ഊട്ടി സഞ്ചാരികള്‍ക്ക് ഇപാസ്: മലയാളികള്‍ക്ക് തിരിച്ചടിയാകും
നിലമ്പൂര്‍: ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഇപാസ് ഏര്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തില്‍ നിന്ന് അടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടിയാകും. ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ പ്രധാന മേഖലയില്‍ സഞ്ചാരികളുടെ തിരക്കുകാരണം നാട്ടുകാരുടെ സ്വൈര്യജീവിതം തടസപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ചെന്നൈ ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗല്‍ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
മേയ് ഏഴുമുതല്‍ ജൂണ്‍ 30 വരെയാണ് സഞ്ചാരികളെ ഇപാസ് വഴി നിയന്ത്രിക്കുക. ഊട്ടിയില്‍ പ്രതിദിനം രണ്ടായിരം വാഹനങ്ങള്‍ വന്നിരുന്ന സ്ഥാനത്ത് നിലവില്‍ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി. എന്നിവയെ ചുമതലപ്പെടുത്താനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊച്ചി മുതല്‍ മലബാര്‍ മേഖലയില്‍ നിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതല്‍തന്നെ ടൂര്‍ പാക്കേജുകള്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസണ്‍ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. അതേ സമയം
നിയന്ത്രണം വരുന്നതിനെ ഊട്ടിയിലെ വ്യാപാരികള്‍ അടക്കമുള്ളവര്‍ പൊതുവെ സ്വാഗതം ചെയ്യുകയാണ്. അമിതമായ തിരക്ക് അല്‍പ്പമൊന്നു കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും നിയന്ത്രണം സഹായിക്കുമെന്ന് ഊട്ടിയിലെ വ്യാപാരികള്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."