ജീര്‍ണിച്ച് മാലിന്യത്തില്‍ കുരുങ്ങി ജോയിയുടെ മൃതദേഹം
തിരുവനന്തപുരം: കാണാതായി മൂന്നു നാള് കഴിഞ്ഞ് ഒടുവില്‍ ജോയിയുടെ മൃതദേഹം കിട്ടുമ്പോള്‍ ആ ശരീരം ജീര്‍ണിച്ചു തുടങ്ങിയിരുന്നു. മനുഷ്യ വിസര്‍ജ്ജ്യം ഉള്‍പെടെ മാലിന്യം നിറഞ്ഞ ആ തോട്ടില്‍ മാലിന്യക്കൂമ്പാരത്തിനുള്ളില്‍ കമിഴ്ന്നു കിടക്കുന്ന രൂപത്തിലായിരുന്നു അയാള്‍.
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായിടത്തു നിന്നും വെറും ഒരു കിലോമീറ്റര്‍ അകലെ തകരപ്പറമ്പ് കനാലിലാണ് ജോയിയുടെ മൃതദേഹം പൊങ്ങിയത് . തോടിന്റെ സമാന്തര ടണലുകളില്‍ നിന്ന് വെള്ളം പാര്‍വതീപുത്തനാറിലേക്ക് ഒഴുകിയെത്തുന്ന വഴിക്കുള്ള കൈവരിയാണിത്. ജോയിയുടെ മൃതദേഹം കൈവരികളിലൂടെ ഒഴുകിപ്പോകാമെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എവിടെ വരെ മൃതദേഹം ഒഴുകിയെത്താം എന്നതായിരുന്നു ആശങ്ക. എന്നാല്‍ കരുതിയത് പോലെ സബ് ടണലുകള്‍ വഴി കനാലിലേക്ക് തന്നെ മൃതദേഹം ഒഴുകിയെത്തി.
പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തകരപ്പറമ്പ് ചിത്രാഹോമിന്റെ പിറകിലെ കനാലില്‍. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയും കലക്ടറടക്കം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
നിലവില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ് മൃതദേഹം. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കും. ജോയിയുടെ അമ്മയെ അടക്കം എത്തിച്ച് മൃതദേഹം സ്ഥിരീകരിച്ച ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.
രാവിലെ 9.30യോടെ ടണലിലേക്ക് നാവികസേന ഇറങ്ങി പരിശോധന തുടങ്ങവേയാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."