ആരു തടഞ്ഞാലും അതിവേഗമോടും
കടുത്ത കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലുമകപ്പെട്ട് ക്ഷീണിച്ച കേരളത്തിന് ആരോഗ്യം തിരിച്ചെടുക്കാന്‍ കഠിനവ്യായാമം തന്നെ ആവശ്യമായ കാലമാണിത്. അതിന് ഇടക്കിടെ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും അതിവേഗം ഓടിക്കൊണ്ടിരിക്കണം. ഓട്ടത്തേക്കാള്‍ മികച്ചൊരു വ്യായാമമില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ ഇവിടെ അതിനു പറ്റിയ പാതയില്ല. അതുണ്ടാകണം. അതിനാണ് കെ റെയില്‍ എന്നും സില്‍വര്‍ ലൈനെന്നും അതിവേഗപാതയെന്നും മറ്റും പല പേരുകളില്‍ വിളിക്കുന്ന ഇരുമ്പുപാളങ്ങള്‍ സ്ഥാപിക്കുന്നത്.
ഒരു പേരിലെന്തിരിക്കുന്നു. കാര്യം നടക്കുകയല്ലേ പ്രധാനം.അതിനുവേണ്ടി നമ്മുടെ മുഖ്യമന്ത്രി ചെറുതായൊന്നുമല്ല പാടുപെടുന്നത്. കഠിനാദ്ധ്വാനം എന്നുതന്നെ വേണമെങ്കില്‍ പറയാം. ആരെങ്കിലും അതിനെ ഭഗീരഥപ്രയത്‌നമെന്ന് വിളിച്ചാലും തെറ്റില്ല. ഭഗീരഥന് പോലും അതില്‍ വിരോധമുണ്ടാകാനുമിടയില്ല. എന്നാല്‍ ഇത് കേരളമല്ലേ. വികസനവിരോധികളെന്ന ഇനം മനുഷ്യര്‍ ഇവിടെ കണക്കിലധികമുണ്ട്. ദക്ഷിണ റെയില്‍വേ മുതല്‍ പരിസ്ഥിതിവാദികളെയും പ്രതിപക്ഷ കക്ഷികളെയും കടന്ന് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയുടെ ഉള്ളിലേക്കു വരെ വികനസനവിരുദ്ധ ഇടനാഴി നീണ്ടുകിടക്കുന്നുണ്ട്.
പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ ഇവരെല്ലാം അതിന് ഉടക്കും തുടങ്ങിയിട്ടുണ്ട്. ചിലര്‍ മാര്‍ച്ചും ധര്‍ണയുമൊക്കെ തുടങ്ങി. അതെല്ലാം അവഗണിച്ച് കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങിയപ്പോള്‍ വലിയൊരു ഉടക്കുമായി കേന്ദ്ര സര്‍ക്കാര്‍ വന്നു. വിദേശത്തുനിന്ന് വായ്പയെടുക്കാന്‍ ജാമ്യം നില്‍ക്കാനാവില്ലെന്ന് ഒറ്റപ്രഖ്യാപനം. ബന്ധുക്കളോ നാട്ടുകാരോ വായ്പയ്ക്ക് ജാമ്യമായി ശമ്പള സര്‍ട്ടിഫിക്കറ്റ് ചോദിച്ചു ചെല്ലുമ്പോള്‍ നമ്മുടെ നാട്ടിലെ ചില അര്‍ക്കീസ് സര്‍ക്കാരുദ്യോഗസ്ഥര്‍ ചെയ്യുന്നതുപോലെ.
രണ്ടാമത്തെ പണി തന്നത് ദക്ഷിണ റെയില്‍വേയാണ്. കെ റെയില്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തമായി ഭൂമി നല്‍കാമെന്നു പറഞ്ഞ ആ തീവണ്ടിക്കമ്പനി ഇപ്പോള്‍ പറയുന്നത് അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ്. കേരള സര്‍ക്കാരിനോടാണോ കളി. നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടുവച്ച കാല്‍ ചെരിപ്പ് പൊട്ടിയാലും പിറകോട്ടു വലിക്കാറില്ല. അങ്ങനെയൊരു ശീലമില്ല. റെയില്‍വേ സ്ഥലം തന്നില്ലെങ്കില്‍ വേറെ സ്ഥലം കാശ് കൊടുത്തു വാങ്ങും. പദ്ധതിച്ചെലവ് പിന്നെയും കൂടുമായിരിക്കും. അതും കടം വാങ്ങിയാല്‍ മതിയല്ലോ.
അതങ്ങനെ പരിഹരിക്കാമെങ്കിലും പിന്നെയുമുണ്ട് ശല്യങ്ങള്‍. യു.ഡി.എഫും ബി.ജ.പിയും പിന്നെ അല്ലറചില്ലറ പാര്‍ട്ടികളും സംഘടനകളുമാണ് ശല്യമുണ്ടാക്കുന്നതിൽ പ്രമുഖര്‍. ബി.ജെ.പിക്കാര്‍ക്ക് അവര്‍ ഭരിക്കുന്നിടങ്ങളില്‍ ഇതിലും വലുത് കൊണ്ടുവന്നാലും കുഴപ്പില്ല. ഒരുകാലത്ത് മറ്റുള്ളവരെ വികസനവിരോധികളെന്ന് വിളിച്ചിരുന്ന കോണ്‍ഗ്രസിനും ലീഗിനും ഇപ്പോള്‍ വല്ലാത്ത പരിസ്ഥിതി സ്‌നേഹം.
ബൂര്‍ഷ്വാസികളാണല്ലോ ഫാസിസ്റ്റുകളാണല്ലോ എന്നൊക്കെ കരുതി അതൊക്കെ സഹിക്കാം. എന്നാല്‍ കൂട്ടത്തിലിരുന്നും ചിലര്‍ പണിതരുന്നു. കൂടെയുണ്ടെന്നു പറഞ്ഞുനടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന് പഴയ ജുബ്ബ- തുണിസഞ്ചി പരിസ്ഥിതി സ്‌നേഹത്തിന്റെ അസ്‌ക്യത വിട്ടുമാറിയിട്ടില്ല. അവര്‍ വേഗപ്പാതയ്‌ക്കെതിരേ എന്തൊക്കെയോ പ്രചാരണം നടത്തുന്നു. പിന്നെ കൂട്ടത്തിലിരുന്ന് ഭരിക്കുന്നവരാണെങ്കിലും സി.പി.ഐക്കാരും എണ്ണംപറഞ്ഞ വികസനവിരോധികളാണ്. കുറച്ചുകാലമായി അവര്‍ അടങ്ങിയൊതുങ്ങി ഇരിക്കുകയായിരുന്നെങ്കിലും അവരുടെ യുവജന സംഘടനയായ ആള്‍ ഇല്ലാത്ത യൂത്ത് ഫെഡറേഷനും യുവകലാസാഹിതിയുമൊക്കെ കുത്തിത്തിരിപ്പുണ്ടാക്കുന്നതിനാല്‍ കാനം രാജേന്ദ്രനും എന്തൊക്കെയോ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ഇതിലൊന്നും പെടാത്ത ചില നാട്ടുകാരും കുത്തിത്തിരിപ്പ് തുടങ്ങിയിട്ടുണ്ട്. കെ റെയിലിന് സ്ഥലമെടുക്കുന്നതിന് മുന്നോടിയായി നാട്ടുകാരുടെ സ്വകാര്യ ഭൂമിയില്‍ കയറി കല്ലിടുന്ന ഉദ്യോഗസ്ഥരെ തടയുന്നു. കല്ല് പിഴുതെറിയുന്നു. മൊത്തത്തില്‍ ഹലാക്കിന്റെ അവിലുംകഞ്ഞി.
എന്നാല്‍ ഇതൊക്കെ കണ്ട് കേളന്‍ കുലുങ്ങുമെന്ന് ആരും കരുതേണ്ട. ഇതുപോലുള്ള കുത്തിത്തിരിപ്പുകളെ എങ്ങനെ നേരിടണമെന്ന് നന്നായറിയാം. വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറുന്ന ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമമടക്കം പലതും ചുമത്തി കേസെടുക്കുന്നുണ്ട്. കൊറോണക്കാലമായതിനാല്‍ അങ്ങനെ ഒരു സൗകര്യമുണ്ടല്ലോ. എന്നിട്ടും അധികം കളിച്ചാല്‍ എടുത്തുവീശാന്‍ യു.എ.പി.എ പോലെയുള്ളവയും കൈയിലുണ്ട്. അറിഞ്ഞുകളിച്ചാല്‍ എല്ലാവര്‍ക്കും നല്ലത്. ആരെന്തു ചെയ്താലും പദ്ധതി നടപ്പാക്കുമെന്ന വാശിയില്‍ തന്നെയാണ് അന്തിമ അനുമതിക്കായി കേന്ദ്രത്തിന് കത്തെഴുതിയത്. നടപ്പാക്കുമെന്നു പറഞ്ഞാല്‍ അത് നടപ്പാക്കുമെന്നു തന്നെയാണ്.
ചില രാഷ്ട്രരക്ഷാ കുരുതികൾ
ഖലിസ്ഥാന്‍ തീവ്രവാദികളെ അടിച്ചമര്‍ത്തുകയെന്ന മഹാദൗത്യം ഏറ്റെടുത്ത പഞ്ചാബിലെ പൊലിസ് മേധാവിയായിരുന്ന കെ.പി.എസ് ഗില്‍ ഒരു ലൈംഗിക പീഡനക്കേസില്‍ പെട്ടത് രാജ്യമാസകലം വലിയ വാര്‍ത്തയായിരുന്നു. ഒരു വിരുന്നില്‍ മദ്യലഹരിയില്‍ ഗില്‍ ഐ.എ.എസ് ഉദ്യോഗസ്ഥയായിരുന്ന രൂപന്‍ ഡിയോള്‍ ബജാജിന്റെ ശരീരത്തില്‍ കയറിപ്പിടിച്ചു എന്നായിരുന്നു കേസ്.
പിന്മാറാന്‍ വലിയ സമ്മര്‍ദങ്ങളുണ്ടായിട്ടും രൂപന്‍ കേസില്‍ ഉറച്ചുനിന്നു. അക്കാലത്ത് പിന്മാറാനുള്ള സമ്മര്‍ദവുമായി തന്നെ കാണാനെത്തിയ ചില ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞത് രൂപന്‍ വെളിപ്പെടുത്തിയിരുന്നു. ഈ കേസുമായി മുന്നോട്ടുപോയാല്‍ ഗില്ലിന്റെയും പഞ്ചാബ് പൊലിസ് സേനയുടെയും ആത്മവീര്യം തകരുമെന്നും അത് രാജ്യത്തിന്റെ സുരക്ഷിത്വത്തെ അപകടത്തിലക്കുകയും ചെയ്യുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.
എന്തുതന്നെയായാലും താന്‍ കേസില്‍ ഉറച്ചുനില്‍ക്കുമെന്നും ഇത് തന്റെ മാനത്തിന്റെ വിഷയമാണെന്നും രൂപന്‍ പറഞ്ഞപ്പോള്‍, നിങ്ങള്‍ക്ക് രാജ്യസ്‌നേഹമോ നിങ്ങളുടെ മാനമോ വലുതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. മാനമാണ് വലുതെന്ന മറുപടിയില്‍ രൂപന്‍ ഉറച്ചുനിന്നതിനാല്‍ ഒടുവില്‍ ഗില്ലിനെ കോടതി ശിക്ഷിച്ചു. അതെന്തായാലും രാഷ്ട്രരക്ഷയ്ക്ക് പ്രജകള്‍ പലതും ത്യജിക്കണമെന്നത് ലോകത്ത് ഭരണകൂടങ്ങള്‍ രൂപംകൊണ്ട കാലം മുതല്‍ നാട്ടുനടപ്പാണ്. പ്രാചീന നാട്ടുരാജ്യങ്ങളില്‍ അതൊരു നിര്‍ബന്ധം കൂടിയായിരുന്നു. അതുകൊണ്ടാണ് പുരോഹിതന്‍മാരുടെയും പട്ടാളക്കാരുടെയും ലൈംഗികദാഹം ശമിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ദേവദാസിപ്പെണ്ണുങ്ങളോട്, പട്ടാളക്കാരെ ആനന്ദിപ്പിച്ച് ഊര്‍ജസ്വലത നിലനിര്‍ത്തുന്ന അവരുടെ കര്‍മം രാഷ്ട്രസേവനമാണെന്ന് ആര്‍ഷഭാരതം പറഞ്ഞത്.
പെണ്ണിന്റെ മാനം മാത്രമല്ല ചിലപ്പോള്‍ മനുഷ്യജീവനും രാജ്യസുരക്ഷയ്ക്കായി ബലിനല്‍കേണ്ടി വരാറുണ്ട്. ഒരുപാട് പട്ടാളക്കാരുടെ ജീവനുകള്‍ എല്ലാ രാജ്യങ്ങളുടെയും നിലനില്‍പ്പിനായി ബലികൊടുത്തിട്ടുണ്ട്. രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തൊഴിലായി തന്നെ സ്വീകരിച്ച് ഇറങ്ങിത്തിരിക്കുന്ന അവരോടൊപ്പം മരണം സദാസമയവും ഉണ്ടാകും. അതിനു പുറമെ രാഷ്ട്രങ്ങളുടെ ഭദ്രത സംരക്ഷിക്കാനായി വിഘടനവാദികള്‍ക്കും ഭീകരവാദികള്‍ക്കുമെതിരേ പൊലിസും പട്ടാളവും നടത്തുന്ന പോരാട്ടത്തില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെടാറുണ്ട്.
കലര്‍പ്പില്‍ ഏഴര എന്ന നിലയിലാണല്ലോ ഭീകരര്‍ക്കെതിരായ പോരാട്ടം. അവര്‍ പലപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഇടകലര്‍ന്നാണ് ജീവിതം. അക്കൂട്ടത്തില്‍ ഭീകരവാദിയേത്, വിഘടനവാദിയേത്, മിതവാദിയേത്, തിരുത്തല്‍വാദിയേത്, യുക്തിവാദിയേത് എന്നൊന്നും പെട്ടെന്ന് തിരിച്ചറിയാനായെന്നുവരില്ല. മാവായിസ്റ്റുകളെപ്പോല ഒലിവ് ഗ്രീന്‍ ചെ ഗുവേരക്കുപ്പായം യൂണിഫോമായി ധരിക്കുന്നവരല്ല എല്ലാ തീവ്രവാദികളും. അതുകൊണ്ടുതന്നെ ഭീകരരെ വെടിവച്ചു വീഴ്ത്തുമ്പോഴും പിടികൂടുമ്പോഴും വ്യാജമോ അല്ലാത്തതോ ആയ ഏറ്റുമുട്ടലുണ്ടാകുമ്പോഴും സാധാരണക്കാരും അതില്‍ പെടാറുണ്ട്.
നാഗാലാന്‍ഡിലും അതുപോലെയാണ് സംഭവിച്ചത്. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പട്ടാളത്തിന് ക്രമസമാധാന രംഗത്തടക്കം ജനജീവിതത്തില്‍ ഇടപെടാന്‍ അനുമതി നല്‍കുന്ന അഫ്‌സ്പ എന്നൊരു നിയമമുണ്ട്. അങ്ങനെ ഒരു അനുമതി കിട്ടിയാല്‍ പിന്നെ പട്ടാളക്കാര്‍ അരങ്ങുതകര്‍ക്കുമെന്ന് ഉറപ്പ്. നാഗാലാന്‍ഡിന്‍ വിഘടനവാദികളായ തീവ്രവാദികളെ കൊന്നൊടുക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന പട്ടാളക്കാര്‍ ഒരു ജീപ്പില്‍ ഖനിത്തൊഴിലാളികളായ ഗ്രാമീണര്‍ പോകുന്നതു കണ്ടു. അവരുടെ വണ്ടിയില്‍ തോക്കുപോലെ തോന്നിക്കുന്ന എന്തോ ഉപകരണവും കണ്ടു. പിന്നാലെ ചെന്ന് ഒരു വെടിവച്ചപ്പോള്‍ അവര്‍ ജീപ്പില്‍നിന്ന് ഇറങ്ങിയോടി. എല്ലാ ഭീകരവാദികളും പൊലിസിനെയോ പട്ടാളത്തെയോ കണ്ടാല്‍ പേടിച്ചോടുന്നവരാണല്ലോ. ചില പട്ടാളക്കാരും പൊലിസുകാരുമൊക്കെ ഭീകരവാദി വേട്ടകളില്‍ മരിക്കുന്നത് അവര്‍ക്കു പിറകെ ഓടി തടഞ്ഞുവീണിട്ടാണ്. അതുകൊണ്ട് ഓട്ടം കണ്ടപ്പോള്‍ അവര്‍ ഭീകരവാദികളാണെന്ന് ഉറപ്പിച്ചു. തുരുതുരാ വെടിവച്ചു. അങ്ങനെയാണ് കുറച്ചാളുകള്‍ അവിടെ മരിച്ചത്.
അതിനെയൊന്നും വെറുതെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവര്‍ വെറുതെ മരിച്ചതല്ലല്ലോ. രാഷ്ട്രസുരക്ഷയ്ക്കായി ജീവന്‍ ബലിനല്‍കിയതല്ലേ. അതോര്‍ത്ത് രാജ്യത്തെ ജനതയും അവരുടെ ബന്ധുക്കളുമൊക്കെ അഭിമാനിക്കുകയല്ലേ വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."