താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസ്; നാല് പൊലിസുകാര്‍ അറസ്റ്റില്‍
മലപ്പുറം: താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസില്‍ പ്രതികളായ നാല് പൊലിസുകാര്‍ അറസ്റ്റില്‍. ഒന്നാം പ്രതി സീനിയര്‍ സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി വിപിന്‍ എന്നിവരെയാണ്
സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്. ആല്‍ബിന്‍ അഗസ്റ്റിനെ നീണ്ടുകരയിലെ വീട്ടില്‍ നിന്നും അഭിമന്യുവിനെ താനൂരിലെ താമരക്കുളത്ത് നിന്നും വിപിന്‍,ജിനേഷ് എന്നിവരെ വള്ളിക്കുന്നില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് അറസ്റ്റ് നടക്കുന്നത്.
ഓഗസ്റ്റ് ഒന്നിനാണ് മയക്കുമരുന്ന് കേസില്‍ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി പോലീസ് സ്റ്റേഷനില്‍ മരിച്ചത്.
കസ്റ്റഡിയിലെടുത്ത താമിര്‍ പുലര്‍ച്ചെയോടെ തളര്‍ന്നു വീഴുകയായിരുന്നു. ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണ് താമിര്‍ ജിഫ്രിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ദണ്ഡുപയോഗിച്ച് അടിച്ചതിനെ തുടര്‍ന്ന് ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളും തുടകള്‍ക്ക് പിറകിലും ഇടതുകാലിന്റെ അടിഭാഗത്തും മാരകമായി അടിയേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെയുള്ളത് 21 മുറിവുകളാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."