ഐ.ബി.പി.എസ് ക്ലർക്ക് പരീക്ഷയ്‌ക്കൊരുങ്ങാം
ബിരുദം കഴിഞ്ഞാൽ സുരക്ഷിതമായ ജോലി എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം പൂവണിയാൻ, ബാങ്കിങ് മേഖല ആഗ്രഹിക്കുന്നവർക്ക് ഐ.ബി.പി.എസ് പരീക്ഷ വരുന്നു. ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും വിവിധ തസ്തികകളിലേക്ക് പരീക്ഷകൾ നടത്തുന്ന ഒരു റിക്രൂട്ട്‌മെന്റ് ബോഡിയാണ് ഐ.ബി.പി.എസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സണൽ സെലക്ഷൻ).
രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ ക്ലറിക്കൽ തസ്തികകളിലേക്കും ഓഫിസർ തസ്തികകളിലേക്കും യോഗ്യരായ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിന് എല്ലാ വർഷവും ഐ.ബി.പി.എസ് ക്ലർക്ക്, പ്രൊബേഷനറി ഓഫിസർ (പി.ഒ ) പരീക്ഷകൾ നടത്തുന്നു. ബാങ്കിങിൽ കരിയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇതൊരു മികച്ച അവസരമാണ്.
ഐ.ബി.പി.എസ് പരീക്ഷകൾ വളരെ മത്സരാധിഷ്ഠിതമാണ്. വർഷം തോറും നടത്തുന്നു. ദശലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പങ്കെടുക്കുന്നു. തിരഞ്ഞെടുക്കൽ പ്രക്രിയയിൽ സാധാരണയായി പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, അഭിമുഖം എന്നിവ ഉൾപ്പെടുന്നു. ക്ലർക്ക് പരീക്ഷയ്ക്ക് അഭിമുഖമില്ല.
ഐ.ബി.പി.എസ് ക്ലർക്ക് 2024 പ്രിലിമിനറി പരീക്ഷ ഓഗസ്റ്റ് 24, 25, 31 തീയതികളിലും മെയിൻ പരീക്ഷ ഒക്ടോബർ 13നും നടക്കും. ജൂലൈ 21 ആണ് ക്ലർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. www.ibps.in. വെബസൈറ്റ് വഴി ഓൺലൈനായി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.
പി.ഒ പ്രിലിമിനറി പരീക്ഷ ഒക്ടോബർ 19, 20 തീയതികളിലും മെയിൻ നവംബർ 30നും നടക്കും. നോട്ടിഫിക്കേഷനും ഓൺലൈൻ രജിസ്ട്രേഷനും ഓഗസ്റ്റിൽ ആരംഭിക്കും. രണ്ട് പരീക്ഷയുടെയും യോഗ്യത ഡിഗ്രിയാണങ്കിലും ശമ്പളവും തസ്തികയും ഉയർന്നത്കൊണ്ടു പി.ഒ പരീക്ഷ ക്ലർക്ക് പരീക്ഷയേക്കാളും പ്രയാസകരമായിരിക്കും.
ക്ലർക്ക് പരീക്ഷാ ഘടന
പ്രിലിമിനറി (ഓൺലൈൻ)
ഇംഗ്ലിഷ് ഭാഷ: 30 ചോദ്യങ്ങൾ- 30 മാർക്ക്, സംഖ്യാശേഷി: 35 ചോദ്യങ്ങൾ- 35 മാർക്ക്, റീസണിങ് എബിലിറ്റി: 35 ചോദ്യങ്ങൾ- 35 മാർക്ക്. ആകെ: 100 ചോദ്യങ്ങൾ, 100 മാർക്ക്.
മെയിൻ (ഓൺലൈൻ)
ജനറൽ/ഫിനാൻഷ്യൽ അവയർനസ്: 50 ചോദ്യങ്ങൾ- 50 മാർക്ക്, ജനറൽ ഇംഗ്ലിഷ്: 40 ചോദ്യങ്ങൾ- 40 മാർക്ക്, റീസണിങ് എബിലിറ്റിയും കംപ്യൂട്ടർ അഭിരുചിയും: 50 ചോദ്യങ്ങൾ- 60 മാർക്ക്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്: 50 ചോദ്യങ്ങൾ- 50 മാർക്ക്, ആകെ: 190 ചോദ്യങ്ങൾ, 200 മാർക്ക്. പ്രിലിമിനറി പരീക്ഷയിൽ ലഭിച്ച മാർക്ക് അന്തിമ തിരഞ്ഞെടുപ്പിന് പരിഗണിക്കില്ല.
പ്രായപരിധി: ജനറൽ വിഭാഗത്തിന് 20-28 വയസ്. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ സാക്ഷരത: കംപ്യൂട്ടർ സിസ്റ്റങ്ങളിൽ പ്രവർത്തന പരിചയവും പ്രവർത്തന പരിജ്ഞാനവും നിർബന്ധം.
ക്ലർക്ക് പരീക്ഷയിൽ പങ്കെടുക്കുന്ന ബാങ്കുകൾ: ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് & സിന്ദ് ബാങ്ക്.
നേടാം, മിന്നും വിജയം
പരീക്ഷാ പാറ്റേൺ മനസ്സിലാക്കുക. പഠനപദ്ധതി തയാറാക്കുക. ദുർബലമായ മേഖലകൾ കണ്ടെത്തി അവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
പതിവായി പരിശീലിക്കുക. സമയ മാനേജ്മെന്റ് കഴിവുകൾ വികസിപ്പിക്കുക. അവസാന നിമിഷത്തെ സമ്മർദ്ദം ഒഴിവാക്കുക. മോക് ടെസ്റ്റുകൾ നടത്തുക,
ടൈംടേബിൾ ഉണ്ടാക്കി പഠിക്കുക.
ദേശീയ പരീക്ഷ ആയതുകൊണ്ടും പ്രധാന മത്സര പരീക്ഷയായതുകൊണ്ടും തയാറെടുപ്പ് മികച്ചതാകണം.
ഒരോ ദിവസവും 80 ശതമാനം സമയം പഠനത്തിൽ ഫോക്കസ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."