച്ചുള്ള കാബിനറ്റ് കമ്മിറ്റിയുടെ നിർദേശം പരിഗണിച്ചു ജീവൻ റെഡ്ഢി കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുകയുമായാണ് ചെയ്തത്. അഫ്‌സ്പാ നിയമം ഭേദഗതി ചെയ്യാൻ പിന്നെയും ശ്രമങ്ങൾ നടന്നിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലുകൾക്ക് ഈ നിയമം മറയാക്കുന്നു എന്ന വസ്തുത അംഗീകരിക്കേണ്ടിവന്നിട്ടും ഈ നിയമം പിൻവലിക്കാനോ ഭേദഗതി ചെയ്യാനോ ഭരണകൂടം മടിക്കുകയാണ്. ഇതിനൊരു കാരണം സുരക്ഷാസേനയുടെ സിവിൽ ഭരണകൂടത്തിനുമേലുള്ള പിടുത്തം അത്രശക്തമാണ് എന്നത് തന്നെയാണ്. രണ്ടാമത് വലതുപക്ഷ ദേശീയവാദ വീക്ഷണത്തിന് ഉതകുംവിധം രൂപപ്പെടുത്തിയതാണ് ഈ കഠിന നിയമങ്ങൾ. അഫ്‌സ്പാ പോലുള്ള കരിനിയമങ്ങളിലൂടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രത്യേക പ്രദേശങ്ങളിൽ എത്രനാൾ വേണമെങ്കിലും നിലനിർത്തുകയും ചെയ്യാം.


നാഗാഭൂമിയിൽ പതിനഞ്ചു ഗോത്രവർഗക്കാരെ അർധസൈനിക വിഭാഗം കൊന്ന സംഭവം വെറുമൊരു കൈപ്പിഴയായി അവസാനിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കുന്നതല്ല. സംഭവത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണമായിരിക്കും ഏറ്റവും അഭികാമ്യം. കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ അതിനേക്കാൾ പരമപ്രധാനമായ കാര്യമാണ് അഫ്‌സ്പാ നിയമം പിൻവലിക്കുകയെന്നത്. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ അതിനു തയാറാകാനുള്ള സാധ്യത തീരെയില്ലെന്നു തന്നെ പറയാം. എന്നാൽ പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾക്ക് ഒരുമിച്ചു ഉയർത്തിക്കൊണ്ടുവരേണ്ട വിഷയമാണ് ഈ കരിനിയമത്തിന്റെ പിൻവലിക്കൽ. നാഗാഭൂമിയിലെ മോൺ ജില്ലയിൽ നടന്ന ഏറ്റുമുട്ടൽ കൊലയിൽ പ്രതിഷേധം ഉയരവേ സർക്കാർ കാശ്മിരിലും ചെയ്ത പോലെ ആദ്യം സ്വീകരിച്ച നടപടി ഇന്റർനെറ്റ് ഷട്ട് ഡൗൺ ചെയ്യുക എന്നതാണ്. ഇതും ഒരു സ്ഥിരം സമീപനമായിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളുടെ തുറന്നുള്ള അഭിപ്രായ പ്രകടനങ്ങളെയും അവരുടെ സംവേദന സമ്പർക്കങ്ങളെയും ഭരണകൂടം ഭയപ്പെടുകയാണ്. അടിസ്ഥാനപരമായി ജനാധിപത്യത്തിൽ വിശ്വാസരാഹിത്യം സംഭവിക്കുന്നത് ഭരണവർഗങ്ങൾക്കാണ്. ജനതയെ ഭരണാധികാരി വർഗം ഭയക്കുകയും കൂടുതൽ സുരക്ഷാ ഉപാധികളിലേക്ക് അവർ അഭയം തേടുന്നതും ഖേദകരമായ സ്ഥിതിവിശേഷമാണ്. ജനതയുടെ പ്രശ്‌നങ്ങളിൽനിന്ന് അകലുകയാണ് ഭരണാധികാരികൾ. ഇത്തരം സന്ദർഭത്തിൽ, സൈനിക, അർധ സൈനിക വിഭാഗങ്ങളും ഇൻ്റലിജൻസും പൊലിസും കൂടുതൽ കരുത്താർജ്ജിക്കുന്നു. അതിലൂടെ അധികാരത്തിനുള്ളിലെ ഏറ്റവും ആഴത്തിലുള്ള അധികാര കേന്ദ്രമായി ഈ സംവിധാനം മാറുകയാണ്. അതോടെ ജനാധിപത്യം അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു.


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തീരെ കുറഞ്ഞുവന്നിരിക്കുന്ന കലാപപ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുക മാത്രമേ സായുധ സേനയുടെ ഹിംസാത്മകത ഉപകരിക്കുകയുള്ളൂ. ഈ സംസ്ഥാനങ്ങളുടെ ഇന്ത്യയുമായുള്ള വൈകാരിക അകൽച്ച കുറയ്ക്കാനുള്ള നടപടികളിൽ ആദ്യം വേണ്ടത് അവിടുത്തെ ജനങ്ങളുടെ വിശ്വാസം നേടുകയെന്നുള്ളതാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെ അടിസ്ഥാനമായ ഫെഡറൽ സംവിധാനത്തെ അംഗീകരിച്ചുകൊണ്ടു ആദ്യം ചെയ്യേണ്ടത് അഫ്‌സ്പാ നിയമം എത്രയും പെട്ടെന്ന് പിൻവലിക്കുകയെന്നത് തന്നെയാണ്. മനുഷ്യാവകാശം ഒരു പ്രധാനപ്പെട്ട ജനാധിപത്യ മൂല്യമായി വലതുപക്ഷ ഭരണകൂടം ഉൾക്കൊണ്ടിട്ടില്ല. അതുകൊണ്ടാണ് സമഗ്രാധികാരികൾ അവകാശത്തിനു ബദലായി ഉത്തരവാദിത്വത്തെക്കുറിച്ച് പറയുന്നത്. ജനാധിപത്യവ്യവസ്ഥയിൽ ഏറ്റവും മുൻഗണന നൽകേണ്ടത് ഭരണകൂടവും ഭരണാധികാരികളും പുലർത്തേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വത്തിനാണ്. ജനാധിപത്യസങ്കൽപങ്ങൾക്കു വിരുദ്ധമായി ഭരണാധികാരികളുടെ അവകാശങ്ങളും ജനതയുടെ ഉത്തരവാദിത്വങ്ങളുമെന്ന നിലയിൽ വിരോധാഭാസജനകമായിരിക്കുന്നു സമകാലിക രാഷ്ട്രീയം. വികസന ചർച്ചകളിലും ഏതാണ്ട് ഈ അസംബന്ധ വ്യവഹാരമാണ് പലയിടത്തുനിന്നും കേൾക്കുന്നത്.


നാഗാഭൂമിയിൽ നടന്ന ഈ ഏറ്റുമുട്ടൽ കൊല തന്നെ ശ്രദ്ധിക്കുക. സായുധ സേന ഉദ്യോഗസ്ഥർ അവരിൽ അർപ്പിതമായ ഉത്തരവാദിത്വം ശരിക്കും നിർവഹിച്ചിരുന്നുവെങ്കിൽ പതിനഞ്ചു വിലപ്പെട്ട ജീവൻ നഷ്ടപ്പെടുമായിരുന്നില്ല. മനുഷ്യാവകാശപരമായ ബോധത്തിന്റെ അഭാവമാണ് ഈ കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. ഈ ഉത്തരവാദിത്വരാഹിത്യം സംഭവിക്കുന്നത് സായുധ സേന അംഗങ്ങൾക്ക് ഏതു കൃത്യത്തിനും നിയമപരമായ പരിരക്ഷയുണ്ടെന്ന വിശ്വാസത്തിലാണ്. അത് തിരുത്തപ്പെടേണ്ടതാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് സായുധസേനയുടെ ഏതുവിധം നടപടികൾക്കും നിയമപരമായ അക്കൗണ്ടബിലിറ്റി കൊണ്ടുവരിക എന്നുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  5 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  5 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  5 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  5 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  5 days ago