ഗൂഢാലോചന അന്വേഷിക്കണം;ശോഭാ സുരേന്ദ്രനും, കെ.സുധാകരനും, നന്ദകുമാറിനുമെതിരെ ഇ.പി ജയരാജന്‍ പൊലിസില്‍ പരാതി നല്‍കി
തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സംഭവത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ടി.ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. എല്‍.ഡി.എഫ് കണ്‍വീനറായ തനിക്കെതിരെ കെ. സുധാകരനുമായി ചേര്‍ന്ന് ശോഭ സുരേന്ദ്രന്‍ ഗുഢാലോചന നടത്തി എന്നാണ് പരാതി.
മൂന്നാം എതിര്‍കക്ഷിയായ ടി.ജി നന്ദകുമാര്‍ ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി തന്നെ കാണാന്‍ ആക്കുളത്തുള്ള മകന്റെ ഫ്‌ലാറ്റില്‍ വന്നത് അനാവശ്യ വിവാദമാക്കിയതിന് പിന്നില്‍ ശോഭ സുരേന്ദ്രനും സുധാകരനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ്.തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തിന് മുന്നില്‍ അവഹേളിക്കാനാണ് ശ്രമം. ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തര ചടങ്ങിലല്ലാതെ ശോഭ സുരേന്ദ്രനെ താന്‍ നേരില്‍ കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ച ബന്ധം പോലും ഇവരുമായില്ല.മുമ്പ് ആര്‍.എസ്.എസ്- ബി.ജെ.പി ഗുണ്ടകളുടെ അക്രമണത്തിന്ന് വിധേയനായ ആളാണ് താന്‍.
കെ. സുധാകരനാണ് തന്നെ ട്രെയിനില്‍ വധിക്കാന്‍ ഗുണ്ടകളെ അയച്ചത്. ഇക്കാര്യം ആന്ധ്രപ്രദേശ്, കേരള പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായതുമാണ്.ഇപ്പോഴും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ സുധാകരന് പങ്കുണ്ട്. അപകീര്‍ത്തിപ്പെടുത്തുക എന്നതിനപ്പുറം ഗൂഢാലോചന ഉണ്ടോയെന്നും താന്‍ ഭയക്കുന്നു. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നും പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."