ദേശീയ പണിമുടക്ക്: ജില്ലയില്‍ അരലക്ഷം തൊഴിലാളികള്‍ അണിനിരക്കും
കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ രണ്ടിന് നടത്തുന്ന ദേശീയ പണിമുടക്കില്‍ ജില്ലയില്‍ വിവിധ മേഖലകളിലെ അരലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ പങ്കാളികളാകും.
പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സംയുക്ത ട്രേഡ് യൂനിയന്‍ ജില്ലാതല സമിതി യോഗം വിലയിരുത്തി. പ്രചാരണ പ്രവര്‍ത്തനത്തിലൂടെ ഇതിനകം പൊതുപണിമുടക്ക് സംബന്ധിച്ച സന്ദേശം എത്തിച്ചിട്ടുണ്ട്.
പണിമുടക്കിന് മുന്നോടിയായി സെപ്റ്റംബര്‍ ഒന്നിന് തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തും. സെപ്റ്റംബര്‍ രണ്ടിന് കല്‍പ്പറ്റ, കമ്പളക്കാട്, ബത്തേരി, മീനങ്ങാടി, അമ്പലവയല്‍, പുല്‍പള്ളി, കേണിച്ചിറ, പനമരം, വെള്ളമുണ്ട, മാനന്തവാടി, തലപ്പുഴ, കാട്ടിക്കുളം, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി, മേപ്പാടി എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ തൊഴിലാളി സത്യഗ്രഹങ്ങള്‍ നടക്കും. പാല്‍, പത്രം, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കാന്‍ ജില്ലാതല സമിതി തീരുമാനിച്ചു.
യാത്ര ഒഴിവാക്കിയും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും കടകമ്പോളങ്ങള്‍ അടച്ചും പണിമുടക്ക് വിജയിപ്പിക്കാന്‍ സംയുക്ത സമര സമിതി യോഗം അഭ്യര്‍ഥിച്ചു. പി.പി ആലി അധ്യക്ഷനായി.
കണ്‍വീനര്‍ പി.കെ മൂര്‍ത്തി, സി മൊയ്തീന്‍കുട്ടി, വി.വി ബേബി, എന്‍.ഒ ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു. സെംപ്റ്റംബര്‍ ആറിന് സംയുക്ത ട്രേഡ് യൂനിയന്‍ ജില്ലാതല സമിതിയുടെ നേതൃത്വത്തില്‍ സി ഭാസ്‌ക്കരന്‍ അനുസ്മരണ യോഗം കല്‍പ്പറ്റയില്‍ നടത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."