ബിരുദ കോഴ്‌സ് ഇനി നാലു വര്‍ഷം; ജൂലൈയില്‍ ആരംഭിക്കും ; ബിരുദം പൂര്‍ത്തിയാക്കാന്‍ ക്രെഡിറ്റ്
ഗിരീഷ് കെ നായര്‍
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും സമൂലമാറ്റം. ഈ വര്‍ഷം മുതല്‍ ബിരുദ പഠനം നാല് വര്‍ഷമാകും. കോഴ്‌സുകള്‍ ജൂലൈയില്‍ ആരംഭിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. മെയ് 20നു മുമ്പ് അപേക്ഷ ക്ഷണിച്ച് ജൂണ്‍ 15ഓടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 20ന് പ്രവേശനം നടത്തും. ജൂലൈ ഒന്നിന് സര്‍വകലാശാലകളിലും കോളജുകളിലും പദ്ധതിയുടെ ലോഞ്ചിങ് നടത്തും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ഥിക്ക് ലഭിച്ച വിഷയത്തിനൊപ്പം മറ്റേത് വിഷയവും പുതിയ നയമനുസരിച്ച് പഠിക്കാനാവും. കെമിസ്ട്രിയോടൊപ്പം സംഗീതമോ ഇലക്ട്രോണിക്‌സോ പഠിക്കാനാവും. ദേശീയ നയത്തില്‍ ബിരുദത്തിന് ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ് പിന്‍മാറിയാല്‍ സര്‍ട്ടിഫിക്കറ്റും രണ്ടാം വര്‍ഷം ഡിപ്ലോമയും ലഭിക്കുമെങ്കിലും മൂന്ന് വര്‍ഷം തുടരാത്ത വിദ്യാര്‍ഥിക്ക് ഒരു സര്‍ട്ടിഫിക്കറ്റും കേരളം നല്‍കില്ല. കുട്ടികള്‍ കൊഴിഞ്ഞുപോകുന്നത് തടയാനാണിതെന്നാണ് മന്ത്രിയുടെ വിശദീകരണം. വിദ്യാര്‍ഥിക്ക് അന്തര്‍സര്‍വകലാശാല മാറ്റം സാധ്യമാകും. ഓണേഴ്‌സ് കഴിഞ്ഞാല്‍ പി.ജിക്ക് ഒരു വര്‍ഷം കൂടി പഠിച്ചാല്‍ മതി. ഗവേഷണത്തിനുള്ള ചവിട്ടുപടിയാണ് നാലാം വര്‍ഷമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള പഠനമാണ് ഇനി മുതല്‍ ക്രെഡിറ്റ് സംവിധാനത്തിലാകുന്നത്. ബിരുദം ലഭിക്കാന്‍ 133 ക്രെഡിറ്റുകള്‍ വേണം. നാലു വര്‍ഷ ബിരുദത്തിന് 177 ക്രെഡിറ്റുകള്‍ വേണം. കോളജ് പഠനത്തോടൊപ്പം ഓണ്‍ലൈന്‍ കോഴ്‌സ് ചെയ്യാമെന്നിരിക്കേ ഇങ്ങനെ ആര്‍ജിക്കുന്ന ക്രെഡിറ്റ് ബിരുദമോ ഓണേഴ്‌സോ പൂര്‍ത്തിയാക്കാന്‍ ഉപയോഗിക്കാനുമാകും. മിടുക്കര്‍ രണ്ടര വര്‍ഷം കൊണ്ട് വേണ്ടത്ര ക്രെഡിറ്റ് ആര്‍ജിച്ചാല്‍ ബിരുദം കരസ്ഥമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നാല് വര്‍ഷ കോഴ്‌സ് എത്ര വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കാമെന്നതില്‍ വ്യക്തതയായിട്ടില്ല. ഇടയ്ക്ക് പഠനം മുടങ്ങിയാല്‍ റീ എന്‍ട്രി സാധ്യമാണെന്നും സര്‍വകലാശാലകള്‍ക്ക് ഏകീകൃത അക്കാദമിക് കലണ്ടര്‍ ഈ വര്‍ഷം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ പദ്ധതിക്ക് കൂടുതല്‍ ക്ലാസ് മുറികള്‍ വേണ്ടിവരില്ലെന്നും നാല് വര്‍ഷ കോഴ്‌സില്‍ മൂന്ന് വര്‍ഷം ബിരുദം നേടുന്നവര്‍ പിരിയുന്നതോടെ ഓണേഴ്‌സിന് അധികം കുട്ടികളുണ്ടാവില്ല. കോളജുകള്‍ക്ക് കോഴ്‌സ് ബാസ്‌കറ്റ് വിഭാവനം ചെയ്യാമെന്നും അഭിരുചിയുള്ള അധ്യാപകരെ അതത് വിഷയം പഠിപ്പിക്കാന്‍ ഏര്‍പ്പെടുത്തുന്നതിലൂടെ സ്റ്റാഫ് പ്രശ്‌നം പരിഹരിക്കാമെന്നും മന്ത്രി ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
പുതിയ രീതി മനസിലാക്കാന്‍ സര്‍വകലാശാല, കോളജ് തലങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കും. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് നടത്തും. സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സേവനാവകാശ പത്രിക തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലകള്‍ക്ക് ഏകീകൃത അക്കാദമിക് കലണ്ടര്‍ നിലവില്‍ വരുന്നതോടെ പ്ലസ് ടു കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ബിരുദത്തിന് അപേക്ഷ ക്ഷണിക്കും. പരീക്ഷയ്ക്കും യൂനിയന്‍ തെരഞ്ഞെടുപ്പിനും സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് മേളകള്‍ക്കും ഏകീകൃത സമയക്രമമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നൈപുണ്യവിടവ് നികത്തും, ടെക്‌നോ ഇന്‍കുബേറ്റര്‍
നൈപുണ്യ വിടവ് നികത്താന്‍ 6 സ്‌കില്‍ ഏജന്‍സികളുമായി ധാരണയായതായി മന്ത്രി പറഞ്ഞു. കൂടുതല്‍ ഏജന്‍സികള്‍ക്കായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അസാപ്, എന്‍.സി.വി.ടി ഇപ്പോള്‍ത്തന്നെ സഹകരിക്കുന്നുണ്ട്. കാംപസുകളില്‍ ടെക്‌നോ ബിസിനസ് ഇന്‍കുബേഷന്‍ സെന്ററുകള്‍ തുടങ്ങും. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് ചെയ്യാനാകുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."