ചേര്‍ത്തലയില്‍ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ: ചേര്‍ത്തല മുഹമ്മയില്‍ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുഹമ്മ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണു കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കാക്കയുടെ സാംപിള്‍, ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ പക്ഷിപ്പനിയാണെന്നു സൂചന ലഭിച്ചിരുന്നു.
ഇതുകൂടാതെ കഞ്ഞിക്കുഴി പഞ്ചായത്ത് 10ാം വാര്‍ഡില്‍ മറ്റത്തില്‍വെളിയില്‍ വീട്ടില്‍ കത്രീനാമ്മയുടെ കോഴി ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെ 2200 കോഴികളോളമുണ്ട്.
അതേസമയം ആലപ്പുഴക്ക് പുറമെ, കോട്ടയം, പത്തനംതിട്ട ജില്ലകളിലും പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ സംഘത്തെ നിയോഗിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. രണ്ടാഴച്ചക്കുള്ളില്‍ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
നിലവില്‍ കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, കുമരകം, അയ്മനം, ആര്‍പ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂര്‍, മാരാരിക്കുളം വടക്ക്, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാര്‍ഡുകള്‍, പട്ടണക്കാട്, വയലാര്‍, ചേന്നം പള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടി.വി പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണ് ജാഗ്രത മേഖലയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."