നോവോര്‍മയായി ഡോ.വന്ദനാ ദാസ്; ദാരുണമായ കൊലപാതകത്തിന് ഒരാണ്ട്
കൊല്ലം: കൃത്യനിര്‍വഹണത്തിനിടെ ദാരുണമായി കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്. മകളുടെ വേര്‍പാട് തളര്‍ത്തുമ്പോഴും ഘാതകന് പരമാവധി ശിക്ഷ ലഭിക്കണമെന്ന പ്രാര്‍ഥനയിലാണ് കോട്ടയം മുട്ടുച്ചിറയിലെ കെ.ജി മോഹന്‍ദാസും വസന്തകുമാരിയും.
ഏകമകള്‍ക്കുവേണ്ടി ഇവര്‍ നിയമപോരാട്ടത്തിലാണ്. സി.ബി.ഐ അന്വേഷണത്തിനുള്ള അപ്പീല്‍ തള്ളിയതോടെ മേല്‍ക്കോടതികളെ സമീപിക്കാനുള്ള ഒരുക്കത്തിലാണിവര്‍.
2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലിസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ചയാളുടെ കുത്തേറ്റ് ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ടത്. വഴക്കിനിടെ പരുക്കേറ്റ പ്രതി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലിസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാളുടെ മുറിവ് തുന്നിക്കെട്ടാന്‍ നേതൃത്വം നല്‍കിയത് ഡോ.വന്ദനാദാസായിരുന്നു. ഇതിനിടെ അക്രമാസക്തനായ സന്ദീപ് പൊലിസുകാരെയടക്കം കത്രികകൊണ്ട് ആക്രമിച്ചു. ഒറ്റപ്പെട്ടുപോയ വന്ദനയെ പ്രതി നിലത്ത് ചവിട്ടിവീഴ്ത്തി കത്രികകൊണ്ട് കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വന്ദന വന്ദനദാസ് പിറ്റേന്ന് മരണത്തിന് കീഴടങ്ങി. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. കൊലപാതകത്തിന് പിന്നാലെയാണ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ആക്രമണം തടയുന്ന ബില്‍ നിയമസഭ പാസാക്കിയത്. ഡോ.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നല്‍കിയിരുന്നു.
വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കും
കൊല്ലം: ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ട കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കുറ്റപത്രത്തില്‍ വാദം കേള്‍ക്കാന്‍ കഴിഞ്ഞ എട്ടിന് സന്ദീപിനെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. കേസില്‍ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് ഹരജി സമര്‍പ്പിച്ചു. കത്രിക കൊണ്ടുള്ള മുറിവ് മരണകാരണമാകില്ലന്നും തക്ക സമയത്ത് കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതാണ് മരണ കാരണമെന്നുമാണ് ഹരജിയില്‍ പറയുന്നത്. അതേ സമയം ഈ വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുന്നു.
24 ദൃക്‌സാക്ഷികള്‍ അടക്കം 136 പേരെ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഈ ഹരജിയിലുള്ള വാദം കേള്‍ക്കുന്നതിനായി കേസ് 22ലേക്ക് മാറ്റിയിരിക്കുകയാണ്.
first anniversary of dr vandana das murder
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."