വർഗീയ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്ക് നോട്ടീസ് അയക്കണം; പ്രധാനമന്ത്രിയിൽ നിന്ന് മികച്ചതൊന്നും പ്രതീക്ഷിക്കുന്നില്ല: കപിൽ സിബൽ
ന്യൂഡൽഹി: മുസ്‌ലിം വിരുദ്ധവും വർഗീയവുമായ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാജ്യത്തെ പ്രമുഖ അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ. വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ 20 കോടി ജനങ്ങൾ മോദിക്ക് വിഷയമല്ലേയെന്ന് ചോദിച്ച കപിൽ സിബൽ രാജ്യത്തെ രാഷ്ട്രീയത്തിന്റെ നിലവാരം കൂപ്പുകുത്തിയെന്നും പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയാണ് കപിൽ സിബലിന്റെ വിമർശനം.
"സ്ത്രീകളുടെ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കും തീവ്രവാദികൾക്കും കോൺഗ്രസ് വിട്ടുനൽകുമെന്നാണ് പ്രധാനമന്ത്രി മോദി പ്രസംഗിച്ചത്. 20 കോടി ജനങ്ങൾ മോദിക്ക് വിഷയമല്ലേ? അവർക്ക് ആഗ്രഹങ്ങളൊന്നുമില്ലേ? - കപിൽ സിബൽ ചോദിച്ചു. രാഷ്‌ട്രീയം ഈ നിലവാരത്തിലേക്ക് കൂപ്പുകുത്തി, ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല, അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും കപിൽ സിബൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് ഉടൻ നടപടിയെടുത്തില്ലെന്നും കപിൽ സിബൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ പരാമർശങ്ങളെ അപലപിക്കുകയും പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കുകയും വേണം - കപിൽ സിബൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി പദവിയെയും ആ പദവി വഹിക്കുന്ന വ്യക്തിയെയും തങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ പ്രധാനമന്ത്രി ബഹുമാനത്തിന് അർഹനല്ലെങ്കിൽ, രാജ്യത്തെ ബുദ്ധിജീവികൾ ശബ്ദമുയർത്തണം - അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മോദിയുടെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി അക്ടിവിസ്റ്റും സ്വരാജ് ഇന്ത്യ പാർട്ടി ഫൗണ്ടറുമായ യോഗേന്ദ്ര യാദവ് രംഗത്തെത്തി. ബി.ജെ.പി തോൽക്കാൻ പോകുന്നുവെന്ന ഭയമാണ് മോദിയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി ഒരു മിനിട്ടിനുള്ളിൽ മൂന്ന് കള്ളങ്ങൾ പറഞ്ഞു എന്നതല്ല വാർത്ത. മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി എന്നതല്ല വാർത്ത. മറിച്ച്, ആദ്യഘട്ടത്തിൽ ബി.ജെ.പി തോൽക്കാൻ പോകുന്നുവെന്ന ഭയമാണ് മോദിയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്നും യോഗേന്ദ്ര യാദവ് എക്‌സിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്. മോദി നുണ പറയുകയാണെന്നും വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."