'ഞാന്‍ ദൈവ ദൂതന്‍, എന്നെ ദൈവം പലതും ചെയ്യാനായി തെരഞ്ഞെടുത്തത്' തന്റേത് സാധാരണ 'മനുഷ്യ ജന്മ'മല്ലെന്ന് മോദി
ന്യൂഡല്‍ഹി: തന്റെ ജന്മം തന്നെ ദൈവികമെന്ന വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ ദൈവം നിരവധി ഉത്തരവാദിത്തങ്ങളുമായി ഭൂമിയിലേക്ക് പ്രത്യേകമായി അയച്ചതാണെന്നാണ് മോദിയുടെ വാദം. ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുകയാണെന്നും ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു.
''ഏതൊരാളെയും പോലെയാണ് ഞാനും ജനിച്ചത് എന്നായിരുന്നു അമ്മ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ അമ്മ മരിച്ചപ്പോള്‍, എന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളെല്ലാം പരിശോധിച്ചുനോക്കിയപ്പോള്‍ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസിലായി. എന്റെ ശരീരത്തിലെ ഊര്‍ജം കേവലം ജൈവികമായ ഒന്നല്ല, തീര്‍ച്ചയായും അത് ദൈവികപരമാണ്. ലക്ഷ്യം നേടാന്‍ ദൈവം എനിക്ക് കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാല്‍ എന്തുകാര്യം ചെയ്യുമ്പോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസം.''മോദി പറയുന്നു.
ദൈവം ഭൂമിയില്‍ പലതും ചെയ്യാന്‍ വേണ്ടി തന്നെ തെരഞ്ഞെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ ഒന്നുമല്ല, ദൈവത്തിന് ചിലത് നടപ്പിലാക്കാനുള്ള ഉപകരണം മാത്രമാണ്. ഞാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെകില്‍ അത് ദൈവത്തിന്റെ ഇഷ്ടപ്രകാരം മാത്രമാണ്,' മോദി പറഞ്ഞു.
2019നെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇക്കുറി കൂടുതല്‍ സജീവമായതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇക്കുറി മോദിക്ക് കൂടുതല്‍ ഊര്‍ജം കൈവന്നതായി തോന്നുന്നുവെന്നും ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിരുന്നു. അതിനാണ് പ്രധാനമന്ത്രിയുടെ ഈ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."