റഫയില്‍ നിന്ന് പലായനം ചെയ്തത് എട്ട് ലക്ഷത്തിലേറെ ഫലസ്തീനികള്‍; ഇവര്‍ക്ക് സുരക്ഷിതമായ ഒരിടം പോലുമില്ലെന്നും യു.എന്‍
ഗസ്സ: കഴിഞ്ഞ ഏഴ് മാസമായി ഫലസ്തീന്‍ ജനതയുടെ ജീവിതം അഭയം തേടിയുള്ള പലായനങ്ങളായി മാറിയെന്ന് യു.എന്‍.
ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയതിന് ശേഷം എട്ട് ലക്ഷത്തോളം ഫലസ്തീനികള്‍ റഫയില്‍ നിന്നും പലായനം ചെയ്തുവെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഏജന്‍സിയുടെ തലവന്‍ ഫിലിപ്പ് ലാസറിനി അറിയിച്ചു. നിരവധി ഫലസ്തീനികള്‍ ഇപ്പോഴും പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ഗസ്സയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം നിരവധി തവണ പലായനം ചെയ്യാന്‍ ഫലസ്തീനികള്‍ നിര്‍ബന്ധിതരായി. എന്നാല്‍, താമസത്തിനായി സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താന്‍ അവര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. യു.എന്നിന്റെ അഭയകേന്ദ്രങ്ങളില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്നും ലാസറിനി പറഞ്ഞു.
ഒരു സുരക്ഷയുമില്ലാതെയാണ് ഫലസ്തീനികള്‍ പലായനം നടത്തുന്നത്. കുറച്ച് സാധനങ്ങള്‍ മാത്രമെടുത്ത് യാത്ര തിരിക്കേണ്ട അവസ്ഥയിലാണ് അവര്‍. ഓരോ തവണ പലായനം നടത്തുമ്പോഴും ചില സാധനങ്ങളെങ്കിലും ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗസ്സയിലേക്ക് സഹായവസ്തുക്കളെത്തിക്കാന്‍ അമേരിക്ക താല്‍ക്കാലിക കടല്‍പാലം നിര്‍മിച്ചിട്ടുണ്ട്.
കടല്‍പാലം വഴി പ്രതിദിനം 150 ലോഡ് സഹായവസ്തുക്കള്‍ എത്തിക്കാനാണ് യു.എസ് പദ്ധതി. റഫ അതിര്‍ത്തി ഇസ്‌റാഈല്‍ പിടിച്ചതിനെ തുടര്‍ന്ന് ട്രക്കുകളുടെ നീക്കം മുടങ്ങിയതോടെയാണ് യു.എസ് ബദല്‍ വഴി തേടിയത്.
എന്നാല്‍, ഫലസ്തീന്‍ നിയന്ത്രണത്തില്‍ അതിര്‍ത്തിവഴി കരമാര്‍ഗമുള്ള സഹായത്തിന് ഇത് പകരമാവില്ലെന്നാണ് ഹമാസ് പറയുന്നത്. ഗസ്സയില്‍ വിദേശ സൈനികസാന്നിധ്യം അനുവദിക്കാനാവില്ലെന്നാണ് ഹമാസ് നിലപാട്. ഇസ്‌റാഈല്‍ സൈനികര്‍ ഗസ്സയില്‍ തുടരുന്നിടത്തോളം ഏതു രൂപത്തിലും തിരിച്ചടി പ്രതീക്ഷിക്കാമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."