ഫലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി; ഗുരുതര പ്രത്യാഘാതമുണ്ടാകും; നോര്‍വേ, സ്‌പെയിന്‍, അയര്‍ലാന്റ് രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രാഈല്‍
ടെല്‍അവീവ്: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോര്‍വെ, അയര്‍ലാന്റ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഉദ്ദേശം സ്‌പെയിന്‍ പിന്തുടരുകയാണെങ്കില്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അതിനെതിരെ സമാന നടപടി സ്വീകരിക്കുമെന്നും ഇസ്രാഈല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
'അയര്‍ലാന്റിനും, നോര്‍വേക്കും താന്‍ വ്യക്തമായ സന്ദേശം നല്‍കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്നവരുടെ മുമ്പില്‍ ഇസ്രാഈല്‍ നിശബ്ദത പാലിക്കില്ല. ഐറിഷ്- നോര്‍വീജിയന്‍ വിഡ്ഡിത്തം തങ്ങളെ പിന്തിരിപ്പിക്കില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് സുരക്ഷ പുനസ്ഥാപിക്കുക, ഹമാസിനെ തകര്‍ക്കുക, ബന്ദികളെ നാട്ടിലെത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്.
ഹോളോകോസ്റ്റിന് ശേഷം ഏറ്റവും വലിയ യഹൂദ കൂട്ടക്കൊലയാണ് ഹമാസ് ഭീകരസംഘടന നടത്തിയത്. ലോകം കണ്ട നികൃഷ്ടമായ ലൈംഗിക കുറ്റകൃത്യങ്ങളും അവര്‍ നടത്തി. എന്നിട്ടും ഈ രാജ്യങ്ങള്‍ ഫലസ്തീന് അംഗീകാരം നല്‍കിയത് അംഗീകരിക്കാനാവില്ല,' ഇസ്രാഈല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഏകപരിഹാരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമാണെന്ന് നോര്‍വെ, അയര്‍ലന്റ്, സ്‌പെയിന്‍ രാജ്യങ്ങള്‍ പ്രസ്താവനയിറക്കിയിരുന്നു. ഇസ്രാഈല്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചാണ് മൂന്ന് രാജ്യങ്ങളും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. മെയ് 28ന് ഈ രാജ്യങ്ങള്‍ തങ്ങളുടെ തീരുമാനം ഔപചാരികമായി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. നോര്‍വെയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അയര്‍ലാന്റ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് തന്റെ രാജ്യവും ഫലസ്തീന് സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.പിന്നാലെ മൂന്ന് രാജ്യങ്ങളിലെയും അംബാസിഡര്‍മാരെ ഇസ്രാഈല്‍ തിരിച്ച് വിളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."