കോഹ് ലീ... സങ്കടമുണ്ട്, എങ്കിലും ഇതാണ് കളിനിര്‍ത്താന്‍ പറ്റിയ സമയം
ഏതു ബൗളറും അയാള്‍ക്ക് ഒരുപോലെയാണ്.
ടെസ്റ്റ്, വണ്‍ഡേ, ട്വന്റി... അങ്ങിനെ ഏത് ഫോര്‍മാറ്റിലും അയാള്‍ അതിന്റേതായ ശൈലിയില്‍ ബാറ്റേന്തും.
പ്രതാപകാലത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ എന്നും ഫോമില്‍.!
അതായിരുന്നു വിരാട് കോഹ്‌ലി.
പക്ഷേ കരിയര്‍ ഗ്രാഫിന്റെ അവസാന കാലത്ത് സച്ചിനെന്ന ഇതിഹാസം തപ്പിത്തടഞ്ഞത് നമ്മള്‍ വേദനയോടെ നോക്കിക്കണ്ടിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് സച്ചിന്‍ അവസാനമായി കളിച്ചത്.
ഐ.പി.എല്ലില്‍ പന്തെറിഞ്ഞ രണ്ടാംനിര ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറിയ ഒരു സച്ചിനുണ്ട്. നമ്മള്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ഒരു ലിറ്റില്‍ മാസ്റ്റര്‍.
ആ വെറ്ററണ്‍ സച്ചിനെ ഓര്‍മിപ്പിച്ച കോഹ്‌ലിയുണ്ടായിരുന്നു രണ്ട് മൂന്നു കൊല്ലം മുമ്പ്. 30 പിന്നിട്ട കോഹ്‌ലിയുടെ യുഗം കഴിഞ്ഞെന്ന് ഹേറ്റര്‍മാര്‍ വിധിയെഴുതി. എന്നാലിപ്പോള്‍ ഓരോ കളിയിലും അയാള്‍ മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നു, തന്റെ ബാറ്റ് കൊണ്ട്.
കോഹ്‌ലിയെ നമുക്ക് എഴുതി തള്ളാന്‍ കഴിയില്ല. കാരണം ഇന്ത്യ ജന്മം നല്‍കിയ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു കോഹ്‌ലി. സച്ചിനെപ്പോലെ കരിയറിന്റെ തുടക്കത്തില്‍ ചെറിയ ഇന്നിങ്‌സുകള്‍ തുടങ്ങി പിന്നീട് ആളിക്കത്തിയ ലെജന്‍ഡ്.
ക്രിക്കറ്റില്‍ സച്ചിന്‍ എഴുതിച്ചേര്‍ത്ത റെക്കോഡുകള്‍ എഡിറ്റ് ചെയ്ത് പുതിയത് ചേര്‍ക്കാന്‍ നിയോഗിക്കപ്പെട്ട താരമാണ് കോഹ്‌ലി.
വണ്‍ഡേ മാച്ചില്‍ കൂടുതല്‍ സെഞ്ച്വറി എന്ന റെക്കോഡ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലായിരുന്നു എങ്കില്‍ ഈ ജനുവരിയില്‍ അത് സ്വന്തം പേരിലാക്കി കോഹ്ലി. സെഞ്ച്വറിയില്‍ ഫിഫ്ടി തികച്ചു താരം.
സച്ചിന് ഇത്രയും സെഞ്ചുറികള്‍ നേടാന്‍ 463 മത്സരങ്ങള്‍ വേണ്ടിവന്നു. എന്നാല്‍ കോലി വെറും 278 മത്സരങ്ങളില്‍ നിന്ന് തന്നെ 47 സെഞ്ചുറി കണ്ടെത്തി.
ഏകദിനത്തില്‍ അതിവേഗത്തില്‍ 13,000 റണ്‍സ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോഡും കോഹ്‌ലി മറികടന്നു. 268 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 13,000 നേടിയത്. സച്ചിന് 13000 റണ്‍സിലെത്താന്‍ 321 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.
കരിയറിന്റെ തുടക്കത്തിലെ 12 കൊല്ലം കൊണ്ട് ഏകദിനത്തിലും ടെസ്റ്റിലുമായി 70 സെഞ്ച്വറി നേടിയ കോഹ്‌ലിക്ക് പിന്നീടൊരു ബ്രേക്ക് വരികയുണ്ടായി. ആ മാന്ത്രിക ബാറ്റില്‍നിന്ന് പിന്നീടൊരു 100 തികയ്ക്കാന്‍ മൂന്നുവര്‍ഷം കഴിയേണ്ടിവന്നു. ഇക്കാലത്ത് കോഹ്‌ലിയെപ്പോലൊരു പ്രതിഭയെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. അയാള്‍ വിമര്‍ശിക്കപ്പെട്ടു, അവഗണിക്കപ്പെട്ടു. ഫോം ഔട്ടിന്റെ പേരില്‍ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ പോലും ആക്ഷേപിക്കപ്പെട്ടു.
2019 ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായ രണ്ട് കളികളില്‍ സെഞ്ച്വറിയടിച്ച കോഹ്‌ലി പിന്നീട് 100 തികയ്ക്കാന്‍ വിയര്‍ക്കുകയായിരുന്നു. റണ്‍സ് യഥേഷ്ടം ഒഴുകിയ ആ ബാറ്റില്‍നിന്ന് പിന്നീടൊരു സെഞ്ച്വറി പിറന്നത് 2022 ഡിസംബറില്‍. അതായത് മൂന്നുവര്‍ഷം കഴിഞ്ഞ്... 25 മത്സരങ്ങള്‍ക്ക് ശേഷം.
പക്ഷേ സെഞ്ച്വറി പിറന്നില്ലെങ്കിലും തുടര്‍ച്ചയായി നാലുതവണയും മറ്റൊരിക്കല്‍ തുടര്‍ച്ചയായി മൂന്നുതവണയും ഫിഫ്ടി അടിച്ചിരുന്നു കോഹ്‌ലി. എന്നാല്‍ അത് മതിയായിരുന്നില്ല. ക്രിക്കറ്റിന് വളക്കൂറുള്ള ഇന്ത്യയില്‍ വിരാട് കോഹ്‌ലിയെന്നത് ഒരു ബ്രാന്‍ഡാണ്. ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ റൊണാല്‍ഡോയെയും ലയണല്‍ മെസ്സിയെയും പോലെ. ഫോം ഔട്ടായ കാലത്ത് തന്റെ ബ്രാന്‍ഡിനോട്, അതായത് വിരാട് കോഹ്‌ലിയെന്ന പ്രതിഭയോട് നീതിപുലര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ലെന്നത് നേരാണ്. അയാളുടെ കരിയറില്‍ ഡിക്ലൈന്‍ സംഭവിച്ചെന്ന് കമന്റര്‍മാരെ കൊണ്ട് പറയിപ്പിക്കാന്‍ ഇത് ധാരാളം.
പക്ഷേ സെഞ്ച്വറി ദാഹം തീര്‍ക്കുന്ന ഒരു കോഹ്‌ലിയെ കണ്ടു പിന്നീട്. 2022 ഡിസംബറിലായിരുന്നു അത്.
ബംഗ്ലാദേശിനെതിരെ 91 പന്തില്‍നിന്ന് 113 റണ്‍സെടുത്ത് തന്റെ സകല കലിപ്പും തീര്‍ക്കുന്നുണ്ട് കോഹ്‌ലി ആ കളിയില്‍. ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി കണ്ടെത്തിയ ആ ഇന്നിങ്‌സില്‍ ഇന്ത്യ അടിച്ചെടുത്തത് 409 റണ്‍സ്. ഇന്ത്യയുടെ നാലാമത്തെ ഉയര്‍ന്ന സ്‌കോര്‍.
അന്ന് മുപ്പത്തി ഏഴാം ഓവറില്‍ ഹോര്‍ഡറെ ലോങ് ഓണിലേക്ക് തട്ടിയിട്ട് സിംഗിളെടുത്ത് കോലി 100 തികക്കുമ്പോള്‍ കമന്ററി ഇങ്ങനെയായിരുന്നു.
That's the answer to life.. to the universe and everything else.
അതേ, തന്റെ ഹേറ്റേഴ്‌സിന് ഇതിനെക്കാള്‍ നിശബ്ദമായി മറുപടി കൊടുക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ അടുത്ത കളി ഗുവാഹതിയില്‍ ശ്രീലങ്കയ്‌ക്കെതിരെ. നിര്‍ത്തിയിടത്തുവച്ച് തുടങ്ങിയ കോഹ്‌ലിയുടെ ബാറ്റില്‍നിന്ന് അന്നും സെഞ്ച്വറി പിറന്നു.
അതിന് ശേഷവും കണ്ടു അഗ്രസീവായ കോഹ്‌ലിയെ, അതും നമ്മുടെ തിരുവനന്തപുരത്ത് വച്ച്.
110 പന്തില്‍ നിന്ന് 166 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ആ ഇന്നിങ്‌സിന് എട്ടു സിക്‌സറിന്റെ ചാരുതയും ഉണ്ടായിരുന്നു.
ഇന്നലെ രാത്രി ബാര്‍ബഡോസില്‍വച്ച് നമ്മള്‍ വീണ്ടും കണ്ടു ആ പഴയ വിന്റേജ് കോഹ്‌ലിയെ. കണ്ടിട്ടും മതിവരാത്ത ഫ്‌ലിക്ക് ഷോട്ടുകള്‍... റിസ്റ്റ് ഷോട്ടുകളും.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയതും ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചതും കോഹ ്‌ലിയാണ്. ടീം ഏറ്റഴുമധികം ആഗ്രഹിച്ച, ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ കോഹ്ലി തന്റെ വിശ്വരൂപം പുറത്തെടുത്തു.
എന്നാല്‍, ആ കോഹ്ലി ഈ ടി-20 ലോകകപ്പിലെ ഫൈനലൊഴികെയുള്ള മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തി.
ഗ്രൂപ്പ് ഘട്ടത്തില്‍ ദുര്‍ബലരായ അയര്‍ലണ്ടിനെതിരേ അഞ്ച് പന്തില്‍നിന്ന് ഒരു റണ്‍സ്.
ബംഗ്ലാദേശിനെതിരേ 28 പന്തില്‍നിന്ന് 37.
അഫ്ഗാനെതിരേ 24 പന്തില്‍നിന്ന് 24.
യു.എസിനെതിരേ ഗോള്‍ഡന്‍ ഡക്ക്.
പാകിസ്താനെതിരേ മൂന്ന് പന്തില്‍നിന്ന് നാല്.
സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 9 റണ്‍സ്.
സൂപ്പര്‍ 8ല്‍ ഓസീസിനെതിരേ 5 പന്തില്‍നിന്ന് പൂജ്യം.
അതിനാല്‍ ഫൈനലില്‍ ആരാധകര്‍ അദ്ദേഹത്തില്‍നിന്ന് വലിയ സംഭാവന പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, അവരെക്കൊണ്ട് നല്ലത് പറയിച്ച് അവസാന ഓവറുകള്‍ വരെ പിടിച്ചുനിന്നു. ഒരിക്കല്‍ കൂടി കുട്ടിക്രിക്കറ്റിലെ കനകക്കിരീടത്തില്‍ മുത്തമിടാന്‍ ടീമിന് കഴിഞ്ഞതില്‍ കോഹ് ലിക്ക് കൊടുക്കണം ആദ്യ നന്ദി. കിരീടം സ്വീകരിച്ച ശേഷം അദ്ദേഹം ടി-20 ഫോര്‍മാറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണമെന്ന് നാടന്‍ പഴഞ്ചൊല്ലുണ്ട്. വിരമിക്കല്‍ വാര്‍ത്തയില്‍ സങ്കമുണ്ടെങ്കിലും കോഹ് ലിയുടെ കാര്യത്തില്‍ കളിനിര്‍ത്താന്‍ ഏറ്റവും യോജിച്ച സമയമാണിത്. കാരണം ഇന്ത്യക്ക് വിശ്വകിരീടം സമ്മാനിച്ചാണ് അദ്ദേഹം കുട്ടി ക്രിക്കറ്റില്‍നിന്ന് പടിയിറങ്ങുന്നത്.
താങ്ക്യു വിരാട്
നിങ്ങളോട് ഈ രാജ്യവും അതിലെ കോടിക്കണക്കിന് ആരാധകരും കടപ്പെട്ടിരിക്കുന്നു.
Virat Kohli Retirement:
Kohli announces retirement from T20 International cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."