ഡൽഹി തെരഞ്ഞെടുപ്പിൽ ബുർഖയും മാസ്കും ധരിച്ച് വരുന്ന വോട്ടർമാരെ പരിശോധിക്കണം; ആവശ്യവുമായി ബി.ജെ.പി
ന്യൂഡൽഹി: മെയ് 25ന് വോട്ടെടുപ്പ് നടക്കുന്ന ഡൽഹിയിൽ ബുർഖയും മാസ്കും ധരിച്ച് വരുന്ന വോട്ടർമാരെ പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. ഇതുസംബന്ധിച്ച് ഡൽഹി ബി.ജെ.പി പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിവേദനം നൽകി. വനിതാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ എല്ലാവരെയും പരിശോധിക്കണമെന്നാണ് ആവശ്യം.
മെയ് 25ന് ശനിയാഴ്ചയാണ് ഡൽഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ബുർഖയോ മാസ്കോ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ വനിതാ ഉദ്യോഗസ്ഥർ മുഖേന വിശദമായി പരിശോധിച്ചശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാൻ പാടുള്ളൂവെന്ന് ഡൽഹി ബി.ജെ.പി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഏറെ മുസ്‌ലിംങ്ങൾ താമസിക്കുന്ന രാജ്യതലസ്ഥാനത്ത് ഇത്തരത്തിൽ ബുർഖ അഴിപ്പിക്കണമെന്ന ആവശ്യം വിവാദമായിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സാമൂഹിക വിരുദ്ധരും ജനാധിപത്യ വിരുദ്ധരും കൃത്രിമം കാണിക്കുന്നതിൽ നിന്ന് തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിവേദനം നൽകിയതെന്നാണ് ബി.ജെ.പിയുടെ നിലപാട്. പൊതുതാൽപ്പര്യം കണക്കിലെടുത്താണ് ഈ നടപടി ആവശ്യപ്പെടുന്നത് എന്നും ബി.ജെ.പി അവകാശപ്പെടുന്നു.
ബുർഖ ധരിച്ച സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടുതലുള്ള പാർലമെന്റ് മണ്ഡലങ്ങളിൽ നിർബന്ധമായും പരിശോധന വേണം. ബുർഖ ധരിച്ച ധാരാളം സ്ത്രീകൾ വോട്ടുചെയ്യാൻ പോളിങ് ബൂത്തുകളിൽ എത്തുന്നുണ്ട്. അതിനാൽ കള്ളവോട്ട് തടയാൻ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് പരിശോധന നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാർഥി മാധവി ലത വോട്ടർമാരുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തിയതിന് പൊലിസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."