ഐഎസ്എല്‍: പോരാട്ടം കനക്കും, ഫൈനലിസ്റ്റുകളെ ഇന്നറിയാം
ഐ.എസ്.എല്ലിന്റെ കിരീടപ്പോരാട്ടത്തിന്റെ ടിക്കറ്റുറപ്പിക്കാനായി സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ഒഡിഷ എഫ്.സിയും ഇന്ന് കളത്തിലിറങ്ങുന്നു. ഒഡിഷയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 21ന് ഒഡിഷക്കൊപ്പമായിരുന്നു ജയം. ഒരു ഗോളിന്റെ ലീഡ് ലഭിച്ച ഒഡിഷ ലീഡ് പ്രതിരോധിച്ച് നിര്‍ത്താനാകും ശ്രമിക്കുക.
എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തിരിച്ചുവന്ന് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കൊല്‍ക്കത്ത വമ്പന്മാര്. ആദ്യ സെമി ഫൈനലില്‍ ഇരു ടിമുകളിലേയും രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ പത്തുപേരുമായിട്ടായിരുന്നു രണ്ട് ടീമുകളും മത്സരം പൂര്‍ത്തിയാക്കിയത്. അമാന്‍ഡോ സാദി കുവായിരുന്നു ബഗാനില്‍നിന്ന് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്ത് പോയത്. 74ാം മിനുട്ടില്‍ ഒഡിഷ താരം കാര്‍ലോസ് ഡെല്‍ഗാഡോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
രണ്ട് താരങ്ങളുടെയും സേവനം ഇന്ന് ഇരു ടീമുകള്‍ക്കും നഷ്ടമാകും. കാര്‍ലോസ് ഡെഗ്ലാഡോ, റോയ് കൃഷ്ണ എന്നിവരായിരുന്നു ഒഡിഷക്കായി ലക്ഷ്യം കണ്ടതെങ്കില്‍ മൂന്നാം മിനുട്ടില്‍ മാന്വിര് സിങ്ങിന്റെ വകയായിരുന്നു ബഗാന്റെ ഏക ഗോള്‍. ഇനിയുള്ള രണ്ട് മത്സരത്തിലും ജയം കൊയ്ത് കിരീടം നിലനിര്‍ത്താനുള്ള ശ്രമത്തിലാകും മോഹന്‍ ബഗാന് കളത്തിലിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."