കല്ലായി ലീഗ് ഓഫിസിനു നേരേ വീണ്ടും ആക്രമണം
കൂത്തുപറമ്പ്: അഞ്ചരക്കണ്ടി കല്ലായിയില്‍ മുസ്ലിംലീഗ് ഓഫിസിനു നേരെ വീണ്ടും സാമൂഹിക വിരുദ്ധരുടെ ആക്രമണം. ലീഗ് കല്ലായി ശാഖാ ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായത്. ഓഫിസിനകത്തും പുറത്തെ ചുമരിലും കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. പൂട്ട് തകര്‍ത്ത നിലയിലാണ്. ഇന്നലെ രാവിലെയാണ് അക്രമം ശ്രദ്ധയില്‍പ്പെട്ടത്. ഒരുമാസത്തിനിടെ നാലാം തവണയാണ് ഓഫിസ് ആക്രമിക്കപ്പെടുന്നത്. നേരത്തെ ഓഫിസിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, കാരംസ് ബോര്‍ഡ്, ഫ്ളക്സ് ബോര്‍ഡ്, പതാകകള്‍ എന്നിവ നശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം കല്ലായി ടൗണില്‍ മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു. യോഗം കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയ രാത്രിയാകാം ആക്രമണം നടന്നതെന്നു കരുതുന്നു. സംഭവത്തില്‍ മുസ്ലിംലീഗ് വേങ്ങാട് പഞ്ചായത്ത് ജനറല്‍സെക്രട്ടറി കെ.പി മുഹമ്മദലി കൂത്തുപറമ്പ് പൊലിസില്‍ പരാതി നല്കി. എസ്.ഐ കെ.ജെ വിനോയിയുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. നേതാക്കളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന് കല്ലായി, അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍, എന്‍.പി. താഹിര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."