HOME
DETAILS

ഭൂമി തരം മാറ്റത്തിന് ഇനി പ്രാദേശിക നിരീക്ഷണ സമിതിയുടെ അനുമതി വേണ്ട

  
എം.ഷഹീര്‍
May 24 2024 | 04:05 AM

The permission of the local monitoring committee is no longer required for  land-conversions

കൊച്ചി: ഭൂമി തരം മാറ്റം ആവശ്യപ്പെട്ടുള്ള ഭൂവുടമകളുടെ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് കര്‍ഷകര്‍ ഉള്‍പ്പെടുന്ന നിരീക്ഷണ സമിതിയുടെ ശുപാര്‍ശ ഒഴിവാക്കിയുള്ള എന്ന റവന്യൂ വകുപ്പ് അഡീഷ്ണല്‍ സെക്രട്ടറി ഇറക്കിയ സര്‍ക്കുലറിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് നെല്‍കൃഷി വന്‍തോതില്‍ കുറയുന്നതിന് ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ സര്‍ക്കുലര്‍ പ്രകാരം നിരീക്ഷണ സമിതി ശുപാര്‍ശ ചെയ്യാത്ത നിരവധി തണ്ണീര്‍ത്തടങ്ങള്‍ റവന്യൂ വകുപ്പ് തരം മാറ്റാന്‍ അനുമതി നല്‍കാനിടയുണ്ട്. കടുത്ത പാരിസ്ഥിതീക പ്രശ്‌നങ്ങളിലേക്കും ഈ ഉത്തരവ് വഴിവെച്ചേക്കുമെന്നും സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന ആവശ്യവും ഉയരുന്നു. ഭൂമി തരംമാറ്റത്തിനായി അടച്ച ഫീസിനത്തില്‍ 2017 മുതല്‍ സര്‍്ക്കാരിന് 1600 കോടി രൂപയാണ് ലഭിച്ചത്.തരംമാറ്റത്തിനായി ലഭിക്കുന്ന ഫീസില്‍ നിന്നുള്ള വരുമാനം നെല്‍കര്‍ഷകരുടെ ക്ഷേമത്തിനായി ചിലവിടുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ , നെല്‍കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പോലും മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ല.പുതിയ സര്‍ക്കുലര്‍ പ്രകാരം വന്‍തോതില്‍ തരം മാറ്റം നടക്കുന്നത് വഴി 15000 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

1968ലാണ് ഭൂമി തരം തിരിക്കുന്നത് സംബന്ധിച്ച് ആദ്യമായി നിയമം നടപ്പിലാക്കുന്നത്.റവന്യൂ വകുപ്പിന് പൂര്‍ണ അധികാരം നല്‍കിയിരുന്നത്. ഇതിന്റെ ഫലമായി വ്യാപകമായി തണ്ണീര്‍ത്തടങ്ങളു നെല്‍വയലുകളും വ്യാപകമായി നികത്തപ്പെട്ടു. ഇതിന് തടയിടാനായി് നാല് പതിറ്റാണ്ടിന് ശേഷം 2007ലാണ് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുന്നത്. കേരളത്തില്‍ നെല്‍കൃഷിയില്‍ വന്‍ തോതില്‍ കുറവ് വരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത്. ഇതിന് പുറമേ, വന്‍കിട ഭൂമിയിടപാടുകാര്‍ വന്‍തോതില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്ന സാഹചര്യവുമുണ്ടായിരുന്നു.നിയമത്തില്‍ തരംമാറ്റം സംബന്ധിച്ച അപേക്ഷകള്‍ പരിഗണിക്കുന്നതിന് പ്രാദേശിക നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു, പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കൃഷി ഓഫീസര്‍ കണ്‍വീനറുമായ സമിതിയില്‍ മൂന്ന് നെല്‍കര്‍ഷകരും ഉള്‍പ്പെടുന്നു. തരംമാറ്റത്തിന് അനുയോജ്യമാണോയെന്ന് സമിതി നേരില്‍ സന്ദര്‍ശിച്ച് ഉറപ്പു വരുത്തും.പ്രാദേശിക സമിതിയില്‍ പരിഹാരമാകാത്ത അപേക്ഷകള്‍ ജില്ലാ സമിതികളിലേക്കാണ് എത്തുക. ജില്ലാ തലസമിതിക്ക് രൂപം ജില്ലാ കലക്ടര്‍ രൂപം നല്‍കണം. ആര്‍.ഡി.ഒ ചെയര്‍മാനും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറും മൂന്ന് നെല്‍കര്‍ഷകര്‍ എന്നിവരടങ്ങുന്നതാണ് സമിതി. സമിതി ശുപാര്‍ശകള്‍ ജില്ലാ കലക്ടറുടെ പരിഗണനയ്ക്ക് നല്‍കും. സംസ്ഥാന തലത്തില്‍ കാര്‍ഷിക ഉല്‍പാദന കമ്മീഷണര്‍ കണ്‍വീനറും ലാന്റ് റവന്യൂ കമ്മീഷണര്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പരിസ്ഥിതി കാര്യ വിദഗ്ധര്‍ , നെല്‍കൃഷി ശാസ്ത്രജ്ഞര്‍ എന്നിവരടങ്ങുന്നതാണ് സമിതി.

നിലം നികത്തല്‍ തടഞ്ഞ് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കുകയെന്നതായിരുന്നു 2007ലൂടെ നിയമത്തിലൂടെ ലക്ഷ്യമിട്ടത്. നിയമം നിലവിലായതിനൊപ്പം തണ്ണീര്‍ത്തടങ്ങളുടെയും നെല്‍വയലുകളുടെയും വിവരങ്ങളടങ്ങിയ ഡാറ്റാ ബാങ്കിന് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.ഈ നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് നെല്‍കൃഷിയില്‍ കാര്യമായ വര്‍ധനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഭൂമിയുടെ വിവരങ്ങളടങ്ങിയ ഡാറ്റാ ബാങ്കുകളെ സംബന്ധിച്ചും പരാതികളുയര്‍ന്നു. കരഭൂമിയും കൃഷിഭൂമിയും നിര്‍ണയിക്കുന്നതില്‍ വ്യാപകമായി അപാകതളുമുണ്ടായി. ഡേറ്റാ ബാങ്കില്ലാത്ത പഞ്ചായത്തുകള്‍ പോലുമുണ്ടായിരുന്നു.

വെട്ടിനിരത്തല്‍ സമരത്തിന് നേതൃത്വം കൊടുത്തവര്‍ അധികാരത്തിലെത്തിയപ്പോള്‍ കേരളത്തിലെ തണ്ണീര്‍തടങ്ങളെയും നെല്‍കൃഷിയെയും മണ്ണിട്ട് മൂടുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി ഐപ് ആരോപിച്ചു.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."