തൊഴില്‍ പ്രതിസന്ധി: 113 ഇന്ത്യക്കാര്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: സഊദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിക്കിടക്കുകയായിരുന്നവരില്‍ 113 ഇന്ത്യക്കാര്‍കൂടി നാട്ടിലെത്തി. ഇന്നലെ വൈകിട്ടോടെ സഊദി എയര്‍ലൈന്‍സിന്റെ എസ്.വി 760 വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്.
വിവിധ സംസ്ഥാനക്കാരായ ഇവര്‍ ഡല്‍ഹിയിലെ അതതു സംസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളിലേക്കു പോയി. ഇവിടെനിന്ന് ഇന്നോ നാളെയോ അവര്‍ നാട്ടിലേക്കു മടങ്ങും. ഇന്നലെ തിരിച്ചെത്തിയവരില്‍ പത്തനംതിട്ട കോന്നി സ്വദേശി ഷിജു സാമുവലും ഉള്‍പ്പെടും. ഇദ്ദേഹം ഇപ്പോള്‍ കേരളാ ഹൗസിലാണുള്ളത്.
ഷിജുവിന് അവശ്യചെലവുകള്‍ക്കായി നോര്‍ക്കാ റൂട്ട്‌സ് 2,000 രൂപ നല്‍കിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഷിജു സാമുവല്‍ കേരളത്തിലേക്കു മടങ്ങും. ഷിജുവിനൊപ്പം സുജാഹുദ്ദീന്‍, സുബൈര്‍ വലിയപറമ്പില്‍ എന്നീ രണ്ടു മലയാളികള്‍ കൂടി ഇന്നലെ ഡല്‍ഹിയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ക്കു വരാന്‍ കഴിഞ്ഞില്ല.
സഊദിയിലെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലബനീസ് ഉടമസ്ഥതയിലുള്ള കമ്പനിയായ സഊദി ഓജര്‍, ബിന്‍ലാദന്‍ ഗ്രൂപ്പ്, സാദ് ഗ്രൂപ്പ് എന്നീ കമ്പനികള്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആയിരക്കണക്കിനു തൊഴിലാളികളെ പിരിച്ചുവിട്ടതാണ് ഇപ്പോഴത്തെ പ്രതിന്ധിക്കിടയാക്കിയത്. ജോലിനഷ്ടമായവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
ഭക്ഷണംപോലുമില്ലാതെ പ്രയാസത്തിലായ തൊഴിലാളികളുടെ വിഷയത്തില്‍ ഇടപെടാനായി വിദേശകാര്യസഹമന്ത്രി വി.കെ സിങ് രണ്ടുതവണ സഊദി സന്ദര്‍ശിച്ചിരുന്നു. തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കത്തിനും അവര്‍ക്കു ലഭിക്കാനുള്ള ശമ്പളകുടിശ്ശിക മുഴുവനായി ലഭ്യമാക്കുന്നതിനുമായി അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെ നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ സഊദി സര്‍ക്കാര്‍ ഇന്ത്യക്കു വാഗ്ദാനം ചെയ്തിരുന്നു. ആറായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് സഊദിയില്‍ ജോലിനഷ്ടമായത്. ഇവരില്‍ ഏതാനും പേരെ നേരത്തേ നാട്ടിലെത്തിച്ചിരുന്നു. തൊഴില്‍ദാതാവിന്റെ എന്‍.ഒ.സി ഇല്ലാതെതന്നെ തൊഴിലാളികള്‍ക്ക് സഊദി വിടാനുള്ള പ്രത്യേക അനുമതി നല്‍കിയാണ് അവരെ നാട്ടിലെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."