വിവാഹപ്രായം 21: കേന്ദ്രം ചർച്ചയ്‌ക്കെന്ന് സൂചന
ന്യൂഡൽഹി
പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള ബില്ലിൽ സർക്കാർ ചർച്ചയ്ക്ക് സന്നദ്ധമായേക്കുമെന്ന് സൂചന.
വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വനിതാ സംഘടനകളിൽ നിന്നും സമ്മിശ്ര പ്രതികരണം ഉണ്ടായ സ്ഥിതിക്ക് വേഗത്തിൽ നിയമം പാസ്സാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. ബില്ലിൽ പാർലമെൻ്ററി സമിതി പരിശോധന നടത്തുന്നതിനോട് സർക്കാറിന് എതിർപ്പില്ല.
സെലക്ട് കമ്മിറ്റിക്ക് വിടുന്നതിൽ സർക്കാറിന് വിയോജിപ്പില്ലെന്നും കേന്ദ്രസർക്കാറിലെ മുതിർന്ന മന്ത്രി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, പ്രതിപക്ഷ പാർട്ടികൾ സഭയിൽ എന്ത് ആവശ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബില്ലിലെ അടുത്ത നീക്കമെന്നും മന്ത്രി പറഞ്ഞു. വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ബില്ലിനെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാൻ തയ്യറാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കോൺഗ്രസ്സ്, സി പി എം, മുസ് ലിം ലീഗ് ,സമാജ് വാദി പാർട്ടി, എ.ഐ.എം.ഐ.എം തുടങ്ങിയ പാർട്ടികൾ ബില്ലിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. നടപ്പ് സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരാനുള്ള നീക്കമാണ് സർക്കാർ ഇതുവരെ നടത്തിയിരുന്നത്. എന്നാൽ, ഈ സമ്മേളനത്തിൽ ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എം പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണം, അജയ് മിശ്രയെ പുറത്താക്കണം എന്നീ ആവശ്യങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമെന്നതിനാൽ ബില്ല് ഈ സമ്മേളനത്തിൽ പാസാക്കുക എന്നത് സർക്കാറിന് എളുപ്പമാകില്ല. എന്നാൽ, ബില്ല് ഈ സമ്മേളനത്തിൽ തന്നെ കൊണ്ടുവരുമെന്നും പാർലമെൻ്ററി പരിശോധനക്ക് തയ്യാറാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ ആവർത്തിക്കുന്നത്.
കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് സ്ത്രീകളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബില്ലിന് അനുമതി നൽകിയത്. ഇക്കാര്യം പുറത്തുവന്നതോടെ വനിതാ സംഘടനകൾ അടക്കമുള്ളവരും പ്രതിപക്ഷ കക്ഷികളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിവിധ വ്യക്തി നിയമങ്ങൾ, ശൈശവ വിവാഹ നിരോധ നിയമം എന്നിവയിൽ ഭേദഗതി നിർദേശിച്ചുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."