നഗ്നതാ പ്രദർശനം; വ്‌ളോഗര്‍മാര്‍ക്ക് കനത്ത പിഴ
റിയാദ്: സഊദി അറേബ്യയുടെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാവുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകകരിച്ചതിന് നാല് പ്രമുഖ വ്‌ളോഗര്‍മാര്‍ക്കെതിരേ കടുത്ത നടപടിയെടുത്ത് സഊദി അധികൃതര്‍.
സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച നാല് പ്രമുഖ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികൾക്ക് നാലു ലക്ഷം സഊദി റിയാല്‍ (ഏകദേശം 1.06 ലക്ഷം ഡോളര്‍) പിഴ ചുമത്തുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ നടപടിക്ക് വിധേയരായവര്‍ ആരൊക്കെയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ, തങ്ങളുടെ സ്വകാര്യ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വാണിജ്യ പരസ്യങ്ങള്‍ നല്‍കി മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സെലിബ്രിറ്റികള്‍ക്കെതിരേയും നടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. അവര്‍ക്ക് അതോറിറ്റി നല്‍കുന്ന ലൈസന്‍സ് റദ്ദാക്കുന്നതാണ് ശിക്ഷ.
സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സഊദി അധികൃതരുടെ ശക്തമായ നപടിയുടെ ഭാഗമായാണ് ഇവര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊണ്ടത്. സഭ്യേതരമായ സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ തടയുന്നതിനും അവ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വിപുലമായ നിരീക്ഷണ സംവിധാനം അതോറിറ്റിക്കുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ ഉള്ളടക്കത്തിന്റെ പേരില്‍ സെലിബ്രിറ്റികള്‍ക്കെതിരെ സഊദി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നത് ഇതാദ്യമല്ലെന്ന് സബ്ക് പത്രം റിപ്പോര്‍ട്ട് ചെയ്തു.സഊദി സമൂഹത്തിന്റെ സാംസ്‌കാരികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ക്ക് അനുചിതമായ പരസ്യങ്ങള്‍ മുതല്‍ വ്യക്തിഗത പോസ്റ്റുകള്‍ വരെയുള്ള നിയമ ലംഘനങ്ങള്‍ക്കെതിരേ മീഡിയ റെഗുലേറ്ററി അതോറിറ്റി ഇതിനു മുമ്പും നടപടി സ്വീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."