മേയർ - കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രൻറെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: മേയർ - കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രൻറെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിലാണ് നടപടി. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി എടുക്കുക.
കെഎസ്ആർടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യം കൻറോൺമെൻറ് പൊലിസ് അന്വേഷിച്ച കേസ് മ്യൂസിയം പൊലിസിന് കൈമാറിയിരുന്നു. സംഭവ ദിവസം രാത്രി തന്നെ മേയർ നൽകിയ പരാതിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
ഇതിനു പിന്നാലെ കമ്മിഷണർക്ക് യദു പരാതി നൽകിയെങ്കിലും പൊലിസ് നടപടിയൊന്നും എടുത്തില്ല. ഇതോടെ ഡ്രൈവർ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ സമീപിച്ചു. ജില്ലാ കോടതിയിൽ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് മേയർക്കെതിരെയടക്കം കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെഎസ്ആർടിസി ബസിന് കുറുകെ കാർ ഇട്ട് തടഞ്ഞ സംഭവത്തിന് പിന്നാലെയാണ് വാക്കേറ്റമുണ്ടാകുന്നത്. മേയറും സംഘവും കെഎസ്ആർടിസി ഡ്രൈവറുമായി വാക്കേറ്റവും നടത്തി. ഡ്രൈവിംഗുമായി ബന്ധപ്പെട്ട തർക്കമാണ് വഴക്കിലേക്ക് എത്തിയത്. റോഡിലെ സീബ്രാ ക്രോസിലാണ് മേയറും എംഎൽഎയും ഉണ്ടായിരുന്ന വാഹനം ബസിന് കുറുകെ ഇട്ട് ബസ് തടഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."