ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 13 മുതല്‍
തൃശൂര്‍: സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ വിവിധ വേദികളിലായി അരങ്ങേറും. സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ തേക്കിന്‍കാട് മൈതാനിയിലെ സി.എം.എസ് സ്‌കൂളിന് എതിര്‍വശം പ്രത്യേകം സജ്ജമാക്കിയ വേദിയിലും 14, 15 തീയതികളില്‍ റീജ്യണല്‍ തിയറ്ററിലുമായി കലാപരിപാടികള്‍ നടക്കും. സെപ്റ്റംബര്‍ 13 ന് വൈകിട്ട് അഞ്ചിന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. സംസ്ഥാന ടൂറിസം വകുപ്പ് ഓണാഘോഷം സംഘടിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപയില്‍ നിന്ന് ഇത്തവണ 25 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചതായി അറിയിച്ചു. ദിവസവും വൈകിട്ട് ആറ് മുതല്‍ ഒമ്പത് വരെ വിവിധ കലാപരിപാടികള്‍ അരങ്ങിലെത്തും. പ്രശസ്ത ഗായകര്‍ നേതൃത്വം നല്‍കുന്ന ഗാനമേളകള്‍ ഉണ്ടാകും. മോഹിനിയാട്ടം, കുച്ചിപ്പിടി തുടങ്ങിയ നൃത്ത രൂപങ്ങള്‍, കഥകളി, കളരിപ്പയറ്റ്, കോമഡി ഷോ, നാടകം, നാടന്‍ കലകള്‍ തുടങ്ങിയവയും കലാ ആസ്വാദകര്‍ക്കായി ഒരുക്കും. കലാപരിപാടികള്‍ക്ക് മുന്നോടിയായി പഞ്ചവാദ്യമുള്‍പ്പെടെയുളള മേളവും പ്രമുഖ സാംസ്‌കാരിക നായകരുടെ ഓണസന്ദേശവും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."