ഉരുളക്കിഴങ്ങ് കൊണ്ടുവന്ന കണ്ടെയ്നറിൽ 27 കിലോ കൊക്കെയ്ൻ; രണ്ട്പേർ അറസ്റ്റിൽ
റിയാദ്: ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത്രയും മയക്ക്മരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
തുറമുഖം വഴി രാജ്യത്തേക്ക് കൊണ്ടുന്ന ഉരുളക്കിഴങ്ങ് ചരക്ക് കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. നാർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്മെൻറിന്റെ സഹകരണത്തിൽ പിടികൂടിയ സാധനങ്ങളുടെ സൗദിയിലെ സ്വീകർത്താക്കളായ രണ്ട്പേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി വ്യക്തമാക്കി.
കണ്ടെയ്‌നറുകളിലൊന്നിൽ പരിശോധന നടത്തിയപ്പോൾ കണ്ടെയ്നറിന്റെ എയർ കണ്ടീഷനിങ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇത്രയും കൊക്കെയ്ൻ കണ്ടെത്തിയതെന്നും അതോറിറ്റി വിശദീകരിച്ചു. രാജ്യത്തെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും കള്ളക്കടത്തുകാരുടെ ശ്രമങ്ങൾ നിരീക്ഷണത്തിലാണെന്നും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."