സിമന്റ് മിക്‌സര്‍ യന്ത്രത്തിലിട്ട് തൊഴിലാളിയെ ദാരുണമായി കൊന്ന സംഭവത്തില്‍ അവ്യക്തത
കോട്ടയം: വാകത്താനത്ത് സിമന്റ് മിക്‌സര്‍ യന്ത്രത്തിലിട്ട് ഇതരസംസ്ഥാന തൊഴിലാളിയെ ദാരുണമായി കൊന്ന കേസില്‍ കൊലയുടെ പ്രകോപനം അവ്യക്തം. വാകത്താനത്തെ കൊണ്ടോടി കോണ്‍ക്രീറ്റിലെ തൊഴിലാളിയായ അസം സ്വദേശി ലേമാന്‍ മസ്‌ക് ആണ് ഏപ്രില്‍ 26ന് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി പാണ്ടിദുരൈ ആണ് ദാരുണമായ ആ കൊല നടത്തിയത്.
പൊലീസ് പറയുന്നത്- ഇരുവരും തമ്മില്‍ ജോലിസംബന്ധമായ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ഇവര്‍ക്കിടയില്‍ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി കൂടെ ജോലി ചെയ്യുന്ന ആര്‍ക്കും അറിയുകയില്ല. ഇതാണ് സംശയം തോന്നിപ്പിക്കുന്നത്. കൂറ്റന്‍ സിമന്റ് മിക്‌സിങ് യന്ത്രം വൃത്തിയാക്കാന്‍ ലേമാന്‍ അതിനുളളില്‍ കയറിയപ്പോള്‍ പാണ്ടിദുരൈ യന്ത്രത്തിന്റെ സ്വിച്ച് ഓണാക്കുകയായിരുന്നു. സ്വിച്ച് ഓഫാക്കിയതോടെ ഗുരുതര പരുക്കുകളോടെ ലേമാന്റെ ശരീരം പുറത്തുവന്നു. അപ്പോഴും ജീവനുണ്ടായിരുന്ന ശരീരം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാണ്ടി ദുരൈ എടുത്ത് മാറ്റി സ്‌ളറി വേസ്റ്റിന് ഉളളിലിട്ട് മൂടുകയായിരുന്നുവെന്നും പൊലീസ്.
സംഭവ സമയത്ത് ഓഫിസിനുളളില്‍ ഉണ്ടായിരുന്ന അക്കൗണ്ടന്റ് ഇതൊന്നുമറിഞ്ഞില്ല. മറ്റുള്ള ജോലിക്കാര്‍ ഉച്ചയ്ക്ക് ശേഷം ജോലിക്കെത്തിയപ്പോള്‍ ലേമാനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ലേമാന്‍ നാട് വിട്ടുപോയി എന്നാണ് പാണ്ടിദുരൈ പറഞ്ഞത്. പാണ്ടിദുരൈയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുളളതായി സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കും അറിയില്ല. ലേമാന്‍ യന്ത്രത്തിനുളളില്‍ ഉണ്ടെന്ന കാര്യം അറിയാതെ പാണ്ടിദുരൈ യന്ത്രം ഓണാക്കിയതാകാമെന്നും കൈയബദ്ധം മറച്ചുവയ്ക്കാന്‍ പിന്നീട് പാണ്ടിദുരൈ നടത്തിയ ശ്രമങ്ങളാവാം അയാളെ കൊലക്കേസ് പ്രതിയാക്കിയതെന്നും പലര്‍ക്കും ഇപ്പോഴും സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."