പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഇന്ന് മുതൽ നേടാം, ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ ഇന്ന് (ബുധനാഴ്‌ച) രാവിലെ 10 മുതൽ പ്രവേശനം നേടണം. ജൂൺ 21ന് വൈകീട്ട് അഞ്ച് വരെയാണ് പ്രവേശനം നേടാനുള്ള സമയം. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ആയതിനാൽ ഈ ഘട്ടത്തിൽ അഡ്മിഷൻ നേടിയവരും, മുൻപ് താത്കാലിക അഡ്മിഷൻ എടുത്തവരും ഇത്തവണ അഡ്മിഷൻ ഉറപ്പാക്കണം. ഇല്ലെങ്കിൽ ഇനി അലോട്ട്മെന്റ് വഴി പ്രവേശനം ലഭിക്കില്ല.
മൂന്നാം അലോട്മെന്റിന് ഒപ്പം സ്‌പോർട്സ് ക്വാട്ടയുടെ അവസാന അലോട്ട്‌മെന്റും പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്കുള്ള പ്രവേശനത്തിന്റെ അവസാന അലോട്ട്‌മെന്റ് റിസൽട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുധനാഴ്‌ച രാവിലെ 10 മുതൽ 20 വൈകീട്ട് 4 മണിവരെയാണ് സ്‌പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടാൻ അവസരം. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനം നേടുന്നവർ ബുധനാഴ്‌ച രാവിലെ 10 മുതൽ 21ന് വൈകീട്ട് അഞ്ച് വരെയുള്ള സമയത്തിനിടക്ക് അഡ്മിഷൻ നേടാൻ ശ്രദ്ധിക്കണം.
താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. അതിനാൽ വിദ്യാർഥികൾ അഡ്മിഷൻ ഉറപ്പാക്കണം. അതേസമയം, അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളെ ഇനി വരാനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. എന്നാൽ ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്മെന്റിൽ പുതിയ അപേക്ഷ നൽകാൻ അവസരം ഉണ്ടാകും. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയവർക്കും, ഫൈനൽ കൺഫർമേഷൻ നൽകാത്തതിനെ തുടർന്ന് അലോട്മെന്റ് നഷ്ടമായവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."