'മാധ്യമങ്ങള്‍ നിഷ്പക്ഷരല്ല, അതാണ് വാര്‍ത്താ സമ്മേളനം നടത്താത്തത്'- മോദി; ജനമാണ് മാധ്യമ ശ്രദ്ധയല്ല പ്രധാനമെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനം നടത്തില്ലെന്ന തന്റെ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നിഷ്പക്ഷരല്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതുകൊണ്ടാണത്രെ അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്താത്തത്.
'പാര്‍ലമെന്റില്‍ മറുപടി നല്‍കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരവരുടേതായ താല്‍പര്യങ്ങളാണുള്ളത്. മാധ്യമങ്ങള്‍ ഇന്ന് കക്ഷിതാല്‍പര്യം ഇല്ലാത്തവരല്ല. നിങ്ങളുടെ താല്‍പര്യങ്ങളെ കുറിച്ച് ഇന്ന് ജനങ്ങള്‍ക്ക് അറിയാം. മുന്‍കാലങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുഖമുണ്ടായിരുന്നില്ല. ആരാണ് എഴുതുന്നത്, എന്താണ് അവരുടെ ആദര്‍ശം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആരും ചിന്തിക്കാറുപോലുമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍' ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
പ്രകടനങ്ങള്‍ക്ക് പ്രാധാന്യമില്ലാത്ത മാധ്യമങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്ന ഒരു സംസ്‌ക്കാരം ഇപ്പോള്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇതില്‍ വിശ്വസിക്കുന്നില്ല. എനിക്ക് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഓരോ പാവപ്പെട്ടവന്റേയും വീട്ടിലും എത്തേണ്ടതുണ്ട്. പാര്‍ലമെന്റിലിരുന്ന് റിബണ്‍ മുറിച്ചാലും എനിക്ക് ശ്രദ്ധ ലഭിക്കും. എന്നാല്‍ ഒരു ചെറിയ പ്രജക്ടിനായാലും ജാര്‍ഖണ്ഡലെ ഒരുള്‍ഗ്രാമത്തില്‍ നേരിട്ട് പോകാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്' ഇത്തരത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങുന്ന ഒരു സംസ്‌ക്കാരം താന്‍ കൊണ്ടു വന്നെന്നും മോദി അവകാശപ്പെട്ടു.
മോദി വാര്‍ത്താസമ്മേളനം നടത്താത്തത് ഭീരുത്വം കൊണ്ടാണെന്ന് പ്രതിപക്ഷം നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന കാര്യമാണ്. പ്രധാനമന്ത്രി പദത്തില്‍ 10 വര്‍ഷം പിന്നിടുമ്പോഴും വാര്‍ത്താസമ്മേളനം നടത്താന്‍ മോദി തയാറായിട്ടില്ല. 2019 മേയ് 17ന് മോദി ആദ്യമായി വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അന്ന് അമിത് ഷായോടൊപ്പമാണ് മോദിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."