ഇൗ ചോരക്കൊതി എന്നവസാനിക്കും?
നൂറ്റാണ്ടിന് മുമ്പ് സംസ്ഥാനത്ത് നടമാടിയിരുന്ന ജാതിസ്പർധ നേരിട്ടുകണ്ട് കേരളത്തെ ഭ്രാന്താലയത്തോട് ഉപമിച്ച മഹാമനീഷിയായിരുന്നു സ്വാമി വിവേകാനന്ദൻ. ജാതിക്കോമരങ്ങൾ ചുടലനൃത്തമാടിയിരുന്ന അന്നത്തെ കേരളത്തിൽ പഠിപ്പുണ്ടായിട്ടും അവസരംകിട്ടാതെ ബംഗളൂരുവിൽ സേവനം ചെയ്യുകയായിരുന്ന ഡോക്ടർ പൽപ്പുവിന്റെ അപേക്ഷപ്രകാരമായിരുന്നു സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്. കാലം മാറിയെങ്കിലും ഉള്ളിലുള്ള തൊട്ടുകൂടായ്മ ഇപ്പോഴും കേരളത്തിൽ നിന്ന് പൂർണമായും വിട്ടുപോയിട്ടില്ല. ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് കേരളത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ. ആശയങ്ങളെ സംവാദങ്ങൾ കൊണ്ട് വിശകലനം ചെയ്യുന്നതിനുപകരം കൊടുവാൾ കൊണ്ട് പരിഹാരം കണ്ടെത്തുന്ന രാഷ്ട്രീയ ഭ്രാന്തന്മാരുടെ നാടായി കേരളം എന്നോ അധഃപതിച്ചതാണ്. എന്നിട്ടും ഈ "ഭ്രാന്താലയ "ത്തെ പ്രബുദ്ധകേരളമെന്ന് ഇടയ്ക്കിടെ വിശേഷിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. തന്റെ പാർട്ടിയിലെ പ്രവർത്തകനാണ് കൊല്ലപ്പെട്ടതെങ്കിൽ കഠാര രാഷ്ട്രീയത്തിൽ അരിശംകൊള്ളുകയും എതിർപാർട്ടിയിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടതെങ്കിൽ അകമേ ആഹ്ലാദിക്കുകയും ചെയ്യുന്ന പ്രാകൃതയുഗ മനുഷ്യരായി രാഷ്ട്രീയപ്രവർത്തകരിൽ ചിലർ മാറിയിട്ടുണ്ട്.
എതിർപാർട്ടിക്കാരന്റെ കൊലക്കത്തിക്ക് ഇരയാകുന്നത് ഒരിക്കലും വ്യക്തി വൈരാഗ്യത്തിലല്ല. ആശയങ്ങളുടെ സംഘട്ടനം ഉണ്ടാകേണ്ടിടത്ത് ആയുധങ്ങളുടെ സംഘട്ടനങ്ങൾ ഉണ്ടാകുമ്പോഴാണ്. ഒരു മനുഷ്യനെ ഇല്ലാതാക്കുമ്പോൾ ആ വ്യക്തിയെ മാത്രമല്ല തുടച്ചുനീക്കുന്നതെന്നും അയാളുടെ ആശ്രയത്തിൽ കഴിയുന്ന കുടുംബവും അനാഥമാകുമെന്ന് കൊലയാളി ഓർക്കുന്നില്ല. കൊല്ലപ്പെടുന്നവന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ അനാഥരായി അലയുന്ന കാഴ്ചകൾക്കപ്പുറം എന്തുനേട്ടമാണ് രാഷ്ട്രീയ കൊലപാതകങ്ങൾ സമൂഹത്തിന് നൽകുന്നത്. കുടുംബനാഥന്മാർ നഷ്ടപ്പെട്ടവരുടെ കണ്ണീരിൽ അലിയിച്ച് തീർക്കാനാവില്ല രാഷ്ട്രീയ കൊലപാതകികളുടെ മഹാപാപങ്ങൾ.
ഓരോ രാഷ്ട്രീയ കൊലപാതകം കഴിയുമ്പോഴും ഇനി ആവർത്തിക്കരുതെന്ന് മനുഷ്യസ്നേഹികൾ ആത്മാർഥമായി ആഗ്രഹിക്കാറുണ്ടെങ്കിലും എല്ലാ പ്രതീക്ഷകളിലും കാളിമ പടർത്തിക്കൊണ്ട് കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതിനപ്പുറമുള്ള രാഷ്ട്രീയ കൊലപാതക വാർത്തകളാണ് നേരം പുലരുമ്പോൾ കേൾക്കേണ്ടിവരുന്നത്.
കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ പതിനഞ്ച് കിലോമീറ്ററിനുള്ളിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തെ നടുക്കിക്കൊണ്ട് ആലപ്പുഴയുടെ മണ്ണിൽ ചോരക്കളം തീർത്തത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊലക്കത്തിക്കിരയായത്. മുമ്പ് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ രണ്ട് കൊലപാതകങ്ങളുമെന്നത് കൂടുതൽ ഭയാശങ്കകൾ ഉണ്ടാക്കുന്നു. നേരത്തെ സാധാരണ പ്രവർത്തകരായിരുന്നു രാഷ്ട്രീയ കൊലപാതകങ്ങൾക്കിരയായിരുന്നതെങ്കിൽ എസ്.ഡി.പി.ഐ സംസ്ഥാന നേതാവിന്റെ കൊലപാതകത്തോടെ അത് നേതാക്കളിലേക്കെത്തുന്നുവെന്നതും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബി.ജെ.പിയുടെ സംസ്ഥാന നേതാവും കൊല്ലപ്പെടുന്നുവെന്നതും കേരളത്തിന്റെ ശാന്തിയും സമാധാനവും എന്നെന്നേക്കുമായി ഇല്ലാതാകുമോയെന്ന ആകുലതയാണ് ഉളവാക്കുന്നത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആർ.എസ്.എസ് പ്രവർത്തകർ തുരുതുരാവെട്ടിയാണ് കൊലപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. ഇതിൽ നിന്ന് വ്യക്തമാകുന്നത് കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണെന്നാണ്. കൊലയ്ക്ക് പകരം കൊല തന്നെയെന്ന ആപൽ തീരുമാനമാണ് മണിക്കൂറുകൾക്കകം തന്നെ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊലചെയ്യപ്പെട്ടതിലൂടെ പ്രാവർത്തികമായത്. രണ്ടുപേരും യുവാക്കളാണ്. ആരോഗ്യവും ആയുസും ഉണ്ടായിരുന്നെങ്കിൽ കുടുംബങ്ങൾക്ക് താങ്ങായി ഇരുവരും ഈ ലോകത്ത് കുറേക്കാലം കൂടി ജീവിക്കുമായിരുന്നു. രണ്ടു കുടുംബങ്ങളെ അനാഥത്വത്തിലേക്ക് തള്ളിവിട്ടുകൊണ്ട് എന്ത് രാഷ്ട്രീയനേട്ടമാണ് ഇരുപാർട്ടികളും നേടുന്നത് ?
ആലപ്പുഴയിലുണ്ടായ രണ്ട് കൊലപാതകങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചതിൽ എന്ത് ആത്മാർഥതയാണുള്ളത്. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പലപ്പോഴും ഒരുഭാഗത്ത് സി.പി.എം ആയിരിക്കും ഉണ്ടാവുക. സി.പി.എമ്മിന്റെ രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിച്ച് വരമ്പത്ത് കൂലി കൊടുക്കുമെന്ന് പറഞ്ഞത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്തിനെയും സി.പി.എം പ്രവർത്തകർ നിഷ്ക്കരുണം വെട്ടിമുറിച്ചത് പ്രദേശത്ത് അവർ ജനസമ്മതി നേടുന്നതിൽ അരിശം പൂണ്ടായിരുന്നു. കൊലയാളികളെ രക്ഷിക്കാൻ സി.പി.എം സുപ്രിംകോടതിയിലെ അഭിഭാഷകരെ വരെ കൊണ്ടുവന്നു. പൊതുഖജനാവിൽ നിന്ന് പണമെടുത്താണ് അവർക്ക് ലക്ഷങ്ങൾ ഫീസ് നൽകിയത്. ഈ പാപക്കറകളെല്ലാം പേറുന്ന സി.പി. എമ്മിനും മുഖ്യമന്ത്രിക്കും രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിക്കാൻ എന്ത് അർഹതയാണുള്ളത്. പെരിയ ഇരട്ടക്കൊലയ്ക്ക് പുറമെ രാഷ്ട്രീയബന്ധമുള്ള ഏഴ് കൊലപാതകക്കേസുകളാണ് മലബാറിൽ സി.ബി.ഐ അന്വേഷിക്കുന്നത്. എട്ടെണ്ണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അരനൂറ്റാണ്ടിനിടെ കണ്ണൂരിലുണ്ടായത് 225 രാഷ്ട്രീയ കൊലപാതകങ്ങളാണ്.
ആദ്യം സ്വന്തം അണികളോട് കൊലക്കത്തി താഴെയിടാനാണ് മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടത്. സംസ്ഥാനത്ത് അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മതപരവും സാമുദായികവും സാമൂഹികവുമായ സ്പർധ സർക്കാർ സൃഷ്ടിയാണ്. ഇത്തരം സ്പർധകൾ രൂപപ്പെടുന്നതിൽ ഇടതുസർക്കാർ വഹിക്കുന്ന പങ്ക് മറച്ചുവച്ചിട്ട് കാര്യമില്ല. ഇനിയുമൊരു ഭരണത്തുടർച്ചയ്ക്ക് വേണ്ടിയായിരിക്കാം ഇതെല്ലാം ചെയ്യുന്നത്. പക്ഷേ, അതിന്റെ പരിണിതഫലങ്ങളെല്ലാം ഭയാനകമായിരിക്കുമെന്ന് സർക്കാർ ഓർക്കണം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളും ഇതിന്റെ അനുപൂരണമാണ്.
പാലക്കാട്ട് ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ പൊലിസ് കുറച്ചുകൂടി ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ആലപ്പുഴയിലെ ഇരട്ടക്കൊല തടയാമായിരുന്നു. പ്രതിഷേധ സമരങ്ങളിൽ മുദ്രാവാക്യം വിളിക്കുന്ന മുസ്‌ലിം പേരുള്ളവരെ തീവ്രവാദികളായി ചിത്രീകരിച്ച് എഫ്.ഐ.ആർ തയാറാക്കുന്ന ഉത്സാഹമൊന്നും രാഷ്ട്രീയ കൊലപാതകങ്ങൾ അമർച്ചചെയ്യുന്നതിൽ പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
കൊലപാതകികൾക്ക് കിട്ടുന്ന സ്വീകാര്യത, സാമ്പത്തികാനുകൂല്യങ്ങൾ, ഭരണകൂടം കനിഞ്ഞുനൽകുന്ന പരോളുകൾ, കിട്ടിക്കൊണ്ടിരിക്കുന്ന രാജകീയ പരിവേഷം, പിടിക്കപ്പെടുന്നത് ഡമ്മി കൊലപാതകികൾ എന്നിവയാണ് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കാതിരിക്കാനുള്ള കാരണങ്ങൾ. ഇതെല്ലാം നിർത്തിയാൽ തീരാവുന്നതേയുള്ളൂ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ. അല്ലാതെ ഭരണാധികാരിയുടെ അപലപിക്കൽ നാടകങ്ങൾ കൊണ്ടൊന്നും കൊലപാതകങ്ങൾ അവസാനിക്കാൻ പോകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."